സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചു: മകനും ആംബുലൻസ് ഡ്രൈവറുമടക്കം 4 പേർ മരിച്ചു

#ന്യൂസ് ഡെസ്ക്
അപകടത്തിൽപെട്ട ആംബുലൻസ് | സുബേദാര്‍ മേജര്‍ സത്യവാൻ
അപകടത്തിൽപെട്ട ആംബുലൻസ് | സുബേദാര്‍ മേജര്‍ സത്യവാൻ

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക ആംബുലൻസ് പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ സൈനികന്റെ മകനും സഹോദരനും അനന്തരവനും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നു.

ദിയോറിയ ജില്ലയിലെ രുദ്രാപുർ മേഖലയിലുള്ള ഗാലിയ ദുധൈല്ല ഗ്രാമവാസിയായ സുബേദാർ മേജർ സത്യവാന്റെ മൃതദേഹം വഹിച്ച് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാവിലെ 8 മണിയോടെ അയോധ്യ-സുൽത്താൻപുർ അതിർത്തിക്ക് സമീപമുള്ള ഹാലിയാപ്പുർ മേഖലയിൽ പൂർവാഞ്ചൽ എക്സ്പ്രസ്വേയിലെ 79.6-ാം കിലോമീറ്റർ മാർക്കിന് സമീപമാണ് അപകടം നടന്നത്.

സുബേദാർ മേജറിന്റെ മകൻ ഗൗരവ് സിങ് (28), സഹോദരൻ രാജൻ ചൗധരി (35), അനന്തരവൻ റാം സമുജ് സിങ് (40) ആംബുലൻസ് ഡ്രൈവർ ജസ്പാൽ (30) എന്നിവരാണ് മരിച്ചത്. എക്സ്പ്രസ്വേയിലൂടെ സഞ്ചരിക്കവെ നിയന്ത്രണംവിട്ട ആംബുലൻസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടയിൽ ആംബുലൻസ് പൂർണമായും തകർന്നു.

അപകടസ്ഥലത്തുവച്ചുതന്നെ ഗൗരവ് സിങ്ങും ഡ്രൈവർ ജസ്പാലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജൻ ചൗധരി, റാം സമുജ് സിങ് എന്നിവരെ അയോധ്യ ജില്ലയിലെ പിത്ല-കുമാർഗഞ്ചിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസ് മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അപകടവിവരം മരിച്ചവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്.

സൈനികന്റെ അവസാന യാത്രയ്ക്കിടെയുണ്ടായ ദുരന്തം കുടുംബത്തിലെ മുഴുവൻ പുരുഷന്മാരുടെയും ജീവനെടുക്കുന്നതിനാണ് ഇടയാക്കിയിരിക്കുന്നത്. സുബേദാർ മേജർ സത്യവാന്റെ മൃതദേഹം തുടർനടപടികൾ പൂർത്തിയാകുന്നതുവരെ ഹാലിയാപുർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് സുൽത്താൻപുർ എസ്.പി. വിനീത് ജയ്സ്വാളും ജില്ലാ മജിസ്ട്രേറ്റ് ഇന്ദ്രജീത് സിങ്ങും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Content Highlights: A military ambulance carrying the body of Subedar Major Satyavan collided with a parked truck on the Purvanchal Expressway, resulting in the deaths of four individuals, including the soldier's son, brother, relative, and the ambulance driver. The accident occurred near the Ayodhya-Sultanpur border, and the ambulance was completely destroyed upon impact; two victims died on the spot, while two others succumbed to injuries in the hospital.