കോഴിക്കോട്ടെ കൊളോണിയല്‍ ബംഗ്ലാവ്

By: അല്‍ഫോന്‍സ.പി.ജോര്‍ജ്ജ്
വീട്ടിലിരുന്നാല്‍ കോരപ്പുഴയില്‍ പെയ്തിറങ്ങുന്ന മഴയ്ക്ക് പ്രത്യേക ഭംഗിയാണെന്നു തോന്നും. രാത്രിയില്‍ പുറത്തിറങ്ങിനോക്കിയാല്‍ കോരപ്പുഴയില്‍ പെയ്തിറങ്ങുന്ന നിലാവും കരയിലെ ഈ വീടും ക്യാന്‍വാസിലെ മനോഹരമായൊരു ചിത്രമായും തോന്നും. അതെ ഒരു ആര്‍ക്കിടെക്റ്റിന്റെ വീട് എപ്പോഴും നമ്മുടെ ഭാവനകള്‍ക്ക് അപ്പുറത്തായിരിക്കും. അത്തരമൊരു വീടാണ് കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളത്.
ഇത് വെറുമൊരു വീടല്ല, റെനൊവേഷന്‍ വീടുകളുടെ സ്‌പെഷ്യലിസ്റ്റലായ ജയന്‍ ബിലാത്തിക്കുളത്തിന്റെ ഓഫീസ് കൂടിയാണ് ഈ വീട്. ആര്‍ട്ടിസ്റ്റ് ഹൗസ് എന്നു പേരിട്ടിരിക്കുന്ന ഈ വീട് കൊളോണിയല്‍ മാതൃകയില്‍ നിര്‍മിച്ചതാണ്. വിന്റേജ് സ്‌റ്റൈല്‍ എന്നും ഈ ഡിസൈന്‍ രീതിയെ വിളിക്കാം. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഒരു ഇംഗ്ലീഷ് ബംഗ്ലാവ്.
കോരപ്പുഴയില്‍ നിന്നും പടവുകള്‍ കയറിചെല്ലുന്നത് വീശാലമായ വരാന്തയിലേക്കാണ്. വാരന്തയുടെ വാതില്‍ തുറന്നാല്‍ ഒരു കൊട്ടാരത്തിലെത്തിയ പ്രതീതി. എത്ര കണ്ടാലും മതിയാകാത്ത ഇന്റീരിയര്‍ വിസ്മയങ്ങള്‍. കൊട്ടാരത്തിലെത്തിയില്ലേ ഇനി ഒരു കച്ചേരിയോ ഗസലോ ആയിക്കളയാം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനും സൗകര്യമുണ്ട്. ഹാളിന്റെ ഒരു ഭാഗത്ത് തബലയടക്കമുളള സംഗീത ഉപകരണങ്ങളും മൈക്കും ക്രമീകരിച്ചിട്ടുണ്ട്.
ഹാളിന്റെ ഇടത്തും വലത്തുമായി ഓരോ കിടപ്പുമുറികള്‍, രണ്ടും ബാത്ത്റൂം അറ്റാച്ച്ഡ്‌ ആണ്. ഹാളിനോട് താരതമ്യം ചെയ്യുമ്പോള്‍ കിടപ്പുമുറികളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം സിംപിള്‍ ആന്റ് പവര്‍ഫുള്‍. ബാത്ത് റൂമില്‍ പോലും ആര്‍ട്ടിസ്റ്റ് കൂടിയായ ആര്‍ക്കിടെക്റ്റിന്റെ കരവിരുത് കാണാം.
ഇരുനിലകളില്‍ നിര്‍മിച്ച വീടിന്റെ മുകള്‍നിലയിലേക്കുള്ള ഗോവണി പിന്‍ഭാഗത്തുകൂടിയാണ്. മുകള്‍നിലയിലാണ് ഓഫീസ് മുറിയടക്കമുള്ളവ. ഗോവണി കയറിചെല്ലുന്നത് നിരവധി ആന്റിക്ക് വസ്തുക്കള്‍ വച്ചൊരു ഹാളിലേക്കാണ്. ഹാളും പിന്നിട്ട് നേരെ പോയാല്‍ ഒരു ഹൗസ് ബോട്ടിലെത്തിയോ എന്നു സംശയം. ഹൗസ് ബോട്ടിന്റെ സ്റ്റിയറിങ്ങ് വീല്‍ മട്ടുപ്ലാവില്‍ വച്ചപ്പോള്‍ ഇവിടെ നില്‍ക്കുന്ന ആര്‍ക്കും കോരപ്പുഴയിലൂടെ ഹൗസ് ബോട്ടില്‍ പോകുകയാണെന്നേ തോന്നൂ.
