രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് 'രാഷ്ട്രീയം കലര്‍ന്ന ഫാഷനായി'; ഹര്‍ജിയുമായി ശശികുമാര്‍

കെ ശശികുമാര്‍ | Photo: കെകെ സന്തോഷ്|മാതൃഭൂമി
കെ ശശികുമാര്‍ | Photo: കെകെ സന്തോഷ്|മാതൃഭൂമി

ന്യൂഡല്‍ഹി: ഐപിസി സെക്ഷന്‍ 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ സുപ്രിം കോടതിയെ സമീപിച്ചു. 

അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ ഷോങ്കര്‍, തുളസി കെ രാജ് എന്നിവര്‍ മുഖേനെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് രാഷ്ട്രീയവത്കരിക്കപ്പെട്ട ഫാഷനായി മാറിയെന്ന് ശശികുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

2016 മുതല്‍ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നതില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. 2016ല്‍ 35 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്തത്. 2019ല്‍ അത് 93 ആയി വര്‍ധിച്ചു. ഈ 93 കേസുകളില്‍ 17 ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ശിക്ഷിക്കുന്ന കേസുകളും കുറവാണ്‌. 3.3 ശതമാനമാണ് ശിക്ഷാ നിരക്ക്,' ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

2019ല്‍ 21 ഓളം കേസുകള്‍ തെളിവുകളുടെ അഭാവം കാരണം അവസാനിപ്പിച്ചിട്ടുണ്ട്. രണ്ട് കേസുകള്‍ വ്യാജമാണെന്നും ആറ് കേസുകള്‍ സിവില്‍ തര്‍ക്കങ്ങളാണെന്ന് കണ്ടെത്തിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് ദുവ, സിനിമാ സംവിധായിക ആയിഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പരാമര്‍ശിച്ചായിരുന്നു ശശി കുമാറിന്റെ ഹര്‍ജി.

Content Highlights: