'താങ്ങാനാകാത്ത ദുരന്തം', സൗദി ബസ് അപകടത്തില്‍ മരിച്ചത് ഒരേ കുടുംബത്തിലെ 18 പേര്, മൂന്ന് തലമുറയില്‍പ്പെട്ടവര്‍

ഹൈദരാബാദ്: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകരിൽ 18 പേർ ഒരേ കുടുംബത്തിലുള്ളവർ. ഒന്‍പത് കുട്ടികളടക്കം ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ടവർ. ഹൈദരാബാദ് സ്വദേശികളായ ഇവർ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
"എൻ്റെ ഭാര്യാസഹോദരി, ഭാര്യാസഹോദരൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ, പേരക്കുട്ടികൾ എന്നിവരാണ് (ഉംറയ്ക്ക്) പോയത്. എട്ട് ദിവസം മുൻപാണ് അവർ പോയത്. ഉംറ കഴിഞ്ഞ് അവർ മദീനയിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ 1.30-ഓടെയാണ് അപകടമുണ്ടായത്. ബസ് പൂർണ്ണമായും കത്തിനശിച്ചു. അവർ ശനിയാഴ്ച മടങ്ങിയെത്തേണ്ടതായിരുന്നു," ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുവായ മുഹമ്മദ് ആസിഫ് എൻഡിടിവിയോട് പറഞ്ഞു.
ദുരന്തം സംഭവിക്കുന്നതിന് മുൻപ് വരെ തങ്ങൾ ബന്ധുക്കളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് ആസിഫ് പറഞ്ഞു. ഒരു കുടുംബത്തിലെ 18 പേർ - ഒന്‍പത് മുതിർന്നവരും ഒന്‍പത് കുട്ടികളും - മരിച്ചു. ഇത് താങ്ങാനാകാത്ത ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരിൽ തൻ്റെ ബന്ധുക്കളായ നസറുദ്ദീൻ (70), ഭാര്യ അക്തർ ബീഗം (62), മകൻ സലാഹുദ്ദീൻ (42), പെൺമക്കളായ ആമിന (44), റിസ്വാന (38), ഷബാന (40) എന്നിവരും അവരുടെ കുട്ടികളുമുണ്ടെന്ന് ആസിഫ് പറഞ്ഞു.
വാഹനാപകടത്തിൽ മരിച്ച 42 പേരിൽ ഭൂരിഭാഗവും ഹൈദരാബാദ് സ്വദേശികളാണ്. മദീനയിൽ നിന്ന് 30 കിലോമീറ്റർ അകലെ വെച്ച് ഇവർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാരിൽ ഭൂരിഭാഗവും ഉറങ്ങുന്ന സമയത്ത് രാത്രി വൈകിയാണ് അപകടമുണ്ടായത്. അതിനാൽത്തന്നെ ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിച്ചപ്പോൾ അവർക്ക് പെട്ടെന്ന് രക്ഷപ്പെടാനായില്ല.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. "പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. പരിക്കേറ്റവരെല്ലാം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. നമ്മുടെ ഉദ്യോഗസ്ഥർ സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്", അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഹെൽപ്പ്ലൈനും ആരംഭിച്ചിട്ടുണ്ട്. ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ - 8002440003. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ദുരന്തത്തിനിരയായ കുടുംബങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകും. അവർക്ക് ധൈര്യമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Content Highlights: Tragedy strikes as a bus crash near Medina, Saudi Arabia kills 42 Indian pilgrims, including 18 from a single family. Learn about the victims and ongoing relief efforts.