അമേരിക്കയുടെ അടക്കം ഉപരോധമുള്ള കപ്പലുകൾ വിലക്കി അദാനി പോർട്സ്; റഷ്യൻ എണ്ണ ഇറക്കുമതിയേയും ബാധിക്കും

മുംബൈ: അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കർകപ്പലുകൾ തങ്ങളുടെ അധീനതയിലുള്ള തുറമുഖങ്ങളിൽ വിലക്കി അദാനി പോർട്സ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയായ അദാനി പോർട്സ് ഗുജറാത്തിലെ മുന്ദ്രയടക്കം പതിന്നാലോളം തുറമുഖങ്ങളാണ് ഇന്ത്യയിൽ നടത്തിവരുന്നത്. നടപടി ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുടെ വരവിനെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകൾ വഴിയാണ് ഇന്ത്യൻ തീരത്തേക്കെത്തുന്നത്. ഉപരോധം വന്നതിനുശേഷം രജിസ്ട്രേഷനില്ലാത്ത ഷാഡോ ടാങ്കറുകൾ വഴിയും റഷ്യൻ എണ്ണയുടെ നീക്കം നടക്കുന്നുണ്ട്. പഞ്ചാബിലെ ഭട്ടിൻഡയിലുള്ള എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡിന്റെ റിഫൈനറിയിലേക്ക് അസംസ്കൃത എണ്ണ എത്തിക്കുന്നത് അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഈ തുറമുഖം എണ്ണയെത്തിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതേസമയം, കമ്പനികൾ അദാനി പോർട്സ് തീരുമാനം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഐക്യരാഷ്ട്ര സഭയുടെ ഉപരോധം മാത്രമാണ് ഇന്ത്യ പരിഗണിക്കാറുള്ളത്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഉപരോധം കണക്കിലെടുക്കാറില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റു തുറമുഖങ്ങളിൽ ഈ കപ്പലുകൾ അടുപ്പിക്കുന്നതിന് നിലവിൽ തടസ്സങ്ങളില്ല. അദാനിഗ്രൂപ്പിനെതിരേ അമേരിക്കയിൽ കേസ് വരുകയും ഇത് ഒഴിവാക്കാനുള്ള കമ്പനിയുടെ ശ്രമം തടസ്സപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽക്കൂടിയാണ് അദാനി പോർട്സിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.
അന്താരാഷ്ട്രതലത്തിൽ തുറമുഖങ്ങളുടെ നടത്തിപ്പും മറ്റുമുള്ള അദാനി ഗ്രൂപ്പ് കമ്പനികളെ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധങ്ങളിൽനിന്ന് സംരക്ഷിക്കാനുള്ള മുൻകരുതലായും ഈ നീക്കത്തെ കാണുന്നുണ്ട്.
Content Highlights: Adani Ports bans tankers sanctioned by US, UK, and EU, potentially affecting Russian oil supply