പവാർ ഇല്ലാത്ത മഹായുതി, ഷിന്ദെയെ മെരുക്കാൻ ഫഡ്നവിസിന് ഇനിയാര് തുണ?

#ന്യൂസ് ഡെസ്ക്
ദേവേന്ദ്ര ഫഡ്‌നവിസ്, ഏക്‌നാഥ് ഷിന്ദേ, അജിത് പവാര്‍ | Photo: ANI
ദേവേന്ദ്ര ഫഡ്‌നവിസ്, ഏക്‌നാഥ് ഷിന്ദേ, അജിത് പവാര്‍ | Photo: ANI

മുംബൈ: “കരുത്തനും വിശാലമനസ്കനുമായ അടുത്ത സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്”, ബുധനാഴ്ച വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ദാരുണവും ആകസ്മികവുമായ മരണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. എൻസിപിയും ബിജെപിയും ആശയപരമായി വ്യത്യസ്തമായിരുന്നിട്ടും പവാർ ഫഡ്‌നവിസുമായി വ്യക്തിപരമായി മികച്ച ബന്ധവും ശക്തമായ പ്രവർത്തന ബന്ധവും പുലർത്തിയിരുന്നു. പവാറിന്റെ മരണം ഭരണകക്ഷിയായ മഹായുതിയിൽ ഒരു ചലനമുണ്ടായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സഖ്യത്തിലെ മറ്റൊരു പങ്കാളിയായ ശിവസേനയുടെ ഏക്നാഥ് ഷിന്ദെയെ നിയന്ത്രിച്ചിരുന്നത് പവാറായിരുന്നുവെന്നത് ഫഡ്നവിസിനെ സംബന്ധിച്ച് ആശ്വാസകരമായിരുന്നു. കോൺഗ്രസ്, ശിവസേന, ബിജെപി എന്നീ കക്ഷികളുമായി പ്രവർത്തിക്കാൻ കഴിവുള്ള ഒരു പ്രായോഗിക രാഷ്ട്രീയക്കാരനായിരുന്നു ‘ദാദ’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന പവാർ. എട്ട് തവണ എം‌എൽ‌എ ആയി പ്രവർത്തിച്ച പവാറിന്റെ അപ്രതീക്ഷിത മരണം ഫഡ്‌നവിസിന് വലിയ നഷ്ടമാണ്.

2019ൽ സർക്കാർ രൂപവത്കരിക്കാൻ ഒരുമിച്ച് പവാറും ഫഡ്നവിസും ഏവരേയും ഞെട്ടിച്ചിരുന്നു. സർക്കാർ കേവലം 72 മണിക്കൂർ മാത്രമാണ് നീണ്ടുനിന്നത്. തുടർന്ന് ഉദ്ധവ് താക്കറെ സർക്കാരിന്റെ കീഴിൽ പവാർ ഉപമുഖ്യമന്ത്രിയായി. ഫഡ്‌നവിസ് പ്രതിപക്ഷത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ അവർക്കിടയിൽ യാതൊരു ശത്രുതയുമില്ലായിരുന്നു. 2022 ൽ ശിവസേനയിൽ കലാപം ഉയർത്തി ഷിന്ദെ ഉദ്ദവ് സർക്കാരിനെ താഴെയിട്ടു. പിന്നാലെ ഷിന്ദെയെ മുഖ്യമന്ത്രിയാക്കിയും ഫഡ്നവിസിനെ ഉപമുഖ്യമന്ത്രിയാക്കിയും മഹായുതി സർക്കാർ അധികാരത്തിലെത്തി. 2023 ൽ പവാർ-ഫഡ്‌നവിസ് ജോഡി വീണ്ടും ഒന്നിച്ചു. തന്റെ അമ്മാവൻ ശരദ് പവാറിനെതിരെ അജിത് പവാർ കലാപം നടത്തുകയും എൻസിപിയെ പിളർത്തുകയും ചെയ്തപ്പോഴായിരുന്നു അത്. ഷിന്ദെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ അവരുടെ വിഭാഗം ഭാഗമായതോടെ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം നേടി. 