ഹാളില്‍ പഴയ മരത്തടയില്‍ തീര്‍ത്ത മച്ചുകള്‍. വലത് ഭാഗത്തുള്ള ഓഫീസ് മുറിയ്ക്ക് അന്യം നിന്നുപോയ ഹുരീഡീസിന്റെ മേല്‍ക്കൂര. ഓഫീസ് മുറിയ്ക്ക് പുറമെ അതിഥികള്‍ക്ക് ഇരിക്കാനായി ഒരു സ്വീകരണമുറിയും മുകള്‍ നിലയിലുണ്ട്.
എന്താണ് ആര്‍ട്ടിസ്റ്റ് ഹൗസ്
കോഴിക്കോട് നിന്നും എലത്തൂര്‍ വഴി വെങ്ങളത്ത് ചെന്ന് അമാന ടൊയോട്ട ഷോറൂമിനു എതിര്‍വശത്തുള്ള ഇടവഴിയില്‍ കൂടി കോരപ്പുഴ ലക്ഷ്യമാക്കി നേരെ വെച്ചുപിടിച്ചാല്‍ ആര്‍ട്ടിസ്റ്റ് ഹൗസിലെത്താം. ആര്‍ക്കിടെക്റ്റ് ജയന്‍ ബിലാത്തിക്കുളത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഈ വീട്ടിലാണ്. തന്നെ കാണാനെത്തുന്ന ക്ലൈന്റ്‌സിന് ഡിസൈനിന്റെ മാതൃക മനസിലാക്കികൊടുക്കുക എന്ന ലക്ഷ്യവും ഈ വീടിന്റെ നിര്‍മാണത്തിന് പിന്നിലുണ്ട്. ആര്‍ട്ടിസ്റ്റ് ഹൗസിലെ വരാന്തയില്‍ ഒരു ടേപ്പെടുത്ത് വച്ച് അളന്നാല്‍ ക്ലൈന്റ്‌സിന് തന്റെ വീടിന്റെ വരാന്തയ്ക്ക് എത്ര നീളവും വീതിയും വേണമെന്ന് നിശ്ചയിക്കാം.
പ്രത്യേകതകള്‍കൊളോണിയല്‍ മാതൃകയില്‍ പുതുക്കിപ്പണിതതാണ് ഈ വീട്. വീടിന്റെ നിര്‍മാണത്തിന് ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത് പഴയ വസ്തുക്കളാണ്. മേല്‍ക്കൂര നിര്‍മാണത്തിന് പഴയ ഓടുകള്‍. ഫര്‍ണിച്ചര്‍ അടക്കമുള്ളതിന് പഴയ മരത്തടികള്‍ ആണ്. 150 ല്‍ അധികം വര്‍ഷം പഴക്കമുള്ള പഴയ ഇംഗ്ലീഷ് ബംഗ്ലാവിന്റെ വാതിലുകളും ജനലകളും ആണ് ആര്‍ട്ടിസ്റ്റ് ഹൗസില്‍ ഉപയോഗിച്ചിരിക്കുന്നത്. പല നിറത്തിലുള്ള ജനാലകള്‍ വീടിന് ഒരു ഹെറിറ്റേജ് ലുക്ക് നല്‍കുന്നു.
കോസ്റ്റ് എഫക്ടീവ്
ബാത്ത് റൂമില്‍ സാധാരണ ഉപയോഗിക്കാറുള്ള 35-40 രൂപ വിലയുള്ള വൃന്ദാവന്‍ ടൈലുകളാണ് ഹാളില്‍ പാകിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഹാളില്‍ പരവതാനി വിരിച്ചിരിക്കുകയാണെന്നേ ആര്‍ക്കും തോന്നു.
വരാന്തയിലും വിലകുറഞ്ഞ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തൂണുകള്‍ അടക്കമുള്ളവ സിമന്റില്‍ നിര്‍മിച്ച് അവയ്ക്ക് വുഡന്‍ പോളിഷ് നല്‍കിയതോടെ മരത്തിന്റെ കാശ് ലാഭം. രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളോട് കിടപിടിക്കുന്നതാണ് വീടിന്റെ ഹാള്‍. വുഡന്‍വര്‍ക്കുകള്‍ ധാരാളമുള്ള ഹാളില്‍ ഇവയിലൊന്നിലും മരം തൊട്ടിട്ടുപോലുമില്ലെന്നതാണ് വസ്തുത. ഫെറോസിമന്റില്‍ നിര്‍മിച്ച റെഡിമെയ്ഡ് മെന്റീരിയലിന്‍ മരവര്‍ണത്തില്‍ ചാലിച്ച് ചുവരില്‍ വച്ചു പിടിപ്പിച്ചതോടെ സമയവും ഒപ്പം പോക്കറ്റിലും ലാഭം.
