യുകെയിലെ ദന്ത ഡോക്ടറിൽ നിന്ന് തിരക്കഥാകൃത്തിലേക്ക്, ഡോ. അജിത്തിന് പ്രചോദനം സഹോദരൻ

ഡോ. അജിത് നായർ | ഫോട്ടോ: www.instagram.com/ajith.sugunan.nair
ഡോ. അജിത് നായർ | ഫോട്ടോ: www.instagram.com/ajith.sugunan.nair

മലയാള സിനിമയില്‍ ഡോ. ബാലകൃഷ്ണന്‍, ഡോ. ബിജു, ബോബി-സഞ്ജയ്, ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം തുടങ്ങി ഇതിനു മുമ്പും ഡോക്ടറായ പലരും തിരക്കഥയൊരുക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്കാണ് യുകെയില്‍ ദന്ത ഡോക്ടറായ അജിത് നായര്‍ രംഗപ്രവേശം ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍ ജോഡി ഒന്നിച്ച  ത്രിശങ്കുവിന്റെ തിരക്കഥയൊരുക്കിയത് യുകെയില്‍ ദന്ത ഡോക്ടറായ അജിത് നായരാണ്. 

ചെറുപ്പത്തിലേ വായനയോടും എഴുത്തിനോടും താത്പര്യം ഉണ്ടായിരുന്ന അജിത്തിന്റെ പിതാവ് സെമി-പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതുമായിരുന്നു. തുടക്കത്തില്‍ എഴുതിയ പല തിരക്കഥകളും പുനര്‍വായനയില്‍ ഒരു സിനിമയാക്കാന്‍ വേണ്ട മെറ്റീരിയല്‍ ഇല്ലാത്തിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ അത്തരം എഴുത്തുകള്‍ ഒരു പ്രാക്റ്റീസ് കിട്ടാന്‍ സഹായിക്കുകയും പിന്നീട് എഴുതിയ തിരക്കഥകള്‍ മറ്റുള്ളവര്‍ വായിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്തത് ആത്മവിശ്വാസം നല്‍കി. 

തിരുവനന്തപുരം സ്വദേശിയായ അജിത്തിന്റെ സഹോദരന്‍ അഭിലാഷും തിരക്കഥാകൃത്താണ്. അടി കപ്യാരെ കൂട്ടമണിയാണ് അഭിലാഷിന്റെ ആദ്യ ചിത്രം. സ്‌കോട്ട്ലന്റിലെ ഗ്ലാസ്ഗോ കാലിഡോണിയന്‍ യൂണിവേഴ്സിറ്റിയില്‍ ലെക്ച്ചറര്‍ ആയി ജോലി ചെയ്യുന്ന ചേട്ടന്‍ അഭിലാഷ്.എസ്.നായര്‍ തിരക്കഥാകൃത്തായി സിനിമയില്‍ പ്രവേശിച്ചതാണ് അജിത്തിന് പ്രചോദനമായത്. തുടര്‍ന്നാണ് മലയാളസിനിമാമേഖലയിലേക്ക് പ്രവേശിക്കാന്‍ സ്വന്തമായി ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയത്. നായകന്‍ ഒളിച്ചോടാന്‍ തീരുമാനിക്കുന്ന ദിവസം തന്നെ അവന്റെ പെങ്ങള്‍ ഒളിച്ചോടുന്നു എന്ന വണ്‍ലൈന്‍ രസകരമായി തോന്നിയതിനാല്‍ ത്രിശങ്കു എന്ന പ്രോജക്ടിന്റെ തിരക്കഥയില്‍ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു.

യുകെയിലെ പഠന കാലത്ത് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍, ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പ്ലെയര്‍ എന്നീ നിലകളില്‍ തിളങ്ങിയ അജിത് ചിത്രത്തില്‍ ഒരു ഗാനം കൂടി എഴുതിയിട്ടുണ്ട്. അച്ഛന്‍ സുഗുണന്‍ നായര്‍ റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ടു. അമ്മ ഗീത.കെ.എസ്. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥയാണ്. 

പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് അജിത്. പലപ്പോഴായി എഴുതി പൂര്‍ത്തിയാക്കിയ അഞ്ചോളം തിരക്കഥകളുടെ പ്രൊജക്റ്റ് ചര്‍ച്ചകള്‍ നടന്നു വരുന്നു. ചേട്ടന്‍ അഭിലാഷ്.എസ്. നായരുമായി ചേര്‍ന്ന് എഴുതുന്ന ഒരു കോമഡി ചിത്രം അതിലൊന്നാണ്. ത്രിശങ്കു സംവിധായകന്‍ അച്യുതുമായി വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രവും തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംവിധാനം ഭാവി പ്ലാനുകളില്‍ ഒന്നാണെങ്കിലും, ഉടനെ ഒന്നും ചെയ്യാന്‍ പദ്ധതി ഇല്ല എന്ന് അജിത് പറഞ്ഞു. 

Content Highlights: thrishanku scriptwriter dr ajith nair, thrishanku movie in netflix