അര്‍ധരാത്രിയില്‍ വാഹനം മറിഞ്ഞു; പോലീസ് മുസ്തഫയ്ക്ക് രക്ഷകരായി

കാളികാവ്: പത്തടി താഴ്ചയുള്ള കുഴിയില്‍ അര്‍ധരാത്രിയില്‍ അപകടത്തില്‍പ്പെട്ട മുസ്തഫയ്ക്ക് തന്റെ ജീവന്റെ കാര്യത്തില്‍ ഏറെ ആശങ്കയുണ്ടായിരുന്നു. സഹായത്തിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസെത്തിയാണ് ഒടുവില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത്.
കല്ലാമൂല കേളുനായര്‍ പടിയിലെ പാലത്തിങ്ങല്‍ മുസ്തഫയ്ക്കാണ് പോലീസിന്റെ സഹായത്തോടെ ജീവന്‍ തിരിച്ച് കിട്ടിയത്. തിങ്കളാഴ്ച രാത്രി 12 മണിക്കാണ് ഇയാള്‍ വാഹാനാപകടത്തില്‍പ്പെട്ടത്. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ മങ്കുണ്ടിലാണ് അപകടമുണ്ടായത്.
ചന്തയിലെ കച്ചവടം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു മുസ്തഫ.വാഹനത്തിനിടയില്‍പ്പെട്ട മുസ്തഫ മൊബെല്‍ ഫോണില്‍ സുഹൃത്തുക്കളെയും വീട്ടുകാരേയും വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ഒടുവില്‍ 100 ഡയല്‍ ചെയ്തു.
ദയനീയാവസ്ഥയിലുള്ള ഫോണ്‍ സന്ദേശം കേട്ടയുടനെ കാളികാവ് എ.എസ്.ഐ.പി. അബ്ദുല്‍കരീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശിവശങ്കരന്‍ തുടങ്ങിയവരെത്തിയാണ് വാഹനത്തിനുള്ളില്‍ അകപ്പെട്ട മുസ്തഫയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.


VIEW ON mathrubhumi.com