സിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല, അവരുടെ അജണ്ട വേറെയാണ്- വിശദീകരിച്ച് അണ്ണാമലൈ

ചെന്നൈ: സിജെപി പ്രതിഷേധത്തിനെതിരായ കേന്ദ്രനടപടിയെ വിമർശിച്ചതിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. തന്റെ പരാമർശങ്ങൾ സിജെപിയെ പിന്തുണയ്ക്കുന്ന വിധത്തിലാണെന്ന് വ്യാഖ്യാനിക്കരുതെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള, സിജെപി പ്രതിഷേധത്തിനെതിരായ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് സാമൂഹികമാധ്യമമായ എക്സിലൂടെ കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. പിന്നാലെയാണ്, വിശദീകരണവുമായി അണ്ണാമലൈ രംഗത്തെത്തിയത്.
കേന്ദ്രത്തെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും സിജെപി പ്രതിഷേധത്തിനുപിന്നിലെ കാരണങ്ങളെ പിന്തുണച്ചുകൊണ്ടുമാണ്, വ്യാഴാഴ്ച വീ ദ ലീഡേഴ്സ് പരിപാടിയിൽ അണ്ണാമലൈ സംസാരിച്ചത്.
'നാം ഒരിക്കലും കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കില്ല. അവരുടെ അജണ്ട വ്യത്യസ്തമാണ്, നമ്മുടേതും വ്യത്യസ്തമാണ്, അണ്ണാമലൈ പറഞ്ഞു. അതേസമയം, ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ പോരാടാനുള്ള അവകാശം എല്ലാ രാഷ്ട്രീയപാർട്ടികൾക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കൊല്ലം ആദ്യമാണ് അണ്ണാമലൈ, ബിജെപി വിട്ടതും സ്വന്തം രാഷ്ട്രീയ പ്രസ്ഥാനമായ വീ ദ ലീഡേഴ്സ് ആരംഭിച്ചതും.
ഒക്ടോബർ പത്താം തീയതി നടന്ന സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പോലീസ് നടപടിയെ വിമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ബിജെപി രംഗത്തെത്തിയത്. അതേസമയം, ദേശസ്നേഹത്തെക്കുറിച്ച് ആരിൽനിന്നും തനിക്ക് ക്ലാസ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ജീവിച്ചതിന്റെയും ജോലി ചെയ്തതിന്റെയും അനുഭവമുണ്ട്. ഇന്ത്യയുടെ ഏകതയെക്കുറിച്ചും പരമാധികാരത്തെക്കുറിച്ചും തനിക്കറിയാം. അതുകൊണ്ട് ആരും ദേശസ്നേഹം എന്നെ പഠിപ്പിക്കേണ്ടതില്ല, എന്നാണ് അണ്ണാമലൈ പറഞ്ഞത്.
Content Highlights: K. Annamalai clarified that he does not support CJP and their agenda is different., He earlier criticized the central government's action against CJP protests on social media., Annamalai launched his own political party 'We The Leaders' after leaving BJP earlier this year., He stated that he does not need lessons on patriotism from anyone.