ടിക്കറ്റും റാക്കുമില്ല, ബക്കറ്റുമായി ഈ യാത്ര റുക്കിയയ്ക്കായി

ഗുരുവായൂര്‍:റുക്കിയയ്ക്കും കുടുംബത്തിനും താങ്ങായി 13 ബസുകളുടെ കാരുണ്യ ഓട്ടത്തില്‍ നാടുമുഴുവന്‍ പങ്കുചേര്‍ന്നു. 'മാതൃഭൂമിയുടെ നല്ല വാര്‍ത്ത' എന്നെഴുതിയ ബാനറുമായി നീങ്ങിയ ബസുകളില്‍ കയറിയത് വെറും യാത്രക്കാരല്ല, പാവപ്പെട്ട കുടുംബത്തെ രക്ഷിക്കാന്‍ മനസ്സര്‍പ്പിച്ചവരായിരുന്നു.
ഗുരുവായൂര്‍- എറണാകുളം റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്നു പേരുള്ള 13 ബസുകളായിരുന്നു കാരുണ്യസര്‍വീസ് നടത്തിയത്. യാത്രചെയ്യേണ്ട ആവശ്യമില്ലെങ്കിലും കാരുണ്യ ഉദ്യമത്തില്‍ പങ്കാളികളാകുക എന്ന മനസ്സോടെ കയറിയവരും ഏറെയുണ്ട്.13 ബസുകളിലെയും കണ്ടക്ടര്‍മാര്‍ക്ക് ബാഗും ടിക്കറ്റും റാക്കും ഇല്ലായിരുന്നു. പകരം 'റുക്കിയയുടെ കുടുംബത്തെ രക്ഷിക്കാം' എന്നെഴുതിയ ബക്കറ്റുകളായിരുന്നു. .
യാത്രക്കാര്‍ ബക്കറ്റില്‍ നിക്ഷേപിച്ചത് യാത്രക്കൂലി മാത്രമായിരുന്നില്ല, അവരുടെ ഓരോരുത്തരുടെയും ഉള്ളിലെ നന്‍മകളാണ് പണമായി വീണത്.
ബുധനാഴ്ച രാവിലെ പത്തരക്കായിരുന്നു ഗുരുവായൂര്‍ ബസ്സ്റ്റാന്‍ഡില്‍നിന്നുള്ള ആദ്യ കാരുണ്യ സര്‍വീസ് തുടങ്ങിയത്. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. മാതൃഭൂമിയുടെ ഇടപെടല്‍ കൊണ്ട് പാവപ്പെട്ട കുടുംബത്തെ രക്ഷിക്കാനായത് നന്‍മയുടെ മികച്ച മാതൃകയാണെന്ന് എം.എല്‍.എ. പറഞ്ഞു.ഇതേത്തുടര്‍ന്ന് ബസുകളുടെകാരുണ്യ ഓട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഒ. അബ്ദു റഹ്മാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, ബസുടമ നൗഷാദ് തളിക്കുളം, മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി, ചൂല്‍പ്പുറം മഹല്ല് സെക്രട്ടറി ഷാജുദ്ദീന്‍ ചൂല്‍പ്പുറം, പി.വി. മുഹമ്മദ് യാസിന്‍, ടി.എന്‍. മുരളി, കെ.ബി. സുരേഷ്,എ. ഹരിനാരായണന്‍, കെ.,മണികണ്ഠന്‍ തുടങ്ങി ഗുരുവായൂരിലെ വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ബസ് ഓണേഴ്‌സ് സംഘടനാ നേതാക്കള്‍, ബസ് ജീവനക്കാര്‍ എന്നിങ്ങനെ നിരവധി പേര്‍ സംബന്ധിച്ചു.
കോട്ടപ്പടി ചൂല്‍പ്പുറം വട്ടാറ വീട്ടില്‍ ഖാദറലിയുടെ ഭാര്യ റുക്കിയ(30) അന്നനാളത്തില്‍ അര്‍ബുദം ബാധിച്ച് അവശനിലയിലായി കിടക്കുന്നതും നാലു കുരുന്നുമക്കളുടെ ദയനീയാവസ്ഥയും മാതൃഭൂമിയിലൂടെയാണ് നാടറിഞ്ഞത്. തുടര്‍ന്ന് 30 ലക്ഷത്തിലേറെ രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു.


VIEW ON mathrubhumi.com