എഎപിയിലെ പിളർപ്പ്,കൂറുമാറ്റം:പാർട്ടി തീരുമാനിക്കാത്ത ലയനത്തിന് സാധുതയുണ്ടോ, സുപ്രീംകോടതി ഇടപെടുമോ?

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭയിലെ പത്ത് അംഗങ്ങളിൽ ഏഴ് പേർ, അതായത് മൂന്നിൽ രണ്ടുപേർ ബി.ജെ.പി.യിൽ ലയിച്ചതോടെ കൂറുമാറ്റ നിരോധന നിയമം വീണ്ടും ചർച്ചയാവുകയാണ്. പാർട്ടിനേതൃത്വം പറയാതെ, അതിന്റെ സഭയിലെ അംഗങ്ങൾ മാത്രം തീരുമാനിച്ചാൽ നടത്താവുന്നതാണോ ലയനമെന്നും അങ്ങനെയെങ്കിൽ അതിന് സാധുതയുണ്ടോയെന്നുമാണ് ചോദ്യമുയരുന്നത്. ഇതിന് കൃത്യവും വ്യക്തവുമായ ഉത്തരം ലഭിക്കാൻ ബന്ധപ്പെട്ട ഭരണഘടനാ വകുപ്പിന്റെ ആഴത്തിലുള്ള വ്യാഖ്യാനം ആവശ്യമായിവരും.
1985-ൽ 52-ാം ഭരണഘടനാ ഭേദഗതി വഴിയാണ് പത്താംപട്ടികയിലൂടെ കൂറുമാറ്റ നിരോധനനിയമം കൊണ്ടുവന്നത്. പാർട്ടിയുടെ പിളർപ്പും ലയനവുമായിരുന്നു കൂറുമാറ്റം ബാധകമാകാതിരിക്കാനുണ്ടായിരുന്ന ഇളവുകൾ. എന്നാൽ, കൂറുമാറ്റത്തിന് സാധുത ലഭിക്കാൻ ‘പിളർപ്പ്’ ദുരുപയോഗിച്ചുതുടങ്ങിയതോടെ 2003-ൽ 91-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇളവ് ‘ലയന’ത്തിന് മാത്രമാക്കി. പാർട്ടിയുടെ സഭയിലെ മൂന്നിൽ രണ്ടംഗങ്ങൾ മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ അവർക്കോ പഴയ പാർട്ടിയിൽ തുടരുന്നവർക്കോ കൂറുമാറ്റം വഴിയുള്ള അയോഗ്യത വരില്ല. ഇതാണ് ആപ്പിന്റെ കാര്യത്തിൽ സംഭവിച്ചത്. ലയനം രാജ്യസഭാധ്യക്ഷൻ അംഗീകരിക്കുകയും ചെയ്തു.
അതേസമയം, ഏഴ് പേരെയും എം.പി.സ്ഥാനത്തുനിന്ന് അയോഗ്യരാക്കാൻ സഭാധ്യക്ഷന് ആപ്പിന്റെ രാജ്യസഭാ നേതാവ് സഞ്ജയ് സിങ് പരാതി നൽകിയിട്ടുണ്ട്. അയോഗ്യതാ വിഷയത്തിൽ സഭാധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്നും അത് കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും ഭരണഘടനയിൽ പറയുന്നു. എന്നാൽ, 1992-ലെ കിഹോതോ ഹോളോഹാൻ കേസിൽ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും അധ്യക്ഷന്റെ തീരുമാനം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണെന്നും സുപ്രീംകോടതി വിധിക്കുകയുണ്ടായി.
ഭരണഘടനയിൽ പറയുന്നത്:
മൂന്നിൽ രണ്ട് അംഗങ്ങൾ മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ കൂറുമാറ്റം ബാധകമാവില്ലെന്ന് പറയുന്നത് ഭരണഘടനയുടെ പത്താം പട്ടികയിലെ നാലാം ഖണ്ഡികയിലാണ്. ആദ്യ പാർട്ടി മറ്റൊന്നിൽ ലയിക്കുകയും അതിന്റെ സഭയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ അതിൽ അംഗങ്ങളാവുകയും ചെയ്താൽ അയോഗ്യത വരില്ലെന്നാണ് ഇതിൽ പറയുന്നത്. ആദ്യ (ഒറിജിനൽ) പാർട്ടി മറ്റൊന്നിൽ ലയിക്കലും സഭയിലെ അംഗങ്ങളിൽ മൂന്നിൽ രണ്ടുപേർ അതിൽ ചേരുന്നതും രണ്ട് നടപടികളായി കാണണമെന്ന് വാദിക്കുന്നവരുണ്ട്. ഇത് ശരിവെച്ചാൽ ആം ആദ്മി പാർട്ടി ബി.ജെ.പി.യിൽ ലയിച്ചിട്ടില്ലെന്നിരിക്കേ അതിലെ സഭാംഗങ്ങളുടെ നടപടിക്ക് സാധുതയുണ്ടാവില്ല.
അതേസമയം, പാർട്ടിയുടെ സഭാംഗങ്ങളിൽ മൂന്നിൽ രണ്ടുപേർ അംഗീകരിച്ചാൽ ലയനം നടന്നതായി കരുതപ്പെടുമെന്ന് പത്താം പട്ടികയിലെ നാലാം ഖണ്ഡികയുടെ രണ്ടാം ഉപഖണ്ഡികയിൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ അയോഗ്യത വരില്ല.
കോടതിയിലെത്തിയാൽ:
അയോഗ്യതാ പരാതി രാജ്യസഭാധ്യക്ഷൻ തള്ളിയാൽ ആം ആദ്മി പാർട്ടി കോടതിയെ സമീപിച്ചേക്കാം. അപ്പോഴും എന്ത് തീരുമാനിക്കണമെന്ന് സഭാധ്യക്ഷന് നിർദേശം നൽകാൻ കോടതിക്ക് പരിമിതിയുണ്ട്. അധ്യക്ഷന്റെ തീരുമാനത്തിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ എന്നാകും കോടതി മുഖ്യമായും പരിശോധിക്കുക. അയോഗ്യതാ പരാതിയിൽ സഭാധ്യക്ഷൻ എപ്പോൾ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. അതിനാൽ തീരുമാനം എത്രവേണമെങ്കിലും വൈകിപ്പിക്കലാണ് മറ്റൊരു സാധ്യത.
Content Highlights: Two-thirds of AAP Rajya Sabha members joined BJP triggering debate on the 10th Schedule., The 91st Constitutional Amendment (2003) allows defection only through party mergers., Legal debate exists on whether individual members can decide on a merger without party leadership consent., The Supreme Court's Kihoto Hollohan verdict allows judicial review of the Speaker's decision on disqualification., The Speaker's decision timeline remains indefinite, creating a significant constitutional loophole.