തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; വിമാനത്തില്‍ കേരളത്തിലെ എംപിമാരും

പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്‌. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ട്. യാത്രക്കാരെല്ലാരും സുരക്ഷിതരാണ്.

എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരിക്കുന്നത്. വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കും. വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: Air India Flight Makes Emergency Landing in Chennai