അനില്‍ ആന്റണി നാഗാലാന്‍ഡിന്റേയും മേഘാലയയുടേയും പ്രഭാരി; കേരളത്തില്‍ ജാവദേക്കര്‍ തുടരും

പ്രകാശ് ജാവദേക്കര്‍, വി. മുരളീധരന്‍, അനില്‍ ആന്റണി | Photo: Mathrubhumi
പ്രകാശ് ജാവദേക്കര്‍, വി. മുരളീധരന്‍, അനില്‍ ആന്റണി | Photo: Mathrubhumi

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്ക് മേഘാലയുടേയും നാഗാലാന്‍ഡിന്റേയും സംഘടനാ ചുമതല. കേരളത്തിന്റെ പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജോയിന്റ് കോര്‍ഡിനേറ്ററായും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിയമിച്ചു.

എം.പി. അപരാജിത സാരംഗി കേരളത്തിന്റെ സഹ- പ്രഭാരിയാവും. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ ബിഹാറിന്റെ പ്രഭാരിയായി നിയമിച്ചു. എം.പി. ദീപക് പ്രകാശ് സഹപ്രഭാരിയാവും. ഒഡിഷ എം.പി. സാംബിത് പത്രയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാണയില്‍ സതീഷ് പുണിയ പ്രഭാരിയും സുരേന്ദ്ര നാഗര്‍ സിങ്ങ് സഹപ്രഭാരിയുമാവും. തരുണ്‍ ചുഗ്ഗിനാണ് ലഡാക്കിന്റേയും ജമ്മു കശ്മിരീന്റേയും ചുമതല. ഝാര്‍ഖണ്ഡില്‍ ലക്ഷ്മികാന്ത് ബാജ്‌പേയിയാണ് പ്രഭാരി. അന്‍ഡമാന്‍ നിക്കോബാര്‍, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ദാദ്ര നാഗര്‍ ഹവേലി- ദാമന്‍ ദിയു, ഗോവ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പുര്‍, മിസോറാം, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പ്രഭാരികളേയും സഹപ്രഭാരികളേയും നിയമിച്ചു.

Content Highlights: BJP appoints party's in-charge, co-incharge of several states