അഭിജിത്തിനും വിഷ്ണുവിനും സഹപാഠികളുടെ സ്‌നേഹത്തണല്‍

നെടുമങ്ങാട്: തകരഷീറ്റുകൊണ്ടുമറച്ച, സുരക്ഷിതമല്ലാത്ത കുടിലില്‍ താമസിച്ചിരുന്ന അമ്മയ്ക്കും മക്കള്‍ക്കും ഇനി കൂട്ടുകാര്‍ ഒരുക്കിയ സ്‌നേഹത്തണല്‍. പനവൂര്‍ പി.എച്ച്.എം.കെ.എം.വി. ആന്‍ഡ് എച്ച്.എസ്.എസ്സിലെ 'സ്‌നേഹത്തണല്‍' കൂട്ടായ്മയാണ് സ്‌കൂളിലെ സഹോദരങ്ങളായ അഭിജിത്തിന്റെയും വിഷ്ണുവിന്റെയും വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.അഭിജിത്തിനും വിഷ്ണുവിനും അമ്മ പുഷ്പലതയ്ക്കും വീടിന്റെ താക്കോല്‍ സ്‌കൂളില്‍നടന്ന ചടങ്ങില്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് കൈമാറി. വിദ്യാര്‍ഥികള്‍, മാനേജ്മെന്റ്, പി.ടി.എ., പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍, പ്രവാസികള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് വീട് പൂര്‍ത്തിയായത്.
പുഷ്പലതയുടെ ഭര്‍ത്താവിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സ്വന്തമായൊരു വീടില്ലായിരുന്നു. അഭിജിത്തിന്റെയും വിഷ്ണുവിന്റെയും കഷ്ടപ്പാടുകള്‍ മനസിലാക്കിയ സ്‌കൂള്‍ മാനേജ്മെന്റും അധ്യാപകരും വിദ്യാര്‍ഥികളുടെ സഹായത്തോടെ വീടുനിര്‍മ്മാണത്തിന് പദ്ധതി തയ്യാറാക്കി. മൂന്നുമാസം കൊണ്ട് 550 ചതുരശ്ര അടിയില്‍ വീടുയര്‍ന്നു. കുട്ടികളുടെ അധ്വാനവും ചെറിയ സംഭാവനകളും മുതല്‍ക്കൂട്ടാക്കി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങ് പി.ടി.എ. പ്രസിഡന്റ് പനവൂര്‍ ഹസ്സന്റെ അധ്യക്ഷതയില്‍ കൂടി. യോഗത്തില്‍ മുന്‍ നെടുമങ്ങാട് ഡിവൈ.എസ്.പി. ശിവപ്രസാദ്, സ്‌കൂള്‍ മാനേജര്‍ മുഹ്സിന്‍, അശ്വിതജ്വാല തുടങ്ങിയവര്‍ പങ്കെടുത്തു.


VIEW ON mathrubhumi.com