പൈതൃകവും, ആഡംബരവും; കൊളോണിയല്‍ ബംഗ്ലാവിനെ സ്വര്‍ഗ സൗധമാക്കി മാറ്റി നയന്‍താരയും വിഘ്‌നേഷും

ആഡംബരത്തിന്റേയും പൈതൃകത്തിന്റേയും കൂടിച്ചേരലാണ് ചെന്നൈയിലെ വീനസ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന നയന്‍താര വിഘ്‌നേഷ് ശിവന്‍ ദമ്പതികളുടെ 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവ്. ഒരു കാലത്ത് കൊളോണിയല്‍ ശൈലിയിലുള്ള വസതിയായിരുന്ന ഈ പ്രോപ്പര്‍ട്ടി, ദക്ഷിണേന്ത്യന്‍ കരകൗശല വൈദഗ്ദം വിളിച്ചോതുന്നതിനൊപ്പം താരദമ്പതികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ മള്‍ടി ഫംങ്ഷണല്‍ ഹോം-സ്റ്റുഡിയോ ആയി പുനര്‍നിര്‍മിച്ചിരിക്കുകയാണിപ്പോള്‍.
വെറും 40 ദിവസങ്ങള്‍ കൊണ്ട് ദി സ്‌റ്റോറി കളക്ടീവിലെ ഡിസൈനര്‍ നിഖിത റെഡ്ഡിയുടെ നേതൃത്വത്തിലാണ് ഈ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. സൂര്യപ്രകാശവും വായുസഞ്ചാരമുള്ളതുമായ നല്ലൊരു വിശ്രമ കേന്ദ്രമായി ഈ സ്ഥലത്തെ മാറ്റിയെടുത്തിട്ടുണ്ട്.
ടെറസുകള്‍ പോലെ പുതിയതായി ചില ഭാഗങ്ങള്‍ പുതിയതായി നിര്‍മിച്ച് കൂട്ടിച്ചേര്‍ത്തതിനാല്‍ ഇതിനെ ഒരു റീമോഡലിങ് പ്രൊജക്ട് എന്നാണ് താന്‍ വിളിക്കുന്നതെന്ന് നിഖിത റെഡ്ഡി ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യയോട് പറഞ്ഞു. ബംഗ്ലാവിന്റെ കൊളോണിയല്‍ സ്വഭാവം നിലനിര്‍ത്തുന്നതിനായി അതിന്റെ യഥാര്‍ത്ഥ പുറംഭാഗം നിലനിര്‍ത്തിയിട്ടുണ്ട്. ഒപ്പം വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും സൂര്യപ്രകാശം പരമാവധി ലഭിക്കുന്നതിനുമായി ഇന്റീയര്‍ തുറന്നുകൊടുത്തുവെന്നും നിഖിത പറയുന്നു.
ബംഗ്ലാവിന്റെ തനിമ നിലനിര്‍ത്താനും ഒപ്പം ധാരാളം സ്വാഭാവിക പ്രകാശം കൊണ്ടുവന്ന് അതിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കാനും ആഗ്രഹിച്ചിരുന്നുവെന്ന് നയന്‍താര പറയുന്നു.
മണ്ണിന്റെ നിറഭേദങ്ങള്‍ (Earthy tone), തേക്ക് മരങ്ങള്‍, നെയ്‌തെടുത്ത തുണികള്‍, ലിനന്‍, ചൂരല്‍ എന്നിവ സംയോജിപ്പിച്ചാണ് ബംഗ്ലാവിനെ മനോഹരമാക്കിയെടുത്തത്. വലിയ ജാലകങ്ങളും തുറന്ന ടെറസുകളും ധാരാളം വെളിച്ചവും കാറ്റും ബംഗ്ലാവിനുള്ളിലേക്ക് എത്തിക്കുന്നു. മരം കൊണ്ടുള്ള തൂണുകള്‍, മണ്‍പാത്രങ്ങള്‍, ശില്‍പങ്ങള്‍ ഉള്‍പ്പടുത്തി ദക്ഷിണേന്ത്യന്‍ കരകൗശല ഭംഗിയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
നയന്‍താരയുടേയും വിഘ്‌നേഷിന്റേയും വ്യക്തിഗത ആവശ്യങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കുന്ന ഹോം സ്റ്റുഡിയോ ആയതിനാല്‍ കോണ്‍ഫറന്‍സ് റൂമുകള്‍, പ്രത്യേക മീറ്റിങ് ഏരിയകള്‍, രണ്ട് പേര്‍ക്കും പ്രത്യേകം സ്വകാര്യ ഓഫീസുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം അതിഥികള്‍ക്കായുള്ള ബെഡ്‌റൂമുകളും ഒരു ലോഞ്ചും ഒരുക്കിയിട്ടുണ്ട്. പഴമയും പുതുമയും ഒരു പോലെ നിലനിര്‍ത്തുന്ന വിവിധങ്ങളായ ഫര്‍ണിച്ചറുകളും ഉപയോഗിച്ചിട്ടുണ്ട്.
Content Highlights: Explore the stunning 7000 sq ft renovated bungalow of Nayanthara & Vignesh Shivan in Chennai