കായലും നഗരവും കണ്ടു, രോഗത്തിന്റെ അവശതകള് അവർ മറന്നു; ഡബിള് ഡെക്കര് ബസിലൊരു സായാഹ്നയാത്ര

കൊച്ചി: തന്നന്നം താനന്നം താളത്തിലാടി.… മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി... കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിലെ സ്പീക്കറിലൂടെ ഗാനം ഉയർന്നപ്പോൾ മുകൾ നിലയിലിരുന്ന് നഗരം ആസ്വദിക്കുകയായിരുന്നു ചിലർ. എറണാകുളം ജനറൽ ആശുപത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന പെയ്ൻ ആൻഡ് പാലിയേറ്റീവ് ഡിപ്പാർട്ട്മെന്റ് ’നിലാവി’ന്റെയും ഓട്ടോ തൊഴിലാളികളുടെ കനിവ് സംഘടനയുടെയും നേതൃത്വത്തിൽ നടത്തുന്ന ’നഗരപ്രയാണം’ യാത്രയുടെ 750-ാം ദിനത്തിന്റെ ആഘോഷമായിരുന്നു കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡക്കറിലെ ഈ യാത്ര.
വിവിധ രോഗങ്ങൾമൂലം പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 30 രോഗികളായിരുന്നു യാത്രക്കാർ. ഒപ്പം എറണാകുളം ജനറൽ ആശുപത്രിയിലെ ജീവനക്കാരായ ഒൻപതുപേരും. എറണാകുളം ജെട്ടിയിൽനിന്ന് വൈകീട്ട് നാലിന് ആരംഭിച്ച യാത്ര നഗരം ചുറ്റി 6.30-ഓടെയാണ് തിരികെയെത്തിയത്.
പാലിയേറ്റീവ് കെയറിൽ രോഗികളായി എത്തുന്നവരിൽ പലർക്കും തങ്ങളുടെ മനസ്സിൽ പല ആഗ്രഹങ്ങളും ബാക്കി ഇരിക്കാറുണ്ട്. ഒരിക്കൽ പോയ ദേവാലയം വീണ്ടും ഒന്നു കാണാൻ, കടൽക്കരയിൽ ഇരിക്കാൻ, അല്ലെങ്കിൽ അവർ ഒരിക്കൽ സ്നേഹിച്ച സ്ഥലങ്ങളിൽ ഒന്നുകൂടി പോകാൻ.... ഇത്തരം ഇഷ്ടങ്ങളുടെ പൂർത്തീകരണത്തിനാണ് ’നഗരയാത്ര’ എന്ന പദ്ധതി തുടങ്ങിയത്. ഇനി നടക്കുമോ എന്ന് സംശയിച്ച ഈ ആഗ്രഹങ്ങൾക്ക് കൈപിടിച്ചുകൊണ്ട് രോഗികളോടൊപ്പം ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഓട്ടോറിക്ഷാ ഡ്രൈവർമാരും പങ്കുചേരുകയായിരുന്നു.
യാത്ര എന്നൊക്കെ
ചൊവ്വ, ശനി ദിവസങ്ങളിലാണ് സാധാരണ യാത്ര സംഘടിപ്പിക്കുന്നത്. ഓരോ യാത്രയും രോഗിയുടെ ആരോഗ്യസ്ഥിതിയും ആഗ്രഹവും പരിഗണിച്ചാണ് തയ്യാറാക്കുന്നത്.
Content Highlights: nagara prayanam yathra for palliative care patients