കോവിഡ് 19 - ബഹ്റൈന്‍ വിമാനത്താവളത്തില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നു

-
-

മനാമ : ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ബഹ്റൈനിലും നടപടികള്‍ ശക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ആരോഗ്യ, സുരക്ഷാ നടപടികള്‍ ഏര്‍പെടുത്തുവാന്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി തീരുമാനിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസഫ് അല്‍ ബിന്‍ ഫലാഹ് അറിയിച്ചു. 

എയര്‍ ലൈന്‍ സ്റ്റാഫ്, എയര്‍പോര്‍ട്ട് സ്റ്റാഫ്, യാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ടെര്‍മിനലില്‍ പ്രവേശനം അനുവദിക്കുകയുള്ളു. യാത്രക്കാരില്‍ മൈനര്‍ ആയിട്ടുള്ളവര്‍ക്കു ഒരാളെ കൂടെ കൊണ്ടുപോകാം. കൂടാതെ ഒറ്റയ്ക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കുമൊപ്പം ഒരാള്‍ക്ക് പ്രവേശനം അനുവദിക്കും. ഈ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു. 

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ആഹ്വാനം ചുവടു പിടിച്ചാണ് ബഹ്റൈനിലും ഇത് നടപ്പാക്കുന്നത്. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കര്ശനമായ നിര്‍ദേശങ്ങളും പാലിക്കപ്പെടുമെന്ന ഉറപ്പോടെ നടപടികള്‍ കര്ശനമാക്കാനാണ് തീരുമാനം. യാത്രക്കാരുടെയും, വിമാനത്താവളത്തിലെയും എയര്‍ ലൈന്‍ കമ്പനികളുടേയും ജീവനക്കാരുടെയും ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. 

കോവിഡ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബഹ്റൈന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചുള്ള നടപടികള്‍ പാലിക്കപെടുന്നുണ്ട്. രോഗവ്യാപനം തടയുന്നതില്‍ യാത്രക്കാര്‍ക്ക് വലിയ പങ്കാണുള്ളത്. ഇത് മനസ്സിലാക്കി അധികൃതരുമായി സഹകരിക്കണം. പുതിയ നടപടിയുടെ ഭാഗമായി, എല്ലാ യാത്രക്കാരും മാസ്‌കുകള്‍ ധരിക്കുന്നതുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മാസ്‌ക്കുകളും സാനിറ്റൈസറുകളും ഡിസ്‌പോസബിള്‍ ഗ്ലൗസുകളും വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള പിപിഇ വെന്‍ഡിങ് മെഷീനില്‍നിന്നും ലഭ്യമാക്കുന്നതാണ്. വിമാനം പുറപ്പെടുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്നത് കൃത്യമായി പാലിക്കണം. ബോര്‍ഡിങ്ങിനു മുമ്പായി എല്ലാ യാത്രക്കാരുടെയും ടെമ്പറേച്ചര്‍ സ്‌ക്രീനിംഗ് നടത്തേണ്ടതുണ്ട്. ടെര്‍മിനലിന്റെ എല്ലാ ഗേറ്റിലും ഈ സൗകര്യം ഉണ്ടാകും. ടെര്മിനലിലും വിമാനത്താവളത്തിലെ ഓഫീസുകളിലും കൗണ്ടറുകളിലും സാമൂഹിക അകലം പാലിക്കണം. കോവിദ് രോഗബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ വിമാനത്താവളത്തിലേക്ക് വരാതിരിക്കുക. പ്രതിരോധ മാര്ഗങ്ങള് സ്വീകരിക്കാതെ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം നിഷേധിക്കപെടും. പണമിടപാടുകള്‍ കഴിയുന്നത്ര ഇലക്ട്രോണിക് സിസ്റ്റം വഴിയാക്കുക.  

എപ്പോഴും സ്പര്‍ശിക്കുന്ന ഉപരിതലങ്ങളും മറ്റും തുടര്‍ച്ചയായി ശുചിയാക്കും. പ്ലാസ്റ്റിക് സുരക്ഷാ ട്രേ മുതലായവ എപ്പോഴും വൃത്തിയാക്കും. കോവിഡ് എന്ന മഹാമാരിയുടെ വ്യാപനത്തെ കൂട്ടമായി പ്രധിരോധിക്കേണ്ടതുണ്ട്. അതിനാല്‍ പുതിയ നടപടികളുമായി യാത്രക്കാര്‍ സഹകരിക്കണം. സംയുക്തമായ സഹകരണത്തിലൂടെ മാത്രമേ രോഗബാധ തടയാനാകൂവെന്നും അധികൃതര്‍ പറഞ്ഞു. 

Content Highlights: