തെലങ്കാനയിൽ MLA-മാരുടെ സത്യപ്രതിജ്ഞ ഇന്ന്; AIMIM നേതാവ് സ്പീക്കറായ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് BJP

ടി. രാജ സിങ്, അക്ബറുദ്ദീന്‍ ഒവൈസി
ടി. രാജ സിങ്, അക്ബറുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: തെലങ്കാനയിലെ പ്രോടെം സ്പീക്കറായ അക്ബറുദ്ദീന്‍ ഒവൈസിയ്‌ക്കെതിരേ ബി.ജെ.പി നേതാവ് ടി. രാജ സിങ്. എ.ഐ.എം.ഐ.എം നേതാവായ ഒവൈസി പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് രാജ സിങ് അറിയിച്ചിരിക്കുന്നത്. ഒവൈസിയുള്ള വേദിയിലെ സത്യപ്രതിജ്ഞ താന്‍ ഉള്‍പ്പെടെയുള്ള എല്ലാ ബി.ജെ.പി നേതാക്കളും ബഹിഷ്‌കരിക്കുമെന്ന് രാജ സിങ് പറഞ്ഞു. 

തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നാണ് രാജ സിങ് വിജയിച്ചത്. ജീവിച്ചിരിക്കുന്നിടത്തോളംകാലം എ.ഐ.എം.ഐ.എമ്മിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജ സിങ് വ്യക്തമാക്കി. 'അക്ബറുദ്ദീന്‍ ഒവൈസി ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ്. അത്തരത്തിലൊരാളുടെ മുന്നില്‍ നിന്നുവേണോ ഞാന്‍ സത്യപ്രതിജ്ഞ ചൊല്ലാന്‍?  അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ബി.ജെ.പി എം.എല്‍.എമാരും സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനില്‍ക്കും. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഗവര്‍ണറെ കാണും', രാജ സിങ് വീഡിയോയിലൂടെ പറഞ്ഞു. 2018-ലും രാജ സിങ് സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പറഞ്ഞിരുന്നു. അന്നും എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവായിരുന്നു സ്പീക്കര്‍. 

തലമുതിര്‍ന്ന എം.എല്‍.എമാരെയാണ് സാധാരണയായി പ്രോടെം സ്പീക്കറായി തിരഞ്ഞെടുക്കാറെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഒവൈസിയെ തിരഞ്ഞെടുത്തതെന്നും രാജ സിങ് ചോദിച്ചു. കെ. ചന്ദ്രശേഖര്‍ റാവുവിനെപ്പോലെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും എ.ഐ.എം.ഐ.എമ്മിനെ ഭയക്കുകയാണെന്ന് രാജസിങ് പറഞ്ഞു.  

തെലങ്കാനയിലെ ബി.ജെ.പി അധ്യക്ഷനായ ജി. കിഷന്‍ റെഡ്ഡിയും രാജ സിങ്ങിന്റെ നിലപാടിനൊപ്പമാണ്. ഒവൈസിയെ പ്രോടെം സ്പീക്കറായി നിയമിച്ചതില്‍ ബി.ജെ.പി നേരത്തേതന്നെ പ്രതിഷേധമറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് ഒവൈസി പ്രോടെം സ്പീക്കറായി സ്ഥാനമേറ്റത്. ശനിയാഴ്ച തന്നെയാണ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കുന്നത്.

Content Highlights: AIMIM Leader Made Telangana Interim Speaker, Then A Boycott Call By BJP MLA