12 കോടി പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കി, ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രു- അഭിജീത് ദിപ്കെ

#ന്യൂസ് ഡെസ്ക്
അഭിജീത് ദിപ്കെ | Photo: PTI
അഭിജീത് ദിപ്കെ | Photo: PTI

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ 'ഇന്ത്യയുടെ ശത്രു' എന്ന് വിശേഷിപ്പിച്ച ദിപ്കെ, അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തുകയല്ല മറിച്ച് തിരക്കഥയെഴുതുകയാണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിച്ചു.

'12 കോടിയിലധികം പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്തതായി റിപ്പോർട്ടുണ്ട്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രജിസ്റ്റർചെയ്ത 97 കോടി വോട്ടർമാരിൽ ഏകദേശം 12.4% വരും ഇത്. ബിജെപി നയിക്കുന്ന എൻഡിഎയും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസം വെറും 2% മാത്രമായിരുന്നു. ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് നടത്തുകയല്ല, തിരക്കഥ തയ്യാറാക്കുകയാണ്', അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു.

ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര ഭിന്നതകൾ ചൂണ്ടിക്കാട്ടിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പുകമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയതാണ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷൻ. എസ്ഐആറുമായി ബന്ധപ്പെട്ട് സുഖ്ബീറും വിവേകും പലവട്ടം വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നെന്നാണ് വിവരം. സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ കമ്മിഷന്റെ തീരുമാനങ്ങൾക്കെതിരെ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഫോം 6-ൽ വരുത്തിയ മാറ്റങ്ങളാണ് പ്രധാന തർക്കവിഷയങ്ങളിലൊന്നായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പുതിയ വോട്ടർമാർ തങ്ങളോ തങ്ങളുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ അവസാന എസ്.ഐ.ആർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സാക്ഷ്യപ്പെടുത്തണമെന്ന് നിർബന്ധമാക്കിയ മാറ്റം നവവോട്ടർമാരെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് സന്ധുവും ജോഷിയും മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്ഐആർ) ഉൾപ്പെടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നെന്ന് കമ്മിഷൻ വൃത്തങ്ങൾ പിന്നീട് പ്രതികരിച്ചു. കമ്മിഷന്റെ ആഭ്യന്തര ചർച്ചകളിൽ അംഗങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അന്തിമമായി കമ്മിഷൻ എടുക്കുന്ന തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറയുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കും മൂന്ന് അംഗങ്ങളുടെയും അംഗീകാരമുണ്ടായിരുന്നെന്നും കമ്മിഷൻ വ്യക്തമാക്കി.