Prathichaya Review | കളംനിറഞ്ഞ് നിവിൻ, പ്രകടനമികവിൽ ബാലചന്ദ്രമേനോൻ; ഒളിമങ്ങാത്ത പ്രതിഛായ

വരികൾക്കിടയിൽ രാഷ്ട്രീയം ഒളിപ്പിച്ച് നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ സിനിമ എന്ന ലേബലിൽ ഒരു സിനിമ മലയാളത്തിൽ വന്നിട്ട് കുറച്ചുകാലമായി. ആ വിടവ് നികത്തുകയാണ് നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത പ്രതിഛായ. താരപ്രകടനങ്ങൾകൊണ്ടും ദൃശ്യഭാഷകൊണ്ടും ആഖ്യാനശൈലികൊണ്ടും ആസ്വാദകനെ പിടിച്ചിരുത്തുന്ന ചിത്രമാണ് പ്രതിഛായ എന്ന് ആമുഖമായി പറയാം.
അടിമുടി രാഷ്ട്രീയം പറയുന്ന ചിത്രമാണ് പ്രതിഛായ. കഥാപശ്ചാത്തലം മുതൽ, ടൈറ്റിൽ എഴുതിക്കാണിക്കുന്നതിൽ വരെ രാഷ്ട്രീയം കാണാൻ സാധിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന അമ്പരപ്പിക്കുന്ന ഒരു ആരോപണം. ഇതേത്തുടർന്നുണ്ടാകുന്ന അദ്ദേഹത്തിന്റെ രാജി. അച്ഛനെതിരെ ഉയർന്ന ആരോപണത്തിന് പിന്നാലെ മകൻ നടത്തുന്ന അന്വേഷണം. ഇതാണ് പ്രതിഛായ എന്ന ചിത്രത്തിന്റെ അടിസ്ഥാനം. ഇതിനുപുറമേ അച്ഛൻ-മകൻ ബന്ധവും രാഷ്ട്രീയ-കോർപ്പറേറ്റ് കരുനീക്കങ്ങളും കഥാഗതിയിൽ കടന്നുവരുന്നു.
വിശാലമായ ക്യാൻവാസാണ് ചിത്രത്തിനുള്ളത്. പടിപടിയായാണ് ഓരോ സംഭവവും അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ സംഭവവികാസങ്ങളും അടിയും തിരിച്ചടിയും ഒന്നിനുമുകളിൽ ഒന്നായി വൃത്തിയായി അടുക്കിവെച്ചിട്ടുണ്ട് ബി. ഉണ്ണിക്കൃഷ്ണനും ടീമും. ഒരു വേൾഡ് ബിൽഡിങ് എന്ന് പറഞ്ഞാലും അതിശയോക്തിയുണ്ടാവില്ല. ഒരു രംഗം ചൂണ്ടിക്കാട്ടി ഇതെന്തിനുവേണ്ടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാൻ ചിത്രത്തിനാകുന്നുണ്ട്. തിരക്കഥാ രചനയിൽ പുലർത്തിയിരിക്കുന്ന സൂക്ഷ്മത തന്നെയാണ് അതിന് കാരണം. എഴുതുന്ന ഒരു വരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പ്രൊപ്പഗാണ്ട എന്ന വിളിപ്പേര് ലഭിച്ചേക്കാവുന്ന ആശയത്തെ അതിവിദഗ്ധമായി അവതരിപ്പിച്ചിട്ടുണ്ട് ബി. ഉണ്ണിക്കൃഷ്ണൻ.
ബാലചന്ദ്രമേനോൻ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി കെ.എൻ. വർഗീസ്, ഇദ്ദേഹത്തിന്റെ മകൻ ജോൺ വർഗീസ് എന്നിവരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരികമായ ബന്ധമാണ് രാഷ്ട്രീയത്തിനപ്പുറത്തേക്ക് ചിത്രത്തെ എത്തിക്കുന്നത്. രാഷ്ട്രീയത്തിൽ വ്യക്തികളില്ല, പ്രതിഛായകൾ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി വർഗീസിനെ ബാലചന്ദ്ര മേനോൻ ഗംഭീരമാക്കിയിട്ടുണ്ട്. അതേസമയം ഈ കഥാപാത്രത്തിന്റെ മോശം വശങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഐടി രംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്ക് അവിചാരിതമായി വരുന്ന ജോൺ വർഗീസ് എന്ന കഥാപാത്രം നിവിൻ പോളിയുടെ ഉജ്ജ്വലമാക്കി. സർവം മായ എന്ന ചിത്രത്തിൽനിന്ന് വ്യത്യസ്തനായ മറ്റൊരു നിവിൻ പോളിയെ പ്രതിഛായയിൽ കാണാം. മാസും ഇമോഷനും ഒരേപോലെ കയ്യടക്കത്തോടെ അദ്ദേഹം കൈകാര്യം ചെയ്ത് വിജയിപ്പിച്ചിട്ടുണ്ട്.
മറ്റ് കഥാപാത്രങ്ങളിലേക്ക് വന്നാൽ നിഷാന്ത് സാഗറിൽനിന്ന് തുടങ്ങാം. പലതരം വൈകാരിക തലങ്ങളിലൂടെ കടന്നുപോകുന്ന ടോബി എന്ന എം.പിയുടെ വേഷം നിഷാന്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. പുരുഷോത്തമൻ എന്ന രാഷ്ട്രീയക്കാരൻ ഹരിശ്രീ അശോകൻ ഇന്നേവരെ ചെയ്തതിൽ ഏറ്റവും വ്യത്യസ്തമായത് എന്ന് നിസ്സംശയം പറയാം. അന്നമ്മയായി എത്തിയ സബിതയ്ക്കും കയ്യടി നൽകാം. അമ്പരപ്പിക്കുന്ന മറ്റൊരു പ്രകടനം നടത്തിയത് ഷറഫുദ്ദീനാണ്. എടുപ്പിലും നടപ്പിലും രവി മാധവനെ ഷറഫുദ്ദീൻ മികവുറ്റതാക്കി. വിജിത വിജയകുമാർ, ആൻ അഗസ്റ്റിൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, സായ് കുമാർ, വൈശാഖ് ശങ്കർ, മേഘ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് എന്നിവരും കഥാപാത്രങ്ങളോട് നീതിപുലർത്തി.
ചന്ദ്രു സെൽവരാജിന്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചിത്രത്തിന് മുതൽക്കൂട്ടാണ്. രാഷ്ട്രീയവും അതിനപ്പുറം കുടുംബബന്ധങ്ങളും വൈകാരികതയും നിറഞ്ഞ ചിത്രം കാണാനാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കിൽ പ്രതിഛായയ്ക്ക് ടിക്കറ്റെടുക്കാം. അവതരണശൈലികൊണ്ടും താരപ്രകടനങ്ങൾകൊണ്ടും ദൃശ്യഗാംഭീര്യം നിറഞ്ഞ ചിത്രമാണ് പ്രതിഛായ.
Content Highlights: Prathichaya is a meticulously crafted political thriller directed by B. Unnikrishnan, featuring a powerful father-son dynamic between Balachandra Menon and Nivin Pauly amidst a high-stakes conspiracy involving the Chief Minister's office.