ഫാനിലെയും ലൈറ്റിലെയും പൊടി പ്രശ്‌നമാണോ; പരിഹാരമുണ്ട്

വീട്ടിനുള്ളില്‍ ശുചീകരണം ഏറെ ആവശ്യമുള്ളവയാണ് സീലിങ് ഫാനുകളും ലൈറ്റുകളും. സിലീങ് ഫാനുകളിലെ പൊടി അലര്‍ജിയുളളവര്‍ക്ക് അടക്കം പ്രശ്‌നമാകുന്നു. വിചാരിക്കുന്നതു പോലെ അത്ര എളുപ്പവുമല്ല സീലിങ് ഫാനുകളുടെ ശുചീകരണം. പൊടി തുടയ്ക്കുമ്പോള്‍ റൂമടക്കം വീണ്ടും വൃത്തികേടാകുന്നു. ദിവസവും ഉപയോഗിക്കുന്നതിനാല്‍ ഇവയില്‍ അടിഞ്ഞുകൂടുന്ന അഴുക്കിന്റെ അളവും അധികമാണ്. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ഫാനുകളും ലൈറ്റുകളും വൃത്തിയാക്കേണ്ടതുണ്ട്. മൂന്നുമാസത്തിലെ ഇടവേളയില്‍ അവ വൃത്തിയാക്കണം.
തലയിണക്കവര്‍ ഉപയോഗിച്ച് ഫാന്‍ നന്നായി വൃത്തിയാക്കാം. സീലിങ് ഫാന്‍ വൃത്തിയാക്കുമ്പോള്‍ അതിന്റെ ബ്ലേഡില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍ മറ്റിടങ്ങളിലേക്ക് പടരാതെ ശ്രദ്ധിക്കണം. ഫാനിന്റെ ബ്ലേഡിലേക്ക് സാവധാനം തലയിണക്കവര്‍ കയറ്റിയശേഷം പതുക്കെ മറ്റേ അറ്റത്തേക്ക് വലിക്കാം. പൊടിപടലങ്ങള്‍ തലയിണകവറിന്റെ ഉള്ളിലേക്ക് വരുന്നതിനാല്‍, മറ്റിടങ്ങളിലേക്ക് പൊടി വീഴില്ല.
മൈക്രോഫൈബര്‍ തുണിയും ഫാന്‍ ശുചിയാക്കുന്നതിന് സഹായകരമാണ്. പൊടി കൈകാര്യം ചെയ്യുമ്പോള്‍ അലര്‍ജിയുള്ളവരില്‍ ഇത് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ വൃത്തിയാക്കുന്നതിന് മുന്‍പ് മാസ്‌ക് ധരിക്കുക. കണ്ണിന്റെ സംരക്ഷണത്തിന് കണ്ണാടി ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ഫാന്‍ ഓഫ് ആണെന്ന ഉറപ്പുവരുത്തിയതിന് ശേഷം ശുചീകരിക്കുവാനും ശ്രദ്ധിക്കണം.
ലൈറ്റുകള്‍ ശുചീകരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. ഇല്ലെങ്കില്‍ നിലത്ത് വീണ് ഇവ പൊട്ടി പോകാന്‍ സാധ്യതയുണ്ട്. മൃദുവായ കോട്ടണ്‍ തുണി ലൈറ്റ് വൃത്തിയാക്കാന്‍ സഹായിക്കും. ചില്ലുകൊണ്ടുള്ള ബള്‍ബുകള്‍ മൃദുവായ തുണി ഉപയോഗിച്ച് ശുചീകരിക്കുക. തുണി നനച്ച് വൃത്തിയാക്കിയാല്‍ ഹോള്‍ഡറില്‍ തിരികെ വെക്കുന്നതിനു മുമ്പ് വെള്ളം ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
Content Highlights: how to clean fan and lights in home