തൂക്കുസഭയെന്ന് സര്‍വേ:അസമിലെത്തി അര്‍ദ്ധരാത്രി ഹിമന്തയുമായി മേഘാലയ മുഖ്യമന്ത്രിയുടെ ചര്‍ച്ച

ഗുവാഹാട്ടി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തി. മേഘാലയ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ സര്‍വേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചര്‍ച്ച.
മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി അധ്യക്ഷനുമായ കോൺറാഡ് സാങ്മ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ബിജെപി ഉള്‍പ്പെട്ട മേഘാലയ ഡെമോക്രാറ്റിക് സഖ്യം എന്ന പേരിലായിരുന്നു ഇവര്‍ നേരത്തെ അധികാരത്തിലേറിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പായി എന്‍പിപി ബിജെപി സഖ്യം ഉപേക്ഷിക്കുകയായിരുന്നു.
തൂക്കു സഭയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ടാണ് തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപിയുമായി സഖ്യരൂപീകരണത്തിന് എന്‍പിപി തയ്യാറെടുക്കുന്നത്. അസം തലസ്ഥാനമായ ഗുവാഹാട്ടിയിലുള്ള ഒരു ഹോട്ടലില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു രണ്ടു മുഖ്യമന്ത്രിമാരും ചര്‍ച്ച നടത്തിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ചുക്കാന്‍ പിടിക്കുന്നത് ഹിമന്ത ബിശ്വ ശര്‍മയാണ്.
കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത 2015-ലാണ് ബിജെപിയിലെത്തിയത്. പിന്നീട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് നിലംതൊടാനായിട്ടില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി മികച്ച ബന്ധം പുലര്‍ത്തുന്നയാളാണ് ഹിമന്ത.
മേഘാലയയ്ക്ക് പുറമെ, നാഗാലാന്‍ഡ്, ത്രിപുര നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും വ്യാഴാഴ്ചയാണ്. ത്രിപുരയില്‍ ബിജെപിയും നാഗാലാന്‍ഡില്‍ ബിജെപി സഖ്യവും അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍ പ്രവചിച്ചിട്ടുള്ളത്.
Content Highlights: A Midnight Meeting Of 2 Chief Ministers Day Before Meghalaya Result