സാനിയയുടെ വീടിന്റെ പുതിയ നെയിംപ്ലേറ്റില്‍ ഇനി മകന്‍ ഇസ്ഹാന്റെ പേരും; ചിത്രം പങ്കുവെച്ച് താരം

പുതിയ നെയിംപ്ലേറ്റ്/ സാനിയ മിര്‍സയും മകന്‍ ഇസ്ഹാനും | Photo: instagram/ sania mirza
പുതിയ നെയിംപ്ലേറ്റ്/ സാനിയ മിര്‍സയും മകന്‍ ഇസ്ഹാനും | Photo: instagram/ sania mirza

പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായി വേര്‍പിരിഞ്ഞ ശേഷം മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പം ദുബായിലാണ് സാനിയ മിര്‍സ താമസിക്കുന്നത്. ടെന്നീസ് അക്കാദമിയും സ്‌പോര്‍ട്‌സ് ഷോകളുമായി തിരക്കിലാണ് സാനിയ. ഇതിനിടയില്‍ കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനും സാനിയ എത്തിയിരുന്നു. 

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ടെന്നീസ് താരം പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുകയാണ്. ഇതില്‍ വീടിന്റെ പുതിയ നെയിം പ്ലേറ്റിന്റെ ചിത്രമാണ് ആരാധകരുടെ കണ്ണിലുടക്കിയത്. സാനിയ എന്ന പേരിനൊപ്പം മകന്‍ ഇസ്ഹാന്റെ പേരും കൂടി ചേര്‍ത്താണ് നെയിം പ്ലേറ്റ് തയ്യാറാക്കിയിരിക്കുന്നത്. മകനും സുഹൃത്തുക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രങ്ങളും സാനിയ പങ്കുവെച്ചിട്ടുണ്ട്.

ഇതിന് താഴെ നിരവധി പേരാണ് സാനിയയ്ക്ക് പിന്തുണയും സ്‌നേഹവും അറിയിച്ച് കമന്റ് ചെയ്തത്. മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകുമെന്നും സാനിയ ഇപ്പോള്‍ കൂടുതല്‍ സന്തോഷവതിയായാണ് കാണപ്പെടുന്നതെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം സ്വന്തമായി കൈകാര്യം ചെയ്യാനുള്ള മനക്കരുത്ത് സാനിയയ്ക്കുണ്ടെന്നും ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ കൂടുതല്‍ കരുത്തയായിരിക്കുമെന്നുമെല്ലാം കമന്റുകളിലുണ്ട്. 

2012-ല്‍ ഹൈദരാബാദില്‍ നടന്ന ചടങ്ങിലാണ് സാനിയയും ഷുഐബും വിവാഹിതരാകുന്നത്. 2018-ല്‍ സാനിയ മകന്‍ ഇസ്ഹാന് ജന്മം നല്‍കി. 2022 മുതല്‍ സാനിയയും ഷുഐബും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇരുവരും വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിരുന്നില്ല. ഇതിനിടെ 2024 ജനുവരിയില്‍ പാക്ക് നടി സന ജാവേദിനെ ഷുഐബ് വിവാഹം ചെയ്യുകയായിരുന്നു. ഇതോടെ ഷുഐബില്‍ നിന്ന് വേര്‍പിരിഞ്ഞുവെന്ന് സാനിയയും ഔദ്യോഗികമായി ആരാധകരെ അറിയിക്കുകയായിരുന്നു. 

Content Highlights: sania mirza shares new nameplate of house and cute picture with son izhaan