തരിശിട്ടവയലുകള്‍ വിലയ്ക്കുവാങ്ങി മരുതനിലത്തിന്റെ വിജയഗാഥ

കരിവെള്ളൂര്‍:വര്‍ഷങ്ങളായി കൃഷിചെയ്യാതെകിടക്കുന്ന വയലുകള്‍ കോട്ടൂര്‍ വയല്‍പാടശേഖരത്തിലെ നൊമ്പരക്കാഴ്ചയാണ്. തെക്കെ മണക്കാട്ടെ ഒരുകൂട്ടം ആളുകള്‍ക്ക് ആ കാഴ്ച കണ്ടു നില്‍ക്കാന്‍ തോന്നിയില്ല. അധ്യാപകരും വക്കീലന്മാരും സര്‍ക്കാര്‍ ജീവനക്കാരുമടങ്ങിയ സംഘം ആദ്യമൊരു കൂട്ടായ്മയുണ്ടാക്കി. പിന്നീട് വയലുകളിലൊരു ഭാഗം വിലകൊടുത്തുവാങ്ങി കൃഷി തുടങ്ങി.
നിരവധി പ്രതിസന്ധികളുണ്ടായെങ്കിലുംഅവസാനം കാര്‍ഷിക മനസ്സ് വിജയംകണ്ടു. വയലുകളില്‍ നെല്‍ കതിരുകള്‍ സമൃദ്ധമായി വിളഞ്ഞു. തെക്കെ മണക്കാട്ടെ മരുതനിലം (വിളഭൂമി) കൂട്ടായ്മയാണ് പാക്കത്തെ കൊവ്വല്‍വയല്‍ വിലകൊടുത്തുവാങ്ങി കൃഷിയിറക്കിയത്.
സമീപത്തെ വയലുകള്‍ കൂടി പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ സംഘം ഞാറ്റടി തയ്യാറാക്കിയതാണ്. എന്നാല്‍, മഴ ചതിച്ചതോടെ ഞാറ്റടികളിലൊരു ഭാഗം മറ്റു കര്‍ഷകര്‍ക്ക് നല്‍കി. കൈകോര്‍ത്തുനിന്നാല്‍ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്നതിന്റെ തെളിവാണ് മരുതനിലത്തിന്റെ പ്രവര്‍ത്തനങ്ങള്‍.കൃഷിതുടങ്ങിയതോടെ സമീപത്തെ അയിത്തല തോട്ടില്‍ സംഘാംഗങ്ങള്‍തന്നെ തടയണകെട്ടി. കുറച്ചുനാള്‍ വെള്ളം ലഭിച്ചെങ്കിലും മഴ ചതിച്ചതോടെ തോടും വയലും വറ്റിവരണ്ടു. കൃഷി ഉണങ്ങാന്‍ തുടങ്ങിയതോടെ വയല്‍ക്കരയിലെ കിണറുകളില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെത്തിച്ചു. മരുത നിലം കൂട്ടായ്മയുടെ കഠിനധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ പാക്കത്തെക്കൊവ്വല്‍ വയലില്‍ വിളഞ്ഞു നില്‍ക്കുന്നത്.
കൊയ്ത്തുത്സവം സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കെ.വിജയകുമാര്‍ അധ്യക്ഷനായിരുന്നു കരിവെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍, ഇ.പി.കരുണാകരന്‍, പി.സന്തോഷ്, സി.ഗോപാലന്‍, വി.പി.ശാരദ, എ.കെ.ഗിരീഷ്‌കുമാര്‍, പി..കുഞ്ഞിക്കൃഷ്ണന്‍, ടി.കെ.സുരേന്ദ്രന്‍ കൂത്തൂര്‍ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. അടുത്തതവണ സമീപത്തെ തരിശായ കിടക്കുന്ന വയലുകളില്‍ മുഴുവന്‍ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് മരുതനിലം പ്രവര്‍ത്തകര്‍. .


VIEW ON mathrubhumi.com