പി.ടി.എ. യുടെശ്രമം വിജയിച്ചു: വെള്ളമുണ്ട ഹൈസ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം

വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്ലാ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇനിമുതല്‍ സമൃദ്ധമായ ഉച്ചഭക്ഷണം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കാന്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും പ്രവാസിയുമായ മുച്ചിങ്ങല്‍ ജംഷീറാണ് സന്നദ്ധമായത്. ഇതോടെ 'പട്ടിണിയില്ലാത്ത ക്‌ളാസ് മുറികള്‍' എന്ന പി.ടി.എ.യുടെ ലക്ഷ്യം സാക്ഷാത്കാരമായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പത്താം ക്‌ളാസ് പരീക്ഷ എഴുതുന്നതും കൂടുതല്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്നതുമായ സ്‌കൂളാണ് വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി. ഈ വര്‍ഷം എട്ട്, ഒന്‍പത്, പത്ത് ക്‌ളാസ്സുകളിലായി 1,130 കുട്ടികളാണ് വിദ്യാലയത്തിലുള്ളത്. ഇതില്‍ 275 പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്.
വിദ്യാര്‍ഥികളില്‍ കുറെയധികം പേര്‍ വീടുകളില്‍നിന്ന് പലകാരണങ്ങളാല്‍ ഉച്ചഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവരാണെന്ന് പി.ടി.എ. കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.
സര്‍ക്കാര്‍ പദ്ധതി പ്രകാരം എട്ടാംക്‌ളാസ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നത്. ഇതുപ്രകാരം 370 കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ബാക്കിവരുന്ന 760 കുട്ടികള്‍ക്ക് ഈ അധ്യയന വര്‍ഷം മുഴുവന്‍ ഉച്ചഭക്ഷണം നല്‍കാന്‍ മൂന്നു ലക്ഷത്തോളം രൂപ ചെലവുവരും. ഈ തുക നല്‍കാമെന്ന് ജംഷീര്‍ ഏറ്റതോടെയാണ് എല്ലാവര്‍ക്കും ഉച്ചഭക്ഷണം എന്ന പദ്ധതി യാഥാര്‍ഥ്യമായത്.
വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് മുന്‍അംഗവും എട്ടേനാലിലെ വ്യാപാരിയുമായിരുന്ന പരേതനായ അവ്വോട്ടിയുടെ മകനാണ് ജംഷീര്‍. 'സുഭിക്ഷം' എന്നു പേരിട്ട സൗജന്യ ഉച്ചഭക്ഷണപദ്ധതി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി ജംഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി. നാസര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. ഭാരവാഹികളായ ഇസ്മായില്‍, ഷാജി, കൈപ്പാണി ഇബ്രാഹിം, ബാലന്‍, ഷാഹിന, അധ്യാപകരായ മമ്മു, അനില്‍കുമാര്‍, ബിനോയ്കുമാര്‍, നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


VIEW ON mathrubhumi.com