ബാല്‍ക്കണി വാടകയ്ക്ക്, 'സണ്ണി റൂം' എന്ന് പരസ്യത്തില്‍, മാസം നല്‍കേണ്ടത് 81,000 രൂപ

Photo : X / @chmnaidu
Photo : X / @chmnaidu

സിഡ്‌നിയിലെ ഒരു വീട്ടുടമ നല്‍കിയ വിചിത്രമായ പരസ്യമാണ് സാമൂഹികമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയം. വീടിന്റെ ബാല്‍ക്കണി വാടകയ്ക്ക് ലഭ്യമാണ് എന്നതാണ് പരസ്യം. ഫേസ്ബുക്കിലെ മാര്‍ക്കറ്റ്‌പ്ലെയ്‌സിലാണ് ജൂലായ് ആദ്യം പരസ്യം പ്രത്യക്ഷപ്പെട്ടത്. പരസ്യമല്ല താമസസ്ഥലത്തിന്റെ വാടകയാണ് അമ്പരപ്പിക്കുന്നത്. 969 ഡോളറാണ് (81,003 രൂപ) മാസവാടക! സിഡ്‌നിയിലെ ഹേമാര്‍ക്കറ്റിലാണ് ഈ വ്യത്യസ്തമായ താമസസൗകര്യം ലഭ്യമായിരിക്കുന്നത്. 

ഗ്ലാസ് സ്ലൈഡിങ് ഡോര്‍ നല്‍കി ബാര്‍ക്കണി വേര്‍തിരിച്ചിട്ടുണ്ട്. മുറിയില്‍ ഒരു കിടക്കയും ഒരു വലിയ നിലക്കണ്ണാടിയും പരസ്യത്തില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിലുണ്ട്. ആവശ്യക്കാരന് താമസത്തിന് തയ്യാറായവിധത്തിലാണ് മുറിയുള്ളതെന്നും പരസ്യത്തില്‍ പറയുന്നു. 'സണ്ണി റൂം' (നല്ല സൂര്യപ്രകാശമുള്ള മുറി) എന്നതാണ് പരസ്യത്തിലെ മറ്റൊരു ഹൈലൈറ്റ്. ആഴ്ചവാടകയാണ് പരസ്യത്തിനൊപ്പം നല്‍കിയിരിക്കുന്നത്-360 ഓസ്‌ട്രേലിയന്‍ ഡോളര്‍. രണ്ട് കിടപ്പുമുറികളുള്ള അപാര്‍ട്‌മെന്റിന്റെ ഭാഗമാണ് ബാല്‍ക്കണി. ഈ ഭാഗവും വാടകയ്ക്ക് ലഭ്യമാണ്.

പരസ്യത്തിന് വളരെ സരസമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നല്ല മനോഹരമായ കാഴ്ച എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നല്ല വെളിച്ചം കിട്ടും എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഉയര്‍ന്ന വാടകയുടെ പേരില്‍ സിഡ്‌നി ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 


 

Content Highlights: A Balcony In Sydney Has Been Listed For Rent At Rupees 81000 Per Month