യാത്രക്കാർക്കും ജീവനക്കാർക്കും വിഷു ആശംസകളും കൈനീട്ടവുമായി KSRTC സൗഹൃദക്കൂട്ടായ്മ

വിഷുദിനത്തില്‍ കോഴഞ്ചേരി-നെടുംപ്രയാര്‍-കുറിയന്നൂര്‍ സൗഹൃദക്കൂട്ടായ്മ ബസ് ജീവനക്കാര്‍ക്കും യാത്രികര്‍ക്കുമായി നല്‍കുന്ന വിഷുക്കൈനീട്ടവും ആശംസാ കാര്‍ഡ് വിതരണവും കുറിയന്നൂര്‍ തോണിപ്പുഴ ജങ്ഷനില്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത മിനികുമാരി നിര്‍വഹിക്കുന്നു
വിഷുദിനത്തില്‍ കോഴഞ്ചേരി-നെടുംപ്രയാര്‍-കുറിയന്നൂര്‍ സൗഹൃദക്കൂട്ടായ്മ ബസ് ജീവനക്കാര്‍ക്കും യാത്രികര്‍ക്കുമായി നല്‍കുന്ന വിഷുക്കൈനീട്ടവും ആശംസാ കാര്‍ഡ് വിതരണവും കുറിയന്നൂര്‍ തോണിപ്പുഴ ജങ്ഷനില്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത മിനികുമാരി നിര്‍വഹിക്കുന്നു

കോഴഞ്ചേരി: റാന്നി-തിരുവനന്തപുരം, കോഴഞ്ചേരി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസുകളിലെ ജീവനക്കാര്‍ക്കും ഡിപ്പോ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വിഷുക്കൈനീട്ടവും ആശംസകളും നല്‍കി കെഎസ്ആര്‍ടിസി സൗഹൃദക്കൂട്ടായ്മ. റാന്നി-തിരുവനന്തപുരം ബസില്‍ വിഷുവിന് രാവിലെ 5.30-ന് തോണിപ്പുഴയില്‍ ആയിരുന്നു ഉദ്ഘാടനം നടത്തിയത്. 

ബസ് ജീവനക്കാര്‍ക്കും ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്ത മിനി കുമാരി തോണിപ്പുഴ ജങ്ഷനില്‍ റാന്നിയില്‍നിന്നും പുറപ്പെട്ട ബസ് എത്തിയപ്പോള്‍ വിഷു ആശംസകള്‍ നല്‍കുകയും കൈനീട്ടം നല്‍കുകയും ചെയ്തു. ഇതിനുശേഷം ബസ് യാത്രയിലുടനീളം യാത്രക്കാര്‍ക്ക് ടിക്കറ്റിനോടൊപ്പം ബസ് ജീവനക്കാര്‍ വിഷുആശംസ കാര്‍ഡും കൈനീട്ടവും നല്‍കി. 

ഈ ബസില്‍ മാത്രം 125-ല്‍പരം പേര്‍ക്ക് ആശംസയര്‍പ്പിച്ച് വിഷുക്കൈനീട്ടം നല്‍കി. സൗഹൃദക്കൂട്ടായ്മയുടെ ഈ ചെറിയ കൈനീട്ടം യാത്രികര്‍ക്ക് പുതിയ അനുഭവമായി. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന്റെ അനുമതിയോടെയാണ് വിഷുക്കൈനീട്ടം സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്. രാവിലെ 5.05-ന് പുറപ്പെടുന്ന കോഴഞ്ചേരി-തിരുവനന്തപുരം ബസിലും വിഷു ആശംസകളും കൈനീട്ടവും എല്ലാ യാത്രക്കാര്‍ക്കും നല്‍കി. 

തോണിപ്പുഴയില്‍ നടന്ന ഉദ്ഘാടനത്തില്‍ ഭാരവാഹികളും സാമൂഹിക പ്രവര്‍ത്തകരുമായ പ്രൊഫ. തോമസ് പി.തോമസ്, ഹരി ഇളംപുരയിടത്തില്‍, സുരേഷ് മണ്ണില്‍, അനിരാജ് ഐക്കര എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ കുറെ വര്‍ഷമായി എല്ലാ വിശേഷദിവസങ്ങളിലും കെഎസ്ആര്‍ടിസിയെ വരവേല്‍ക്കുന്നതിനും ജീവനക്കാരെ ആദരിക്കുന്നതിനും ഈ കൂട്ടായ്മ ശ്രദ്ധിക്കുന്നുണ്ട്. 

സര്‍ക്കാര്‍ സംവിധാനത്തെ പങ്കെടുപ്പിച്ചുകൊണ്ട് സ്ഥലത്തെ വിദേശമലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടുകൂടി ജീവനക്കാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും കൂട്ടായ്മ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

Content Highlights: good news ksrtc employees gifts vishu kaineettam for passengers pathanamthitta kerala