2 കോടി ചെലവിൽ 61 കോടി വാരി;ബോളിവുഡ് ഞെട്ടിയ ചിത്രം; OTT പ്ലാറ്റ്ഫോമിൽനിന്ന് അധിക്ഷേപമെന്ന് സംവിധായകൻ

'ഹനുമാൻ അംശ്' എന്ന ചിത്രത്തിന്റെ കഥയുമായി ഒ.ടി.ടി. പ്ലാറ്റ്ഫോമിനെ സമീപിച്ചപ്പോൾ നേരിടേണ്ടി വന്ന അപമാനകരമായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ വിശാൽ ചതുർവേദി. ഒ.ടി.ടി. പ്ലാറ്റ്‌ഫോം തന്റെ ആശയം നിരസിച്ച രീതി അധിക്ഷേപകരമായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ ദുരനുഭവം നീം കരോലി ബാബയുടെ ജീവിതം തിയേറ്ററുകളിൽ എത്തിക്കണമെന്ന തന്റെ തീരുമാനത്തെ കൂടുതൽ ശക്തമാക്കിയെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.
ഇന്ത്യ ടി.വിയോട് സംസാരിക്കവേയാണ് വിശാൽ ചതുർവേദി തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ശേഷിയുള്ള ഇന്ത്യൻ കഥകളുണ്ടോ എന്ന് ചോദിച്ചാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലെ അധികൃതർ സംസാരിച്ചു തുടങ്ങിയത്. താൻ നീം കരോലി ബാബയുടെ കഥ പറഞ്ഞു. എന്നാൽ, അവർ ആ കഥ നിരസിച്ച രീതിയും ഉപയോഗിച്ച ഭാഷയും അധിക്ഷേപ സ്വഭാവമുള്ളതായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.
സിനിമാപ്രവർത്തകൻ എന്ന നിലയിൽ നിരസിക്കപ്പെടുന്നത് ആദ്യമായല്ല. അത് പുതിയ കാര്യവുമല്ല. ഇന്ത്യൻ സന്യാസിമാരുടെ ചിന്താഗതിയെ ഇത്രയും മോശമായി കാണുന്ന പ്ലാറ്റ്ഫോമുകൾ രാജ്യത്തിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത് എന്ന തോന്നലുണ്ടാക്കി. അത്തരം തെറ്റായ കാഴ്ചപ്പാടുകളെ തിരുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ്, സിനിമ എന്തുവന്നാലും പൂർത്തിയാക്കുമെന്ന് താൻ നിശ്ചയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20-ാം നൂറ്റാണ്ടിലെ പ്രശസ്തനായ ആത്മീയ ഗുരുവിനെക്കുറിച്ച് സിനിമകളൊന്നും ഇതുവരെ നിർമിക്കപ്പെടാത്തതിൽ ബോളിവുഡിനെ അദ്ദേഹം വിമർശിച്ചു. ആപ്പിളിന്റെ ലോഗോയ്ക്കുപോലും പ്രചോദനമായെന്ന് കരുതപ്പെടുന്ന, പ്രമുഖ ആഗോള സംരംഭകരെ സ്വാധീനിച്ച നീം കരോലി ബാബയുടെ കഥ ലോകമറിയേണ്ടതായിരുന്നു. എന്തുകൊണ്ടാണ് ബോളിവുഡ് ഇത് നേരത്തെ സിനിമയാക്കിയില്ലെന്നും വിശാൽ ചോദിച്ചു.
രണ്ടുകോടി ബജറ്റിൽ നിർമിക്കപ്പെട്ട ചിത്രം ഓഗസ്റ്റ് ഏഴിനാണ് പ്രദർശനത്തിന് എത്തിയത്. ആദ്യ ദിനം 10 ലക്ഷം രൂപ മാത്രം കളക്ഷൻ നേടിയ ചിത്രം, പിന്നീട് പ്രേക്ഷകരുടെ മികച്ച അഭിപ്രായത്തെത്തുടർന്ന് കളക്ഷനിൽ വൻ കുതിച്ചുചാട്ടം നടത്തി. മൂന്നാം ആഴ്ചയിൽ മാത്രം 10.40 കോടി രൂപ നേടുകയും, നാലാം ആഴ്ചയുടെ അവസാനത്തോടെ ബോക്സ് ഓഫീസിൽ 61 കോടി രൂപ കളക്ഷൻ പിന്നിടുകയും ചെയ്തു. വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച 'ഹനുമാൻ അംശ്' നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
Content Highlights: Director Vishal Chaturvedi shares humiliating experience with an OTT platform regarding the film Hanuman Ansh. The movie is based on the life and teachings of spiritual guru Neem Karoli Baba. Despite a meager budget of Rs 2 crore, the film achieved a massive box office collection of Rs 61 crore. The director criticized Bollywood for ignoring the inspiring stories of Indian spiritual figures.