'പുതിയ തുടക്കത്തിലേക്ക്'; ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. 

ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ചടങ്ങിന്റെ ചിത്രങ്ങളും കുടുംബചിത്രവും പൂര്‍ണിമ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ പൂര്‍ണിമയേയും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തിനേയും മക്കളായ പ്രാര്‍ഥനയേയും നക്ഷത്രയേയും കാണാം. 

ഇന്ദ്രജിത്ത് മുണ്ടും ഷര്‍ട്ടും പൂര്‍ണിമയും പ്രാര്‍ഥനയും സാരിയും നക്ഷത്ര ദാവണിയുമാണ് ധരിച്ചിരിക്കുന്നത്. 'പുതിയ തുടക്കത്തിലേക്ക്' എന്ന ക്യാപ്ഷനും ചിത്രത്തിന് താരം നല്‍കിയിട്ടുണ്ട്. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റ് ചെയ്തു. 'പുതിയ വീട്ടിലെ പാര്‍ട്ടിക്കായി കാത്തിരിക്കുന്നു' എന്നായിരുന്നു നടി റിമ കല്ലിങ്കലിന്റെ കമന്റ്. പാര്‍വതി, നൈല ഉഷ, ദിവ്യപ്രഭ, സംഗീത ജനചന്ദ്രന്‍, പാര്‍വതി ആര്‍ കൃഷ്ണ തുടങ്ങിയവരും തങ്ങളുടെ സ്‌നേഹം അറിയിച്ചു. 

രണ്ട് വര്‍ഷം മുമ്പ് വീട് നിര്‍മാണത്തിനിടെയെടുത്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. അന്ന്  പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയില്‍ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. 'സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം' എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ചേര്‍ത്തിരുന്നു. ഓക്കെ അല്ലേ എന്ന് തൊഴിലാളികളോട് പൂര്‍ണിമ ചോദിക്കുന്നതും പെര്‍ഫെക്റ്റ് ആണ് എന്ന് പൂര്‍ണിമ തന്നെ പറയുന്നതും വീഡിയോയില്‍ കാണാം. മകള്‍ പ്രാര്‍ഥനയ്ക്കൊപ്പം സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത വീഡിയോ ആയിരുന്നു അത്. 

Content Highlights: poornima indrajith shares housewarming photos