അച്ചുവും അമ്മയും ജീവിച്ച വീട്

By: എഴുത്ത് : അല്‍ഫോന്‍സ പി.ജോര്‍ജ് / ചിത്രങ്ങള്‍ : എ.കെ.ഷിനോയ്
ടേക്ക് സം വെണ്ടക്ക, കട്ട് കട്ട് കട്ട് ടേക്ക് സം ഒനിയന്‍ കട്ട്,കട്ട്, പുട്ട് ഇന്‍ടു ചീനച്ചട്ടി കടുവറ..കടുവറ, കടുവറ ഇങ്ങനെ പറഞ്ഞ് ഉര്‍വശി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച ഒരു അടുക്കള ഓര്‍മ്മയില്ലേ... എന്തുപറഞ്ഞാലും നീ എന്റേതല്ലെ വാവേ... ഒന്നു പിണങ്ങാതെ ഒന്നു കൂടെ പോരു പൂവേ.. എന്നു പാടി മീരജാസ്മിനും ഉര്‍വശിയും തകര്‍ത്തഭിനയിച്ച ഒരു പഴയവീടും ഓര്‍ക്കുന്നില്ലേ? അച്ചുവും അമ്മയും ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും ജീവിച്ചത് ഈ വീട്ടിലാണ്. മാങ്കാവിലെ ശാന്തിനിലയത്തിൽ
ഒരമ്മയുടെയും മകളുടെയും സ്‌നേഹത്തിന്റെ കഥപറഞ്ഞ സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മ ചിത്രീകരിച്ചത് കോഴിക്കോട് മാങ്കാവിലുള്ള ശാന്തിനിലയം എന്ന ഈ വീട്ടിലാണ്. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രധാനഭാഗമായ വീട് ഇന്നും അതേ പോലെ നില്‍ക്കുന്നു ഒട്ടും പഴമ ചോരാതെ. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായി വിരമിച്ച ഗോപിനാഥമേനോനും ഭാര്യ ധനലക്ഷ്മിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. 55 വര്‍ഷം മുന്‍പ് ഇരുവരും മറ്റൊരാളുടെ കയ്യില്‍ നിന്നും വാങ്ങിയതാണ് ഈ വീട്. അതുകൊണ്ട് തന്നെ ശാന്തിനിലയത്തിന്റെ പഴക്കം നിശ്ചയിക്കുക എളുപ്പമല്ല.
വീടിനുള്ളില്‍ കടന്നാല്‍ ആരെയും ആകര്‍ഷിക്കുന്നത് വീടിനുള്ളിലെ തണുപ്പ് തന്നെയാണ്. വീടിന്റെ സ്വീകരണമുറി കടന്നുചെന്നാല്‍ നീളന്‍ ഇടനാഴിയും കിടപ്പുമുറികളും കാണാം. അകത്തളത്തിനോട് ചേര്‍ന്നാണ് അടുക്കളയും വര്‍ക്ക് ഏരിയയും ഉള്ളത്. രണ്ട് കിടപ്പുമുറികള്‍ അടങ്ങിയതാണ് വീട്. പണ്ട് കാലത്തുണ്ടായിരുന്ന മച്ചും നല്ല ബലമുള്ള മരത്തിന്റെ കട്ടിളയും വാതിലുകളും ഒക്കെ ഈ വീടിനും ഉണ്ട്.
അച്ചുവിന്റെ അമ്മയ്ക്ക് പുറമെ മോഹന്‍ലാല്‍ നായകനായ അലിഭായിയുടെ ചിത്രീകരണത്തിനും ഈ വീട് ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് സിനിമകള്‍ ചിത്രീകരിക്കാന്‍ വീട് വിട്ടുനല്‍കിയിട്ടില്ലെന്ന് ഗോപിനാഥ മേനോന്‍ പറയുന്നു. ഒരുപാട് സിനിമകളുടെ ഭാഗമായില്ലെങ്കിലും ഒരു സിനിമയിലൂടെ തന്നെ ഈ വീട് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.
അച്ചുവും അമ്മയും ജീവിച്ച 'ആ വീട്' ഇതാണ്‌


VIEW ON mathrubhumi.com


READ MORE MYHOME STORIES: