ആദിവാസി ക്ഷേമത്തിന്റെ കോടഞ്ചേരി മോഡല്‍

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പല കാലത്തായി നൂറുകണക്കിന് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയില്‍ എത്രയെണ്ണം നമ്മുടെ ആദിവാസി സമൂഹത്തിന് ഗുണം ചെയ്തുവെന്ന കാര്യം അവരുടെ പിന്നോക്കാവസ്ഥയില്‍ നിന്നു തന്നെ വ്യക്തമാണ്.
തങ്ങള്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങളെക്കുറിച്ച് ആദിവാസികള്‍ക്ക് തന്നെ വ്യക്തമായ അവബോധമില്ലാത്തതാണ് അവരുടെ പുരോഗതിയെ പിന്നോട്ട് വലിക്കുന്ന ഒരുകാര്യം. ഈ സാഹചര്യത്തില്‍ ആദിവാസി സമൂഹത്തെ എങ്ങനെ പുരോഗതിയിലേക്ക് നയിക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടഞ്ചേരിയിലെ ഒരു കൂട്ടം യുവാക്കള്‍ ആദിവാസികള്‍ക്ക് വീടൊരുക്കി കൊടുത്ത സംഭവം.
പൊതുപ്രവര്‍ത്തകനും കോടഞ്ചേരി സ്വദേശിയുമായ ജെയ്‌സന്റെ നേതൃത്വത്തില്‍ ഒരു പറ്റം ആദിവാസി യുവാക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് പൂണ്ട ആദിവാസി കോളനി നിവാസികള്‍ക്കായി റെക്കോര്‍ഡ് സമയം കൊണ്ട് വീട് നിര്‍മ്മിച്ചു നല്‍കിയത്. ആദിവാസികളുടെ ഭവനനിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരാന്‍ ഗുണമേന്മയില്ലാത്ത വീടുണ്ടാക്കി തട്ടിപ്പ് കാണിച്ചതോടെയാണ് ലഭ്യമായ ഫണ്ടിന് അവര്‍ക്ക് മികച്ച വീട് നിര്‍മ്മിക്കാനായി ജെയ്‌സണും കൂട്ടരും രംഗത്തിറങ്ങിയത്.
ആദിവാസികള്‍ക്കായി നിര്‍മ്മിച്ച വീടിന് മുന്‍പില്‍ ജെയ്‌സണ്‍
കോടഞ്ചേരി പഞ്ചായത്തിലെ മുന്‍ കൗണ്‍സിലറായിരുന്നു ജെയ്‌സണ്‍. രണ്ട് വര്‍ഷം മുന്‍പ് ജെയ്‌സന്റെ കൂടെ പ്രവര്‍ത്തനഫലമായാണ് സ്വന്തം വാര്‍ഡില്‍പ്പെട്ട പൂണ്ട, മേക്കുഞ്ഞി ആദിവാസി കോളനിയില്‍ 21 വീടുകള്‍ നിര്‍മ്മിക്കുവാന്‍ ഭരണാനുമതി ലഭിച്ചത്. എന്നാല്‍ ഇതിനായി കരാര്‍ എടുത്തയാള്‍ ഗുണമേന്മ കുറഞ്ഞ വസ്തുകള്‍ ഉപയോഗിച്ചായിരുന്നു വീട് നിര്‍മ്മാണം നടത്തിയത്. മോശം രീതിയില്‍ ഭവനനിര്‍മ്മാണം നടത്തിയത് കൂടാതെ അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കരാറുകാരന്‌ സാധിക്കാതെ വന്നതോടെ ഇൗ അനീതിക്കെതിരെ പ്രതികരിക്കാന്‍ ജെയ്‌സണും കൂട്ടരും രംഗത്തിറങ്ങി.
