സന്തോഷ ജന്മദിനം കുട്ടിക്ക്...; അഭയാരണ്യത്തിലെ ആനക്കുട്ടിക്ക് ഇന്ന് ഒന്നാംപിറന്നാൾ

#സ്വന്തം ലേഖകൻ
കോടനാട് വനംവകുപ്പിന്റെ കീഴിലുളള അഭയാരണ്യത്തിലെ കുട്ടിയാന വെറ്ററിനറി ഡോക്ടർ ബിനോയ് ബാബുവിനൊപ്പം
കോടനാട് വനംവകുപ്പിന്റെ കീഴിലുളള അഭയാരണ്യത്തിലെ കുട്ടിയാന വെറ്ററിനറി ഡോക്ടർ ബിനോയ് ബാബുവിനൊപ്പം

പെരുമ്പാവൂർ: അഭയാരണ്യത്തിലെ ഇളമുറ തമ്പുരാട്ടിക്ക് ഇന്ന് ഒന്നാംപിറന്നാൾ. 2025 ഏപ്രിൽ 18-നാണ് അഭയാരണ്യത്തിനുസമീപം കാട്ടാനക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട നിലയിൽ പെൺകുട്ടിയാനയെ കണ്ടെത്തിയത്. അമ്മയാനയിൽനിന്ന് വേർപിരിഞ്ഞ് കണ്ടെത്തുമ്പോൾ ഒരുദിവസംമാത്രം പ്രായമായ കുട്ടിയാന വനംവകുപ്പിന്റെ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക പരിരക്ഷണത്തിലാണ്.

അമ്മയുടെ മുലപ്പാലിനുപകരം പാൽപ്പൊടിയാണ് മുഖ്യാഹാരം. നവധാന്യപ്പൊടി, ഹെൽത്ത് സപ്ലിമെന്റ്സ് എന്നിവ നൽകിയാണ് ആനക്കുട്ടിയുടെ ജീവൻ രക്ഷിച്ചെടുത്തതെന്ന് വനംവകുപ്പ് ഡോ. ബിനോയ് ബാബു പറയുന്നു. അണുബാധ ഭീഷണിയുള്ളതിനാൽ ഇതുവരെ സന്ദർശകരെ അനുവദിച്ചിട്ടില്ല.

അഭയാരണ്യത്തിലെ വെറ്ററിനറി ക്ലിനിക്കിനോടുചേർന്ന് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ആനക്കുട്ടിയെ പാർപ്പിച്ചിരിക്കുന്നത്. പ്രഭാത ഭക്ഷണത്തിനുശേഷം അരമണിക്കൂർ നടത്തം. പകൽ ചെലവഴിക്കുന്നതിനായി സമീപമുളള മാഞ്ചിയം തോട്ടത്തിൽ 'സ്വിമ്മിങ് പൂൾ' ഉൾപ്പെടെയുളള സൗകര്യം.

രാത്രി വീണ്ടും പ്രത്യേകം തയ്യാറാക്കിയ മുറിയിൽ. മാതൃപരിചരണമോ മുലപ്പാലോ ലഭിക്കാത്ത കുട്ടിയെ അഞ്ചുകൊല്ലമെങ്കിലും ഇതേരീതിയിൽ സംരക്ഷിക്കേണ്ടിവരുമെന്നാണ് ഡോക്ടറുടെ കണക്കുകൂട്ടൽ. അതിനുശേഷം കാട്ടിലേക്ക് തിരിച്ചയക്കാമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.

വനവാസം കരുതുന്നതിനാൽ ആനക്കുട്ടിക്ക് പേരു നൽകിയിട്ടില്ല. മധ്യവേനൽ അവധിയായതോടെ അഭയാരണ്യത്തിൽ സന്ദർശകരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ആശ, അഞ്ജന, സുനിത, പാർവതി, ഹരിപ്രസാദ്, അഭിമന്യു, പീലാണ്ടി ചന്ദ്രു എന്നിങ്ങനെ ഏഴ് ഗജപ്രമാണിമാർ വേറെയുമുണ്ട് അഭയാരണ്യത്തിൽ.

പുള്ളിമാൻ, മ്ലാവ്, ശലഭോദ്യാനം, മുളങ്കാടുകൾ, നടപ്പാതകൾ, ഏറുമാടം, ഊഞ്ഞാലുകൾ, കുട്ടികളുടെ പാർക്ക് തുടങ്ങി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ അഭയാരണ്യത്തിലുണ്ട്. അഭയാരണ്യത്തിന് സമീപമാണ് വനംവകുപ്പിന്റെ കീഴിലുളള പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രവും പാണിയേലി പോരും.

Content Highlights: The rescued female elephant calf celebrates her first birthday in 2026. The calf is under intensive care by the Forest Department, receiving specialized nutrition. Health protocols prevent public visitors from interacting with the calf directly. The rehabilitation plan spans five years before potential rewilding. Abhayaranyam continues to be a top eco-tourism destination in 2026.