പാസത്തില്‍ പൊതിഞ്ഞ ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നര്‍, വിജയിസത്തിന്റെ ആഘോഷം | Varisu Review

Varisu
Varisu

പാസം (സ്‌നേഹം) എന്ന വാക്കിന് തമിഴര്‍ എത്രമേല്‍ വിലകല്പിക്കുന്നു എന്ന് പറയാനാവില്ല. പ്രത്യേകിച്ച് ഇങ്ങനെയൊരു വിഷയം സിനിമയിലാണ് വരുന്നതെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഡാര്‍ക്ക് ഷേഡുള്ള, രക്തച്ചൊരിച്ചിലുള്ള, പരീക്ഷണാത്മക ന്യൂജെന്‍ പടങ്ങളുടെ കുത്തൊഴുക്കില്‍ ഇടയ്‌ക്കെവിടെയോ തമിഴ്‌സിനിമയില്‍ അന്യംനിന്നുപോയ വിഷയമാണ് ഇപ്പറഞ്ഞ പാസവും കുടുംബവും ബന്ധങ്ങളുമെല്ലാം. കുറേ നാളുകള്‍ക്ക് ശേഷം അങ്ങനെയൊരു ചിത്രം തമിഴ്‌സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. വിജയ് എന്ന സൂപ്പര്‍താരത്തെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് എന്ന ചിത്രത്തിലൂടെ.

പൂര്‍ണമായും ഒരു കുടുംബത്തെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥയാണ് വാരിസിന്റേത്. അച്ഛന്‍, അമ്മ, മക്കള്‍, അവരുടെ മക്കള്‍, ഇവരുടെ ബന്ധങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് ചിത്രം ആത്യന്തികമായി പറയുന്നത്. ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ സംതൃപ്തി തോന്നുന്ന രീതിയില്‍ ചിത്രം അണിയിച്ചൊരുക്കാന്‍ സംവിധായകന്‍ വംശിക്ക് സാധിച്ചിട്ടുണ്ട് എന്ന് എടുത്തുപറയണം. കാരണം  ഒരു വിജയ് ചിത്രത്തില്‍ നിന്ന് ആരാധകരാകട്ടേ, സാധാരണ ആസ്വാദകരാകട്ടേ എന്തെല്ലാം പ്രതീക്ഷിക്കുന്നുണ്ടോ അതെല്ലാം കൃത്യമായ അളവില്‍ ചേര്‍ക്കുന്നതില്‍ വംശി വിജയിച്ചിട്ടുണ്ട്. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിജയ് ചെയ്ത സിനിമകള്‍ നോക്കിയാലറിയാം ഒരു തരം രക്ഷക പരിവേഷം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലുണ്ടെന്ന്. ഇത്തവണ അതിനൊരു മാറ്റമെന്നോണം കുടുംബത്തിന് താങ്ങാവുന്ന മകന്റെ വേഷത്തിലേക്ക്, പ്രേക്ഷകര്‍ക്ക് കൂടുതല്‍ അടുപ്പം തോന്നുന്ന ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങിവന്നിരിക്കുകയാണ് താരം. സാന്ദര്‍ഭികമായി ആക്ഷനും മാസും പ്രണയവുമെല്ലാം കടന്നുവരുന്നുണ്ടെങ്കിലും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കാണ് വിജയ് രാജേന്ദ്രന്‍ എന്ന നായകനെ വംശി എന്ന സംവിധായകന്‍ ഫോക്കസ് ചെയ്യിക്കുന്നത്. വീട് എന്നത് കല്ലും മണ്ണുമാണെന്നും കുടുംബമാണ് മുഖ്യമെന്ന് സിനിമയിലെ ഒരു കഥാപാത്രം പറയുന്നുമുണ്ട്.

എല്ലാ കഥാപാത്രങ്ങള്‍ക്കും അവരവരുടേതായ ഇടം കണ്ടെത്തിക്കൊടുക്കാന്‍ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടുണ്ട്. ഗംഭീരമായിരുന്നു രാജേന്ദ്രന്‍ എന്ന വേഷത്തിലെത്തിയ ശരത്കുമാര്‍. കോര്‍പ്പറേറ്റ് കമ്പനിയുടമയായും അതേസമയം തന്നെ നിസ്സഹായനായ പിതാവായും ശരത്കുമാര്‍ തിളങ്ങി. പ്രകാശ് രാജ്, ശ്രീകാന്ത്, ശ്യാം, ജയസുധ, രശ്മിക, സംഗീത, യോഗി ബാബു, പ്രഭു, ഗണേഷ് വെങ്കട്ടരാമന്‍, സുമന്‍ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഇടയ്ക്ക് അല്പനേരം മാത്രം വന്ന് നിറഞ്ഞ കയ്യടി വാങ്ങിക്കൊണ്ടുപോകുന്നുണ്ട് എസ്.ജെ സൂര്യ.

സ്‌റ്റൈലിഷ് അവതരണമാണെങ്കിലും സ്ഥിരം വിജയ് ചിത്രങ്ങളുടെ മാതൃകയിലല്ല വാരിസ്. തമിഴ്‌നാട്ടിലെ വിജയ് ആരാധകരുടെ വികാരം കണക്കിലെടുത്ത് വേണമെങ്കില്‍ ഒരു പഞ്ച് ഇന്‍ട്രോയും സംഘട്ടനവുമെല്ലാം ചേര്‍ത്ത് സം?ഗതി ഒന്ന് കൊഴുപ്പിക്കാമായിരുന്നെങ്കിലും വംശി അതിന് മുതിര്‍ന്നില്ല എന്നത് പ്രത്യേകം പറയണം.  മാസിനും അക്രോബാറ്റിക് സ്‌റ്റൈല്‍ സംഘട്ടനങ്ങള്‍ക്കും നേരത്തേ അവസരമുണ്ടായിട്ടും അതെല്ലാം ആവശ്യമുള്ള സ്ഥലത്ത് മാത്രം ചേര്‍ത്ത് പുതിയൊരു വിജയ് ചിത്രമുണ്ടാക്കി എന്നതില്‍ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. ധൈര്യമായി ടിക്കറ്റെടുക്കാം ഈ ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറിന്.

Content Highlights: Varisu Review, Vijay, vamshi paidipally rashmika mandanna sarath kumar, Khushboo