ഇന്റീരിയര്‍
പലവര്‍ണങ്ങളിലുള്ള ഓടുകള്‍, നീലയും വെള്ളയും നിറങ്ങളിലുള്ള മച്ചില്‍ തൂങ്ങിയാടുന്ന കാന്‍ഡില്‍ ലൈറ്റുകള്‍. പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച വിവിധ വര്‍ണങ്ങളില്‍ ഉള്ള ശില്‍പ്പങ്ങള്‍. സ്വിച്ച് ബോര്‍ഡ് പോലും കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നും കടമെടുത്തത്. നീല ബല്‍ജിയം ഗ്ലാസുകള്‍ വീടിന് കൊളോണിയല്‍ വ്യക്തിത്വം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
മുകള്‍ നിലയിലെ മുറികള്‍ക്ക് നല്‍കിയിരിക്കുന്നത് വുഡണ്‍ പാറ്റേണിലുള്ള ടൈലുകളാണ്. തറയില്‍ വെറും 30 രൂപ വില വരുന്ന ടൈലുകള്‍ നല്‍കുന്ന പ്രൗഢി എടുത്തുപറേണ്ടതാണ്. ടൈലുകള്‍ പാകിയതില്‍ പോലും ജയന്‍ ബിലാത്തികുളത്തിന്റെ പ്രതിഭാസ്പര്‍ശം ഉണ്ട്. നിരവധി സ്റ്റാച്യുകളും ഹാളില്‍ കാണം. ഇവ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. ചെറിയൊരു ആന്റിക് മ്യൂസിയമാണ് ഈ ഹാളുകള്‍ എന്നുപറഞ്ഞാലും അതിശയോക്തിയാകില്ല.
പുഴ വീട്ടിലേക്ക്കോരപ്പുഴ ആര്‍ട്ടിസ്റ്റ് ഹൗസിന്റെ അകത്തുകൂടിയും ഒഴുകുന്നുണ്ട്. പഴയ മരത്തിടിയില്‍ പൊതിഞ്ഞ വലിയ ഗ്ലാസുകള്‍ പുഴയെ വീട്ടിലേക്കെത്തിക്കുന്നു. വില കുറഞ്ഞവയാണ് ഈ ഗ്ലാസുകള്‍ എന്നത് പ്രത്യേകം പറയേണ്ടതില്ല. വീടിന്റെ ഏതു ഭാഗത്തുനിന്നാലും കോരപ്പുഴ കാണാം.
കണ്ണുതള്ളുന്ന ബഡ്ജറ്റ്ഈ റിച്ച് ബംഗ്ലാവിന് കോടികള്‍ ചിലവായിട്ടില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതാണ്. കോരപ്പുഴയുടെ തീരത്തുണ്ടായിരുന്ന ഒരു സാധാരണ കൊച്ചുവീടിനെ ആറുവര്‍ഷം മുമ്പ് നവീകരിച്ചാണ്‌ ഈ നിലയിലേക്ക് മാറ്റിയത്. 2600 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന്റെ നിര്‍മാണത്തിനായി വെറും 26 ലക്ഷം രൂപയാണ് അന്ന് ചിലവായത്. ഇന്ന് ഇത്തരം ഒരു വീട് 50 ലക്ഷത്തിന് നിര്‍മിക്കാമെന്ന് ആര്‍ക്കിടെക്റ്റ് പറയുന്നു. പക്ഷേ ഒരു കണ്ടീഷന്‍ മാത്രം ഡിസൈനര്‍ പറയുന്ന വിലകുറഞ്ഞ ടൈലുകള്‍ അടക്കമുള്ളവ വാങ്ങിക്കണം.
ജയന്‍ ബിലാത്തിക്കുളം
റെനൊവേഷന്‍ വീടുകളുടെ സ്‌പെഷ്യലിസ്റ്റായ ജയന്‍ ബിലാത്തിക്കുളം അറിയപ്പെടുന്ന സര്‍ക്കാര്‍ മന്ദിരങ്ങളെപ്പോലും നവീകരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തും അദ്ദേഹം നിരവധി വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഫോണ്‍:9447357820


VIEW ON mathrubhumi.com


READ MORE MYHOME STORIES: