45-ാമത് ഷാർജ പുസ്തകമേളയിൽ ഒമാൻ വിശിഷ്ടാതിഥി

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാൻ വിശിഷ്ടാതിഥിയാകും. ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർപേഴ്‌സൺ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് തീരുമാനം അറിയിച്ചത്. ഒമാനെ വിശിഷ്ടാതിഥിയായി നാമനിർദ്ദേശം ചെയ്യുന്ന ഔദ്യോഗിക കരാറിൽ ഒമാൻ സാംസ്‌കാരിക- കായിക- യുവജന മന്ത്രാലയം അണ്ടർസെക്രട്ടറി സെയ്ദ് ബിൻ സുൽത്താൻ ബിൻ യാറൂബ് അൽ ബുസൈദിയും എസ്ബിഎ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരിയും തമ്മിൽ ഒപ്പുവെച്ചു.
അറബ് സാഹിത്യത്തിന് ഒമാന്റെ ദീർഘകാല സംഭാവനകളെ മാനിച്ചാണ് വിശിഷ്ടാതിഥിയായി തിരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു. യുഎഇയുമായി ആഴത്തിലുള്ള ബന്ധവും സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധവുമെല്ലാം തിരഞ്ഞെടുപ്പിന് കാരണമായി.
എഴുത്തുകാർ, ചിന്തകർ, കലാകാരന്മാർ എന്നിവരിലൂടെ അറബ് സാംസ്‌കാരിക ജീവിതം രൂപപ്പെടുത്തുന്നതിൽ ഒമാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ശൈഖ ബൊദൂർ പറഞ്ഞു. ഒമാന്റെ പങ്കാളിത്തത്തിലൂടെ വായനാപ്രേമികൾക്ക് ഒമാനി സാഹിത്യവും കലകളും പര്യവേക്ഷണം ചെയ്യാനുമാകുമെന്നും അവർ വിശദീകരിച്ചു.
ലോകമെമ്പാടുമുള്ള പ്രസാധകരെയും എഴുത്തുകാരെയും വായനക്കാരെയും ആകർഷിക്കുന്ന ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. ഇത്തവണ പതിവുപോലെ സമ്പന്നമായ സാംസ്‌കാരിക പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
ഒമാനും യുഎഇയും തമ്മിലുള്ള ശക്തമായ സാംസ്‌കാരിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതെന്ന് അൽ ബുസൈദി പറഞ്ഞു. സംസ്‌കാരത്തിലും കലയിലും ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെ സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു. സാഹിത്യം, കവിത, നാടകം, ഫിക്ഷൻ, ദൃശ്യകലകൾ, സംഗീതം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി രാജ്യത്തിന്റെ പൈതൃകം ഉയർത്തിക്കാട്ടുന്നതായിരിക്കും മേളയിൽ ഒമാന്റെ പങ്കാളിത്തം. ഒമാൻ സംസ്‌കാരം ലോകത്തിന് പരിചയപ്പെടുത്തുക എന്നതായിരിക്കും മേളയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പ്രാദേശിക ആഗോള പ്രസാധക സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള പ്രധാനവാതിൽകൂടിയായിരിക്കും ഷാർജ പുസ്തകമേളയെന്നും അൽ ബുസൈദി പറഞ്ഞു.
ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പ്രസാധകരെയും ചിന്തകരെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായി മേള മാറിയെന്ന് അഹമദ് അൽ അമേരി പറഞ്ഞു. അറബ് പ്രസിദ്ധീകരണ വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സുപ്രധാന ചുവടുവെപ്പെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തവണ നിരവധി പ്രമുഖ ഒമാനി എഴുത്തുകാർ, ബുദ്ധിജീവികൾ, പ്രസാധകർ എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: Oman shines as Guest of Honour at the 45th Sharjah Book Fair