‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് ഒരിക്കലും മറക്കില്ല’- മഹാറാലിക്കെതിരേ അമിത് ഷാ

#ന്യൂസ് ഡെസ്ക്
അമിത് ഷാ
അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഡൽഹിയിലെ മഹാറാലിക്കെതിരേ രൂക്ഷവിമർശനവുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. റാലി നടത്താൻ തിരഞ്ഞെടുത്ത തീയതി, സിഖ് വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് ഷാ പറഞ്ഞത്. 'സ്‌നേഹത്തിന്റെ കടയിൽ' നിന്ന് വെറുപ്പും വിദ്വേഷവും മാത്രമേ ജനങ്ങൾക്ക് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഛണ്ഡീഗഡിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഖ് വിരുദ്ധ കലാപത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്ന ഷായുടെ വിമർശനം. 1984 സിഖ് വിരുദ്ധ കലാപത്തിൽ ആയിരക്കണക്കിന് സിഖ് ജനത ക്രൂരമായി കൊല്ലപ്പെട്ടു. കോൺഗ്രസ് തീകൊളുത്തിയ കലാപമായിരുന്നു അത്. ആയിരക്കണക്കിന് ആളുകളെ ജീവനോടെ കത്തിച്ചു, ജനങ്ങൾ ഒറ്റപ്പെടുകയോ രക്ഷപ്പെട്ടോടുകയോ ചെയ്തു. കുഞ്ഞുങ്ങൾ അനാഥരായി, പല സ്ത്രീകളും വിധവകളാകപ്പെട്ടു. വീടും കിടപ്പാടുവും തകരുന്നത് നോക്കി നിൽക്കേണ്ട ഗതികേടിലായിരുന്നു പലരും. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്ന് നടത്തിയ ഒരു പരാമർശം ഒരിക്കലും മറക്കാനാവില്ല, വൻമരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. കോൺഗ്രസ് നേതാക്കൾക്ക് മാത്രമേ ഇത്തരം ക്രൂരമായ കൂട്ടക്കൊലയെ ഈ രീതിയിൽ വിശേഷിപ്പിക്കാനാവുകയുള്ളൂ. ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ പ്രേരിപ്പിച്ച കലാപങ്ങൾക്ക് ഇന്ത്യ മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ല, ഇനി ഒരിക്കലും വഹിക്കുകയുമില്ലെന്ന് അമിത് ഷാ പറഞ്ഞു.

'ആ കലാപം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ കലാപകാരികൾക്കെതിരേയുള്ള ഈ കേസ് വീണ്ടും തുറന്നു. ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. കലാപത്തിന് ആഹ്വാനം ചെയ്തവരെ ജയിലിലടച്ചു. ഇന്ന് കോൺഗ്രസ് പാർട്ടിയെ നോക്കൂ, രാജീവ് ഗാന്ധി പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ മകൻ ഇന്ന് ഡൽഹിയിൽ വലിയൊരു റാലി സംഘടിപ്പിച്ചിരിക്കുന്നു. കലാപത്തിന്റെ ഇരകളുടെ മുറിവിൽ ഉപ്പ് പുരട്ടിക്കൊണ്ടാണ് ഇതേ ദിവസം റാലി സംഘടിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ചെറുപ്പക്കാരനായതുകൊണ്ടോ, ചരിത്രം അറിയാത്തതുകൊണ്ടോ ആയിരിക്കും ഇതേ ദിവസം റാലി സംഘടിപ്പിച്ചത് എന്നാണ് ഞങ്ങൾ കരുതിയത്. അതിനാൽ നവംബർ 1,2,3 തീയതികളിൽ റാലി സംഘടിപ്പിക്കരുതെന്നും സിഖ് വിരുദ്ധ കലാപത്തിലെ ഇരകളുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നും അഭ്യർഥിച്ച് ഞങ്ങൾ പത്രസമ്മേളനം നടത്തി. എന്നാൽ അവർ കാർക്കശ്യം തുടർന്നു. ആയിരക്കണക്കിന് സിഖുകാരെ ജീവനോടെ കത്തിച്ച അതേ ദിവസം തന്നെ റാലി നടത്താൻ വിദേശത്ത് നിന്ന് ഉത്തരവുകൾ ലഭിച്ചിരിക്കുകയാണ്. ഈ നീചമായ ശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇന്ത്യയ്ക്കും പഞ്ചാബിനും ഇത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഷാ കൂട്ടിച്ചേർത്തു.

Content Highlights: Amit Shah criticized the INDIA bloc for organizing a Delhi mega rally on the date of the 1984 anti-Sikh riots., He accused Congress of instigating the 1984 riots and hurting Sikh sentiments., Shah highlighted that the Modi government reopened riot cases and provided compensation to victims., He condemned the opposition's persistence in holding the rally despite requests to change the dates.