പുതുവത്സരാഘോഷം അതിരുവിട്ടു; ക്ഷേത്രത്തിൽ ആഭാസനൃത്തം, ആന്ധ്രയിൽ ക്ഷേത്ര ജീവനക്കാർക്കെതിരേ കേസ്

#ന്യൂസ് ഡെസ്‌ക്
Photo: x.com/ndtv/
Photo: x.com/ndtv/

അമരാവതി: ക്ഷേത്ര പരിസരത്ത് പാട്ടുവെച്ച് അശ്ലീലനൃത്തം ചെയ്ത സംഭവത്തിൽ ശ്രീശൈലം മല്ലികാർജുന അന്നസത്രയിലെ ജീവനക്കാർക്കെതിരേ കേസെടുത്ത് ആന്ധ്രപ്രദേശ് പോലീസ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് പോലീസ് നടപടി.

ശ്രീശൈലം ക്ഷേത്രവുമായി ബന്ധപ്പെട്ട സൗജന്യഭക്ഷണ സേവനകേന്ദ്രമാണ് മല്ലികാർജുന അന്നസത്ര. പുതുവത്സര ആഘോഷത്തിനിടെയായിരുന്നു സംഭവം. ചീഫ് സെക്യൂരിറ്റി ഓഫീസർ ബാബു നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അഞ്ച് ജീവനക്കാർക്കെതിരേ കേസെടുത്തത്. ക്ഷേത്ര നിയമങ്ങളും എൻഡോവ്മെന്റ് ആക്ടിലെ വ്യവസ്ഥകളും ലംഘിച്ചതിന് അന്നസത്ര ജീവനക്കാർക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പുണ്യ തീർഥാടന കേന്ദ്രത്തിന്റെ പരിസരത്ത് അശ്ലീല നൃത്തം അവതരിപ്പിച്ചതായി പരാതിയിൽ പറയുന്നു. ക്ഷേത്രത്തിനകത്തോ അനുബന്ധ പരിസരത്തോ നൃത്തം ചെയ്യുന്നതോ റീൽസ് റെക്കോർഡുചെയ്യുന്നതോ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ശ്രീശൈലം ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ് റാവു പറഞ്ഞു. ക്ഷേത്ര മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ക്ഷേത്ര അധികൃതരുടെ വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും, പുതുവത്സര സമയത്ത് ജീവനക്കാർ നിയമങ്ങളും മര്യാദകളും ലംഘിച്ചു. ഇത് ഭക്തർക്കിടയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ടെന്ന് ക്ഷേത്ര അധികാരി പറഞ്ഞു. ജീവനക്കാരുടെ പ്രവൃത്തികൾ ഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് മല്ലികാർജുന അന്നസത്ര ചെയർമാൻ ശ്യാം പറഞ്ഞു. അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം അഞ്ച് ജീവനക്കാരെയും അവരുടെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Content Highlights: Andhra Pradesh Police have registered a case against Srisailam temple staff for performing obscene dances with music on temple premises during New Year celebrations. Videos went viral.