പൂക്കള്‍ക്കും പശുക്കള്‍ക്കും കിളികള്‍ക്കുമിടയില്‍ നിത്യദാസിന്റെ 'സ്വപ്‌ന'വീട്

By: വീണാ ചന്ദ് /ഫോട്ടോ: മുഹമ്മദ് ഷഹീര്‍
സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. മലയാളത്തിന്റെ പ്രിയനടി നിത്യ ദാസിന് ആ സ്വപ്‌നം കേരളത്തിന്റെ അതിരുകളിൽ ഒതുങ്ങുന്നതല്ല. ഭർത്താവ് അരവിന്ദ് സിംഗ് ജഗർവാളിനും മകൾ നൈനയ്ക്കുമൊപ്പം കോഴിക്കോട് ബീച്ച് റോഡിലുള്ള ലെ മാരിയറ്റിലെ ഫ്‌ളാറ്റിലിരുന്ന് നിത്യ കാണുന്ന സ്വപ്‌നങ്ങളിലുള്ളത് അതിരുകൾക്കപ്പുറം ഏതോ ഉത്തരേന്ത്യൻ ഗ്രാമമാണ്. അവിടെ തങ്ങൾക്കായി കാത്തിരിക്കുന്ന ഇനിയും പണി തുടങ്ങാത്ത വീടും.
നഗരത്തിന്റെ തിരക്കുകളോ ആരവങ്ങളോ ഇല്ലാതെ, തീർത്തും ഗ്രാമീണമായ പശ്ചാത്തലത്തിൽ ഒരു വീട്. ആശയം അരവിന്ദിന്റേതാണ്. ഭാഷയോ സംസ്‌കാരങ്ങളോ ഒന്നും പ്രതിബന്ധമാകാതിരുന്ന പ്രണയകഥയിലെ നായികയ്ക്ക് ആ ആശയത്തോട് നൂറു ശതമാനം യോജിപ്പ്. അങ്ങനെ പരസ്പരം പറഞ്ഞു പറഞ്ഞ് ആ സ്വപ്‌നഗൃഹം തന്നെ വല്ലാതെ മോഹിപ്പിക്കാറുണ്ടെന്ന് നിത്യയുടെ തുറന്നുപറച്ചിൽ.
ഒരേക്കർ സ്ഥലത്തിന് നടുവിലായി ഒരു കൊച്ചു വീട്. ഒറ്റ മുറിവീടായാൽ അത്രയും നല്ലത്. ചുറ്റും പലവിധത്തിലുള്ള ചെടികളും പൂക്കളുമൊക്കെയായി വലിയ ഒരു പൂന്തോട്ടം. വീടിനു മുന്നിൽത്തന്നെ ഒരു കിണറുണ്ടാവണം. അടുക്കളപ്പുറത്ത് ചെറിയൊരു പച്ചക്കറിത്തോട്ടം നിർബന്ധം. ഇവിടം കൊണ്ടും തീരുന്നില്ല ആ സ്വപ്നം. പശുക്കളും കോഴികളും കിളികളുമൊക്കെയായി എപ്പോഴും ശബ്ദം നിറഞ്ഞ അന്തരീക്ഷമായിരിക്കണം അവിടെ. തികച്ചും പ്രകൃതിയോടിണങ്ങിയ ഒരു ജീവിതം, അതാണ് ഇത്തരമൊരു സ്വപ്‌നത്തിലേക്കുള്ള പ്രേരണ.
കോഴിക്കോട് കുന്ദമംഗലത്ത്‌ പണിതുടരുന്ന വീട്ടിലല്ല, ഏതോ മലമുകളിലെ ഇനിയും പണിതുടങ്ങാത്ത ആ വീട്ടിലാവും വിശ്രമജീവിതമെന്ന് ഉറപ്പിച്ചുകഴിഞ്ഞു അരവിന്ദും നിത്യയും.


VIEW ON mathrubhumi.com


READ MORE MYHOME STORIES: