എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി; മുസ്ലിം നേതാക്കളുടെ കൂട്ടരാജി

ബെംഗളൂരു: ബി.ജെ.പി. നേതൃത്വം നല്കുന്ന എന്‍.ഡി.എ.യുമായി സഖ്യത്തിലായതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയിലെ മുസ്ലിം നേതാക്കള്‍ രാജിവെക്കുന്നു. ജെ.ഡി.എസ്. സീനിയര്‍ വൈസ് പ്രസിഡന്റ് സയിദ് ഷഫിയുള്ള രാജിവെച്ചു. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എന്‍.എം. നബി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി മുന്‍ പ്രതിനിധി മൊഹിദ് അല്‍ത്താഫ്, യുവജനവിഭാഗം പ്രസിഡന്റ് എന്‍.എം. നൂര്‍, മുന്‍ ന്യൂനപക്ഷ വിഭാഗം മേധാവി നാസിര്‍ ഹുസൈന് ഉസ്താദ് തുടങ്ങിയവരും പാര്‍ട്ടി വിട്ടേക്കും.
മതേതര പാര്‍ട്ടിയായിട്ടും ജെ.ഡി.എസ്. എന്‍.ഡി.എ. മുന്നണിയില്‍ ചേര്‍ന്നതില്‍ അതൃപ്തരാണെന്ന് സയിദ് ഷഫിയുള്ള പറഞ്ഞു. മുസ്ലിംങ്ങള്‍ മാത്രമല്ല മതേതര ഹിന്ദുക്കളും പാര്‍ട്ടി തീരുമാനത്തില്‍ അതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് വലിച്ചിട്ടവരുമായി തന്നെ കൂട്ടുകൂടിയിരക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജെഡിഎസ് ശിവമോഗ പ്രസിഡന്റ് എം.ശ്രീകാന്തടക്കമുള്ളവരും രാജിവെച്ചിട്ടുണ്ട്. എന്‍ഡിഎയ്ക്കൊപ്പം ചേരാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കില്ലെന്ന് കേരള ഘടകവും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് കേരളത്തിലെ ജെഡിഎസിന്റെ സംസ്ഥാന സമിതി വിളിച്ചിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നത് സംബന്ധിച്ചടക്കം ഇതില്‍ തീരുമാനമുണ്ടാകും.
Content Highlights: "No Option But To...": JDS Karnataka Vice President Quits After BJP Tie-Up