'എവിടെ തടയുന്നോ, അവിടെ ജന്തർ മന്തർ'; പുതിയ തന്ത്രവുമായി പാറ്റകൾ, സമരം തുടരുമെന്ന് പ്രഖ്യാപിച്ച് അജിങ്ക്യ ഷിൻഡെ

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് പ്രഖ്യാപിച്ച് പാർട്ടിയുടെ പുതിയ ദേശീയ ഓർഗനൈസേഷൻ ഇൻ-ചാർജ്ജായി ചുമതലയേറ്റ അജിങ്ക്യ ഷിൻഡെ. സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് എത്തിയ സിജെപിയുടെ സ്ഥാപകനായ അഭിജീത് ദീപ്‌കെ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് ഷിൻഡെ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്.

പ്രതിഷേധക്കാരോട് ജന്തർമന്തറിലേക്ക് വരാൻ ആഹ്വാനം ചെയ്ത ഷിൻഡെ, പോലീസ് തടയുന്നിടത്ത് വെച്ച് തന്നെ സമരം ആരംഭിക്കാൻ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'നമ്മുടെ ഒത്തൊരുമ കണ്ട് സർക്കാർ ഭയന്നിരിക്കുന്നു. ദയവായി ജന്തർ മന്തറിലേക്ക് വരൂ. വഴിയിൽ പോലീസ് നിങ്ങളെ തടയുകയാണെങ്കിൽ, നിങ്ങൾ അവിടം ജന്തർ മന്തറാക്കൂ, സമരം തുടരൂ.' ഷിൻഡെ പറഞ്ഞു.

മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഷിൻഡെ, മുൻപ് ആം ആദ്മി പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ്. ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളുടെ അറസ്റ്റിനെ തുടർന്നാണ് സംഘടനയെ മുന്നോട്ട് നയിക്കാനുള്ള പ്രധാന ഉത്തരവാദിത്തം അദ്ദേഹത്തിലേക്ക് എത്തിച്ചേർന്നത്. സിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദീപ്‌കെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

'നിങ്ങൾ ഈ വീഡിയോ കാണുന്നുവെങ്കിൽ ഞാൻ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർ അറസ്റ്റിലായി എന്നാണ് അതിനർത്ഥം. ഞങ്ങളുടെ അസാന്നിധ്യത്തിൽ പ്രക്ഷോഭത്തിനും സിജെപി പ്രസ്ഥാനത്തിനും അജിങ്ക്യ ഷിൻഡെ നേതൃത്വം നൽകും. ദയവായി അദ്ദേഹത്തെ പിന്തുടരുക.' ദീപ്‌കെ വീഡിയോയിൽ വ്യക്തമാക്കി. പിന്നാലെയാണ്, സിജെപി പ്രതിഷേധം തുടരും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഷിൻഡെ ആദ്യ പ്രഖ്യാപനം നടത്തിയത്.

ജന്തർമന്തറിലേക്ക് മുന്നേറാനും പോലീസ് തടയുന്നിടത്തെല്ലാം പ്രതിഷേധിക്കാനും ഷിൻഡെ അനുയായികളോട് അഭ്യർത്ഥിച്ചു. പ്രതിഷേധക്കാർ ജന്തർമന്തറിലേക്ക് എത്തുന്നത് തടയാനുള്ള പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ്, മുംബൈയിൽ നിന്നുമെത്തിയ വിമാനത്തിൽ വെച്ച് ദീപ്‌കെ, ദാസ്, രങ്ക എന്നിവരെ കസ്റ്റഡിയിലെടുത്തത്.

ആരാണ് അജിങ്ക്യ ഷിൻഡെ?

മഹാരാഷ്ട്രയിൽ നിന്നുള്ള 35-കാരനായ അജിങ്ക്യ ഷിൻഡെ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. ആം ആദ്മി പാർട്ടിയിൽ (AAP) മുഴുവൻ സമയ പ്രവർത്തകനായി ചേരുന്നതിന് മുമ്പ് പുണെയിലെ ഒരു അന്താരാഷ്ട്ര ഐടി സ്ഥാപനത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. അലിബാഗിലെ കർഷകരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ പിന്നീട് ലാതൂരിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

വർഷങ്ങളായി ദീപ്‌കെയുടെ അടുത്ത അനുയായിയാണ് ഷിൻഡെ. 2016-ൽ ഗോവയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതും. ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് പിംപ്രി-ചിഞ്ച്വഡിലെ എഎപി കൺവീനറായി പ്രവർത്തിച്ചുവരികയായിരുന്നു. എഎപിയുടെ ഗോവ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരു വർഷം നീക്കിവെച്ചെങ്കിലും സീറ്റ് നേടാനായില്ല.

തുടർന്ന് എഎപിയുടെ മഹാരാഷ്ട്ര ടീമിലേക്ക് മാറിയ അദ്ദേഹം സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററായും മഹാരാഷ്ട്ര യൂത്ത് വിങ് കൺവീനറായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ദീപ്‌കെ അദ്ദേഹത്തെ സിജെപിയുടെ ദേശീയ ടീമിലേക്ക് കൊണ്ടുവരികയും നാഷണൽ ഓർഗനൈസേഷൻ ഇൻ-ചാർജ് ചുമതല ഏൽപ്പിക്കുകയും ചെയ്തത്.

എന്നാൽ ഈ നിയമനം തർക്കരഹിതമായിരുന്നില്ല; ദീപ്‌കെ തന്റെ അടുത്ത അനുയായികൾക്ക് പാർട്ടിയിൽ മുൻഗണന നൽകുന്നുവെന്ന് ഗുജറാത്തിൽ നിന്നുള്ള രണ്ട് വോളന്റിയർമാർ ആരോപിച്ചിരുന്നു. പാർട്ടി ശ്രേണിയിൽ ദീപ്‌കെ, രങ്ക, ദാസ് എന്നിവർക്ക് തൊട്ടുതാഴെയാണ് ഷിൻഡെയുടെ സ്ഥാനം. മുൻനിര നേതാക്കൾ തടങ്കലിലായപ്പോൾ പ്രസ്ഥാനത്തെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് പാർട്ടിയിൽ അദ്ദേഹത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.

Content Highlights: Ajinkya Shinde has taken over as the national organization in-charge of the Cockroach Janata Party (CJP) and announced continued protests at Delhi's Jantar Mantar, following the arrest of key leaders including founder Abhijeet Dipke.