2024 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം നിർണായകഘട്ടം വന്നു. മഹായുതിക്ക് വ്യക്തമായ ജനവിധിയുണ്ടായിട്ടും മുഖ്യമന്ത്രി പദത്തിനായി ഷിന്ദെ കഠിനമായ വിലപേശൽ നടത്തിയതോടെ സംഘർഷസാഹചര്യം ഉടലെടുത്തു. മാധ്യമങ്ങളോട് പ്രതികരിക്കവെ സർക്കാർ രൂപവത്കരണത്തെക്കുറിച്ച് ഷിന്ദെ അവ്യക്തമായ മറുപടികൾ നൽകിയപ്പോൾ എൻസിപിയുടെ നിരുപാധിക പിന്തുണ ബിജെപി നയിക്കുന്ന സഖ്യത്തിനാണെന്ന് പ്രഖ്യാപിച്ച് അജിത് പവാർ മുന്നോട്ട് വന്നു. ഒടുവിൽ ഷിന്ദെ വഴങ്ങി. രണ്ട് ആഴ്ചകൾക്ക് ശേഷം, ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി കൃഷി, ജലസേചന, ഗ്രാമവികസന മേഖലകളിലെ പ്രധാന നയങ്ങൾ രൂപവത്കരിക്കുന്നതിൽ ഫഡ്‌നവിസ് സർക്കാരിനെ പവാർ സഹായിച്ചു. പവാറിന്റെ മരണത്തോടെയും ഫഡ്‌നവിസിന് ഷിന്ദെയെ ഒറ്റയ്ക്ക് നേരിടേണ്ടി വരും. ശിവസേനയുടെ ശക്തനായ നേതാവിനെതിരെ ബിജെപിയ്ക്ക് ഉണ്ടായിരുന്ന ഏകസ്വാധീനം പവാറായിരുന്നു. സമീപകാല ബി‌എം‌സി, നഗരസഭാ തിരഞ്ഞെടുപ്പുകൾ ഇതിന് ഉദാഹരണമാണ്. വ്യക്തമായ ജനവിധിയുണ്ടായിട്ടും, ബിജെപി-സേന സഖ്യത്തിന് മേയറെ തീരുമാനിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മേയർ പദവിക്കായി ഷിന്ദെ കഠിനമായ വിലപേശൽ നടത്തുകയും റൊട്ടേഷണൽ സംവിധാനം ആവശ്യപ്പെടുകയും ചെയ്തതായിരുന്നു കാരണം. പുതിയ ബി‌എം‌സി കോർപ്പറേറ്റർമാരെ ഷിന്ദെ രണ്ട് ദിവസത്തേക്ക് മുംബൈ റിസോർട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഇപ്പോൾ, അജിത് പവാറിന് ശേഷം ശക്തനായ ഒരു എൻസിപി നേതാവ് ഇല്ലാത്തതിനാൽ, ഷിന്ദെയ്ക്ക് സർക്കാരിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. ഇത് ഫഡ്‌നവിസിന് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്, മഹാരാഷ്ട്രയുടെ രാഷ്ട്രീയ സാഹചര്യത്തിലെ പുതിയ യാഥാർത്ഥ്യവുമായി- അജിത് പവാർ ഇല്ലാത്ത ഒരു മഹായുതി എന്ന യാഥാർഥ്യവുമായി ഫഡ്നവിസിന് അതീവ ശ്രദ്ധാപൂർവ്വം ഇടപഴകേണ്ടി വരും.

Content Highlights: Maha Vikas Aghadi shaken by Ajit Pawar`s sudden death. Devendra Fadnavis mourns loss of a trusted ally and political strategist. Impact on Maharashtra govt.