തടവുകാര്‍ക്ക് ആശ്വാസവുമായി സുപ്രീം കോടതി

By: ജി. ഷഹീദ്
തടവുകാരായാലും അവര്‍ മനുഷ്യരാണ്. ഭൂമിയില്‍ ശ്വാസം കിട്ടാതെ അവര്‍ ദുരിതം അനുഭവിക്കുന്ന സ്ഥിതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ഒരിക്കല്‍ കൂടി സര്‍ക്കാരുകളെ ഓര്‍മ്മിപ്പിച്ചു.
തടവുകാരുടെ ക്ഷേമത്തിനായി സുപ്രീം കോടതി ശബ്ദിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് നാല്‍പ്പത് വര്‍ഷമായി. സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ദുരിതങ്ങള്‍ ഇനിയും പൂര്‍ണ്ണമായും അകന്നിട്ടില്ല. തടവുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ പേരെ ജയില്‍ മുറിക്കുള്ളില്‍ കുത്തിനിറയ്ക്കുന്ന സ്ഥിതികളില്‍ ഇനിയും മാറ്റം വന്നിട്ടില്ല. ജയില്‍ മുറികള്‍ വേണ്ടത്ര ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്. പല സംസ്ഥാനങ്ങളിലും ഇന്നും വെളിച്ചം കയറാത്ത മുറികളുണ്ട്.
40 വര്‍ഷമായി സുപ്രീം കോടതിയുടെ ശബ്ദവും ആജ്ഞകളും സര്‍ക്കാരുകള്‍ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ബീഹാറിലെ ഭഗല്‍പ്പൂരിലെ തടവുകാരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച അധികൃതര്‍ ഉണ്ടായിരുന്നത് വെളിച്ചത്ത് വന്നത് പത്രമാധ്യമങ്ങളിലൂടെയാണ്. അതിനു ശേഷമാണ് തടവുകാരുടെ ക്ഷേമത്തില്‍ കോടതികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
തടവുകാരെ സംബന്ധിച്ച ദയനീയ സ്ഥിതി ഇതാണ്. ഇതുപോലെ മറ്റൊന്ന് കൂടി തടവുകാരെ അലട്ടുന്നു. ഹൈക്കോടതിയില്‍ നല്‍കുന്ന അപ്പീലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിലെ നീണ്ട കാലതാമസം. പതിനഞ്ചും ഇരുപതും വര്‍ഷങ്ങള്‍ അപ്പീലുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതില്‍ വേണ്ടി വരുന്നു.
വിചാരണകോടതി വിധിക്ക് എതിരെ ഉത്തര്‍ പ്രദേശിലെ രണ്ട് പ്രതികള്‍ അലഹാബാദ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന അപ്പീലാണ് സുപ്രീം കോടതി പരിശോധിച്ചത്. പ്രതികള്‍ക്ക് ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ നല്‍കി. അപ്പീല്‍ തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായേക്കാവുന്നതിനാല്‍ തങ്ങള്‍ക്ക് തല്‍ക്കാലം ജാമ്യം നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി അത് തള്ളിയതിനെ പ്രതികള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. സുപ്രീം കോടതിയും അത് ശരിവെച്ചുവെങ്കിലും അപ്പീലുകള്‍ തീര്‍പ്പാക്കുന്ന രീതി ആഴത്തില്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.
അപ്പീലുകള്‍ തീര്‍പ്പാക്കുന്നതില്‍ പല കാരണങ്ങള്‍കൊണ്ട് കാലതാമസം ഉണ്ടാകാം. അവ സൂക്ഷ്മമായി പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് സുപ്രീം കോടതി പറഞ്ഞു. നീണ്ട കാലതാമസം ഉണ്ടാകുന്നത് തടവുകാരന് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നത് ശരിയാണ്. അതിനാല്‍ നീതി ലഭ്യമാകുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൊലക്കേസ് പ്രതികളുടെ എത്ര അപ്പീലുകള്‍ ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയില്‍ നിലവിലുണ്ട്? 10 വര്‍ഷത്തില്‍ കൂടുതല്‍ കാലമായി നിലനില്‍ക്കുന്ന എത്ര അപ്പീലുകള്‍? കാലതാമസത്തിനുള്ള കാരണങ്ങള്‍ എന്താണ്? അവ ഹൈക്കോടതി ശ്രദ്ധിച്ചിട്ടുണ്ടോ? കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ എന്തൊക്കെ സ്വീകരിച്ചിട്ടുണ്ട്? അപ്പീല്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം പ്രതികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഹൈക്കോടതി പരിശോധിച്ചിട്ടുണ്ടോ?
ഈ കേസില്‍ നാല് മാസത്തിനുള്ളില്‍ അപ്പീല്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇന്ത്യയിലെ എല്ലാ ഹൈക്കോടതികളും ഇത്തരം കാലതാമസം ആഴത്തില്‍ പരിശോധിക്കണം. അലഹാബാദ് ഹൈക്കോടതിയുടെ കാര്യം ഇപ്പോള്‍ ആദ്യമായി പരിഗണിച്ചുവെന്ന് മാത്രം സുപ്രീം കോടതി പറഞ്ഞു.
അപ്പീലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ സ്ഥിതി എന്തായിരിക്കും? പ്രതികള്‍ക്ക് ഒരു പക്ഷെ കിട്ടാവുന്ന ശിക്ഷയേക്കാള്‍ കൂടുതല്‍ കാലം അവര്‍ അപ്പീല്‍ തീര്‍പ്പാക്കാന്‍ കാത്തിരിക്കേണ്ടിവരും. ഈ സ്ഥിതി ഒഴിവാക്കി അപ്പീലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ തീവ്രപ്രയത്ന പരിപാടി അടിയന്തിരമായി നടപ്പിലാക്കാനാണ് ശ്രമമെന്ന് സുപ്രീം കോടതി പറഞ്ഞു.


VIEW ON mathrubhumi.com