മോഷ്ടിക്കപ്പെട്ട കാറിൽ കുടുങ്ങി 12-കാരി; ഒടുവിൽ 230 കിലോമീറ്റർ അകലെ മോചനം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ചെന്നൈ: മോഷ്ടിക്കപ്പെട്ട കാറിലകപ്പെട്ട 12-കാരി പെൺകുട്ടി 230 കിലോമീറ്റർ ദൂരെയെത്തിയ ശേഷം രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ ശിവഗംഗയിലെ ജൻമനാട്ടിൽനിന്ന് ചെന്നൈയിലേക്കു വരുകയായിരുന്ന കുടുംബത്തിന്റെ കാർ ഞായറാഴ്ച രാത്രി വൈകി ഗുഡുവഞ്ചേരിയിൽ നിർത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കാറിലുണ്ടായിരുന്ന ഭാര്യയും ഭർത്താവും അവർ നടത്തുന്ന ഭക്ഷണശാല സന്ദർശിക്കാൻ പുറത്തിറങ്ങി. ഈ സമയം മകൾ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എ.സി. പ്രവർത്തിക്കുന്നതുകൊണ്ട് എൻജിൻ ഓഫ് ചെയ്യാതെയാണ് അവർ ഇറങ്ങിയത്.

ആളില്ലാതെ എൻജിൻ പ്രവർത്തിക്കുന്ന കാറു കണ്ട മോഷ്ടാവ് അതുമായി സ്ഥലംവിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 230 കിലോമീറ്റർ അകലെ ശീർകാഴിയിലെത്തിയപ്പോൾ കുട്ടി ഉണർന്നു കരഞ്ഞു. അപ്പോഴാണ് പിന്നിൽ ബാലികയുണ്ടായിരുന്നെന്ന കാര്യം മോഷ്ടാവ് അറിഞ്ഞത്.

കുട്ടിയുടെ കരച്ചിൽ മാറ്റാൻ ഭക്ഷണമെന്തെങ്കിലും വാങ്ങാൻ മോഷ്ടാവ് പുറത്തിറങ്ങി. അതിനിടെ പുറത്തിറങ്ങിയ കുട്ടി അടുത്തുള്ള ഓട്ടോ ഡ്രൈവർമാരോട് വിവരം പറഞ്ഞു. അവർ കുട്ടിയെ ശീർകാഴി പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

അപ്പോഴേക്കും മോഷ്ടാവ് കാറുമായി കടന്നുകളഞ്ഞിരുന്നു. കാറും മകളും കാണാതെ പോയെന്നു മനസ്സിലായ ദമ്പതിമാർ പരാതിപ്പെട്ടതനുസരിച്ച് അപ്പോഴേക്ക് ചെന്നൈ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കുട്ടി സുരക്ഷിതയായി മാതാപിതാക്കളുടെയടുത്തെത്തി. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടാൻ ശ്രമം തുടരുകയാണ്.

Content Highlights: A 12-year-old girl sleeping in the backseat of an idling car stolen in Chennai's Guduvanchery escaped safely 230 km away in Sirkazhi after alerting local auto drivers, who took her to the police station.