നേഹ സിങ് റാത്തോഡിനെതിരെ ലൈംഗികച്ചുവയുള്ള വ്യാജ വാർത്ത; മാപ്പുപറഞ്ഞ് എബിപി ന്യൂസ് ചാനൽ, കോടതിയിൽ കാണാമെന്ന് ഗായിക

ന്യൂഡൽഹി: ഭോജ്പുരി നാടൻപാട്ട് ഗായികയും സാമൂഹിക മാധ്യമങ്ങളിലെ സജീവ സാന്നിധ്യവുമായ നേഹ സിങ് റാത്തോഡിനെക്കുറിച്ച് ലൈംഗികച്ചുവയുള്ള തെറ്റായ വാർത്ത നൽകിയതിൽ മാപ്പുപറഞ്ഞ് ഹിന്ദി വാർത്താ ചാനലായ എബിപി ന്യൂസ്. നേഹയുമായി ബന്ധമുള്ള ഹോസ്റ്റലിൽ പെൺവാണിഭം നടക്കുന്നുവെന്നും പോലീസ് പരിശോധന നടത്തിയെന്നുമായിരുന്നു ചാനലിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ വന്ന വാർത്ത. ശനിയാഴ്ചയാണ് ചാനൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്. വ്യാപക വിമർശനമുയർന്നതോടെയാണ് ചാനൽ മാപ്പ് പറഞ്ഞത്.
'നേഹ സിങ് റാത്തോഡുമായി ബന്ധപ്പെട്ട ഹോസ്റ്റലിൽ സെക്സ് റാക്കറ്റോ? പോലീസ് റെയ്ഡ് നടത്തി' എന്ന അടിക്കുറിപ്പോടെയാണ് വ്യാജവാർത്താ വീഡിയോ പ്രചരിപ്പിച്ചത്. പിന്നാലെ നേഹ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. തന്നെ ലൈംഗികത്തൊഴിലാളിയായും 'കോൾ ഗേളാ' ചിത്രീകരിച്ച് അപമാനിക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് അവർ ആരോപിച്ചു. സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിൽ മാധ്യമങ്ങൾ തന്നെ അപമാനിക്കുകയാണെന്നും നേഹ സമൂഹമാധ്യമമായ എക്സിലെ കുറിപ്പിൽ പറഞ്ഞു.
സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം വാർത്തകൾക്കെതിരെ ദേശീയ വനിതാ കമ്മിഷൻ ഇടപെടണമെന്നും നേഹ ആവശ്യപ്പെട്ടു. ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ പെൺമക്കളുടെ അന്തസ്സിനെപ്പോലും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് പറഞ്ഞ നേഹ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിപ്പിൽ വിമർശിച്ചു. രാജ്യത്തെ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നായിരുന്നു നേഹയുടെ ആരോപണം.
വാർത്ത തെറ്റാണെന്ന് സമ്മതിച്ച എബിപി ന്യൂസ് മണിക്കൂറുകൾക്കകം ഖേദപ്രകടനം നടത്തി. 'നേഹ സിങ് റാത്തോഡുമായി ബന്ധപ്പെട്ട ഒരു വാർത്ത എബിപി നെറ്റ്വർക്കിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടു. തെറ്റായ വാർത്ത സംപ്രേഷണം ചെയ്തതിൽ ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.' -ഇതാണ് എബിപി ന്യൂസ് പ്രസ്താവനയിൽ പറഞ്ഞത്.
എന്നാൽ മാപ്പപേക്ഷ അംഗീകരിക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും നേഹ വ്യക്തമാക്കി. ആദ്യം ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തിൽ വാർത്ത നൽകുകയും വിമർശനം ഉയരുമ്പോൾ മാപ്പുപറയുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു. വ്യാജവാർത്ത തന്റെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിച്ചെന്നും നേഹ വ്യക്തമാക്കി. ക്ഷമാപണമല്ല, നീതിയാണ് വേണ്ടതെന്നും കോടതിയിൽ കാണാമെന്നും അവർ എക്സിൽ കുറിച്ചു.
സംഭവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ ഉൾപ്പെടെ നിരവധി പേർ നേഹയെ പിന്തുണച്ചും എബിപി ന്യൂസിനെ വിമർശിച്ചും രംഗത്തെത്തി. തെറ്റായ വാർത്ത എങ്ങനെ സംപ്രേഷണം ചെയ്തുവെന്ന് ചാനൽ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന മാധ്യമപ്രവർത്തനമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്. ചെറിയ പിഴവായി ഇതിനെ കാണാനാവില്ല. സ്ത്രീയെ അപമാനിക്കുന്ന വാർത്തയുടെ ഉത്തരവാദിത്വം ചാനൽ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Hindi news channel ABP News issued an apology after publishing a sexually suggestive fake report about Bhojpuri singer Neha Singh Rathore, who rejected the apology and announced legal action against the outlet.