ട്രംപൻ തീരുവ: ചെമ്മീൻ കയറ്റുമതിയിൽ ആന്ധ്രയ്ക്ക് 25,000 കോടിയുടെ നഷ്ടം; 50% ഓർഡറുകൾ റദ്ദാക്കപ്പെട്ടു

അമരാവതി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരീഫിൽ വലഞ്ഞ് ആന്ധ്രാപ്രദേശ്. ചെമ്മീൻ കയറ്റുമതിയിൽ 25,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. 50 ശതമാനത്തോളം ഓർഡറുകൾ റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രിമാരായ നിർമലാ സീതാരാമനും പീയുഷ് ഗോയലിനും അദ്ദേഹം കത്തയച്ചു.
അമേരിക്ക ഏർപ്പെടുത്തിയ താരീഫ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ചെമ്മീൻ കയറ്റുമതിയേയാണ്. 25,000 കോടിയോളം രൂപയുടെ നഷ്ടമാണ് ഇത് വരുത്തിവെച്ചത്. 50 ശതമാനത്തോളം ഓർഡറുകൾ റദ്ദാക്കി. കയറ്റുമതി ചെയ്യുന്ന 2000 കണ്ടെയ്നറുകളിൽ 600 കോടിയോളം രൂപ അധിക നികുതിയായി നൽകേണ്ടിവരുമെന്നും അദ്ദേഹം കേന്ദ്ര മന്ത്രിമാർക്ക് അയച്ച കത്തിൽ പറയുന്നു.
രാജ്യത്തെ ചെമ്മീൻ കയറ്റുമതിയുടെ 80 ശതമാനവും സമുദ്രോത്പന്ന കയറ്റുമതിയുടെ 34 ശതമാനവും ആന്ധ്രാപ്രദേശിൽനിന്നാണ്. പ്രതിവർഷം ഏകദേശം 21246 കോടി രൂപയുടെ വരുമാനമാണ് ആന്ധ്രയ്ക്ക് ഈ മേഖലയിൽനിന്ന് ലഭിക്കുന്നത്. ഈ മേഖലയിൽ ഏകദേശം 2.5 ലക്ഷം തൊഴിലാളി കുടുംബങ്ങളും അനുബന്ധ മേഖലകളിൽ 30 ലക്ഷത്തോളം ആളുകളും തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്.
യുഎസ് തീരുവ പ്രശ്നങ്ങൾ മറികടക്കാൻ ഇതിനകംതന്നെ ആന്ധ്രാ സർക്കാർ ആശ്വാസ നടപടികൾ ആരംഭിച്ചതായി ചന്ദ്ര ബാബു നായിഡു പറഞ്ഞു.
Content Highlights: Andhra Pradesh Shrimp Exports Face ₹25,000 Crore Loss Due to US Tariffs