പൂണ്ട കോളനിയിലെ വീടുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഈ യുവാക്കള്‍ പഞ്ചായത്തില്‍ നിന്ന് നേടിയെടുത്തു. നേരത്തെ വന്ന കരാറുകാരന്‍ നാന്നൂറ് സ്വകയര്‍ ഫീറ്റിനുള്ളിലാണ് വീട് നിര്‍മ്മിച്ചത്. എം സാന്‍ഡിന് പകരം പാറപ്പൊടി ഉപയോഗിക്കുകയും, രണ്ട് ജനലിന് പകരം ഒന്ന് മാത്രം സ്ഥാപിച്ചുമായിരുന്നു വീട് നിര്‍മ്മാണം. ഒരു വീട് നിര്‍മ്മിക്കുവാന്‍ 3.5 ലക്ഷം രൂപയായിരുന്നു പഞ്ചായത്തില്‍ നിന്നനുവദിച്ചിരുന്നതെങ്കിലും തങ്ങള്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് പരമാവധി ഗുണമേന്മ നിലനിര്‍ത്തുവാന്‍ ജെയ്‌സണും കൂട്ടരും ശ്രമിച്ചു. അഞ്ഞൂറ് സ്വകയര്‍ഫീറ്റില്‍ മികച്ച വസ്തുകള്‍ ഉപയോഗിച്ച് തന്നെ അവര്‍ വീടുകള്‍ പടുത്തുയര്‍ത്തി.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു വീട് നിര്‍മ്മാണത്തിനായി മാറ്റിവച്ചത്. തൊഴിലാളികള്‍ക്കൊപ്പം ജെയ്‌സണ്‍ തന്നെ എല്ലാത്തിനും നേതൃത്വം നല്‍കി മുന്നില്‍ നിന്നു. കൃത്യമായ ആസൂത്രണത്തോടെ ഭവനനിര്‍മ്മാണം മുന്നേറിയപ്പോള്‍ നാല്‍പ്പത്തിയഞ്ച് ദിവസം കൊണ്ട് നാല് വീടുകളുടെ നിര്‍മ്മാണം അവര്‍ പൂര്‍ത്തിയാക്കി. ഈ വീടുകളില്‍ ഇപ്പോള്‍ ആളുകള്‍ താമസവും തുടങ്ങി. സര്‍ക്കാര്‍ പദ്ധതി പ്രകാരം കേരളത്തിലെ ആദിവാസികള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച വീടുകളാണ് പൂണ്ട കോളനിയിലുള്ളതെന്ന് ഈ യുവാക്കള്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
താമരശ്ശേരി-കോടഞ്ചേരി ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ഷമീര്‍ എ, ട്രൈബല്‍ പ്രമോട്ടര്‍ ഷാജി എന്നീ ഉദ്യോഗസ്ഥരും യുവാക്കളുടെ ഈ കൂട്ടായ്മയ്ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്.പൂണ്ടയിലേയും മേക്കുഞ്ഞിയിലേതും പോലെ നിലവാരമുള്ള കൂടുതല്‍ വീടുകള്‍ സംസ്ഥാനത്തെ വിവിധ ഭാഗത്തിലുള്ള ആദിവാസികള്‍ക്ക് നിര്‍മ്മിച്ചു നല്‍കണം എന്നാണ് ഇവരുടെ ആഗ്രഹം. നല്ല വീടുകളില്‍ തങ്ങളുടെ ആളുകള്‍ ജീവിച്ചു തുടങ്ങുന്നതോടെ കൂടുതല്‍ ആദിവാസികള്‍ മികച്ച നിലവാരത്തിലുള്ള വീടുകള്‍ ആവശ്യപ്പെട്ട് സ്വയം മുന്‍പോട്ട് വരുന്ന ഒരു സാഹചര്യമുണ്ടാക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
താമരശ്ശേരിക്കടുത്ത് ചിപ്പിലിതോടിനടുത്ത് കാട്ടുനായ്ക്കന്‍മാര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിക്കുന്ന കോളനിയില്‍ വീട് നിര്‍മ്മിക്കുക എന്ന ദൗത്യമാണ് ജെയ്‌സണും കൂട്ടരും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡില്‍ നിന്ന് 800 മീറ്ററോളം മാറി കാട്ടിനുള്ളിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ചെങ്കുത്തായ ഒരു കയറ്റമാണ് ഇവിടെ എന്നതിനാല്‍ ഭവനനിര്‍മ്മാണത്തിനാവശ്യമായ വസ്തുകള്‍ എങ്ങനെ അവിടെ എത്തിക്കും എന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. റോപ്പ് വേ ഉള്‍പ്പടെയുള്ള സാധ്യതകള്‍ ഇതിനായി അവര്‍ പരിഗണിക്കുന്നു. ചെറ്റക്കൂര എന്ന പോലും വിശേഷിപ്പിക്കാന്‍ സാധിക്കാത്ത ഒരു ഷെഡിലാണ് ഇപ്പോള്‍ കാട്ടുനായ്ക്കാര്‍ ജീവിക്കുന്നത്. സുരക്ഷിതത്വത്തോടെ കഴിയാന്‍ ഇവര്‍ക്ക് ഒരു വീട് നിര്‍മ്മിച്ചേ മതിയാവൂ..... ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ആരെങ്കിലും സഹായവുമായി എത്തും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ജെയ്‌സണും സംഘവും.


VIEW ON mathrubhumi.com