പരിധി 3000 കി.മീ.: ആണവായുധവാഹശേഷിയുള്ള അഗ്നി 3 മിസൈൽ പരീക്ഷണം വിജയം

ചാന്ദിപുർ (ഒഡിഷ) : ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ആണവായുധവാഹശേഷിയുള്ള മധ്യദൂര ഭൂഖണ്ഡാന്തര മിസൈൽ അഗ്നി 3-ന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയം. 3000-3500 കിലോമീറ്റർവരെയാണ് ദൂരപരിധി. ഒഡിഷയിലെ ചാന്ദിപുർ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. 50 ടണ്ണാണ് ഭാരം. 1500 കിലോഗ്രാം പേലോഡ് വഹിക്കാൻ ശേഷിയുണ്ട്. പരീക്ഷണത്തിലൂടെ മിസൈലിൻ്റെ പ്രവർത്തന, സാങ്കേതിക ഘടകങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1, 2,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-2, 3,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-3, 4,000 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ കഴിവുള്ള അഗ്നി-4, 5,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-5 എന്നിവയാണ് പരമ്പരയിലെ മിസൈലുകൾ.
Content Highlights: India Successfully Test-Fires Nuclear-Capable Agni-3 Ballistic Missile