ഭയപ്പെടുത്തുന്ന മരുഭൂമിക്കാഴ്ചകൾ, ജീവനുവേണ്ടിയുള്ള പോരാട്ടം | രാസ്ത റിവ്യൂ

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

ണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന ഭയപ്പെടുത്തുന്ന ഒരു മരുഭൂമിയിൽ അകപ്പെട്ടുപോകുന്ന നാൽവർ സംഘത്തിൻ്റെ അതിജീവന കഥയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത'. സർവെെവൽ ത്രില്ലറായി ഒരുങ്ങിയ ചിത്രം വെെകാരിക തലങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. ഇന്തോ-ഒമാൻ സംരംഭമായി ഒരുങ്ങിയ ചിത്രത്തിൽ സർജാനോ ഖാലിദ് ആണ് നായകവേഷത്തിൽ എത്തുന്നത്.

22 വർഷങ്ങൾക്ക് മുൻപ് കാണാതായ അമ്മയെത്തേടി ഒമാനിലെത്തുന്ന മകളുടെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ശഹാനയെന്ന ഈ പെൺകുട്ടിക്ക് സ​ഹായത്തിനായി പ്രവാസി മലയാളികളുടെ ഒരു സംഘമുണ്ട്. ശഹാനയുടെ അമ്മയെ തേടിയുള്ള ഇവരുടെ യാത്രയിലൂടെയാണ് ചിത്രം പുരോ​ഗമിക്കുന്നത്. പക്ഷേ ആ യാത്ര ആ സംഘത്തെ കൊണ്ടെത്തിക്കുന്നത് ഭയാനകമായ സാഹചര്യങ്ങളിലാണ്. 

സൗദി-ഒമാന്‍ അതിര്‍ത്തിലായി പടര്‍ന്നു കിടക്കുന്ന, ലോകത്തിലെ ഏറ്റവും ഭയാനകമായ മരുഭൂമികളിലൊന്നായ റൂബൽ ഖാലിയിൽ സംഘം എത്തിപ്പെടുകയാണ്. തുടർന്ന് ഇവർ നടത്തുന്ന അതിജീവന പോരാട്ടമാണ് ചിത്രം. 2011-ല്‍ റുബല്‍ ഖാലി മരുഭൂമിയില്‍ ഉണ്ടായ ഒരു യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ആദ്യപകുതിയിൽ പ്രവാസി മലയാളികളുടെ സൗഹൃദത്തിലൂടെയും അവരുടെ ജീവിതത്തിലെ സന്തോഷത്തിലൂടെയും പ്രശ്നങ്ങളിലൂടെയുമൊക്കെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രണയവും ചിത്രത്തിൽ നിർണായകമാവുന്നുണ്ട്. രണ്ടാം പകുതിയിലാണ് ചിത്രം ത്രില്ലർ സ്വഭാവത്തിലേയ്ക്ക് കടക്കുന്നത്. മരുഭൂമിയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഭയാനകമായ അവസ്ഥകളുമൊക്കെ സംവിധായകൻ കാണിച്ചുതരുന്നുണ്ട്. 

സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ തുടങ്ങിയവർക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. 

അമ്മയെ കണ്ടെത്താനായി ഏതറ്റം വരെയും പോകാൻ ഒരുങ്ങിയിറങ്ങിയ പെൺകുട്ടിയുടെ വേഷം അനഘ നാരായണൻ ഭദ്രമാക്കി. കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ സർജാനോ ഖാലിദും ഭം​ഗിയാക്കി. ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാ​ഗ്രഹണം. 

സം​ഗീതത്തിന് വളരെയേറെ പ്രാധാന്യമുള്ള ചിത്രം കൂടിയായിരുന്നു രാസ്ത. ഹരിനാരായണന്‍, അന്‍വര്‍ അലി, വേണുഗോപാല്‍ ആര്‍. എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് അവിന്‍ മോഹന്‍ സിത്താരയാണ്. വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ് ജോസഫ്, സൂരജ് സന്തോഷ്, മൃദുല വാര്യര്‍ എന്നിവരാണ് ​ഗായകർ. അലു എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: sarjano khalid aneesh anwar movie raastha review