പ്രണയത്തിൻ്റെ ചിറകിലേറി പറന്നുയരാനുള്ള യാത്ര, ചിരി മാത്രമല്ല ഈ 'പാലും പഴവും' | REVIEW

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

ചിരിയും ചിന്തയുമായി ഒരു വി.കെ. പ്രകാശ് ചിത്രം, അതാണ് 'പാലും പഴവും'. മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് നിർവഹിക്കുന്നത്. 

33-കാരിയായ സുമിത്രയുടേയും 23-കാരനായ സുനിലിന്റെയും മനോഹരമായ പ്രണയമാണ് ചിത്രത്തിൻ്റെ പ്രമേയം. ഇരുവരുടേയും  പ്രണയകഥ രസച്ചരടിൽ കോർത്ത് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. സൗഹൃദവും സമൂഹത്തിൻ്റെ ചൂഴ്ന്നുനോട്ടവുമൊക്കെ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളാണെന്ന് പറയാം. 

കുടുംബത്തിനായി സ്വന്തം സ്വപ്നം ത്യജിക്കേണ്ടിവന്ന ഒരുപാട് സ്ത്രീകളുടെ പ്രതീകമാണ് സുമിത്ര. സ്വന്തമായി കഷ്ടപ്പെട്ടുനേടിയ ജോലിക്ക് പ്രവേശിക്കാൻ പോലും സാഹചര്യങ്ങൾ അവളെ അനുവദിക്കുന്നില്ല. മീരാ ജാസ്മിനാണ് സുമിത്രയായി വേഷമിട്ടിരിക്കുന്നത്. പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന സുമിത്രയുടെ ജീവിതത്തിലേയ്ക്ക് സുനിലിന്റെ കടന്നുവരവ്. പിന്നാലെയുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. 

പഠിത്തത്തിൽ ഉഴപ്പനായ യാതൊരു ലക്ഷ്യവുമില്ലാത്ത ചെറുപ്പക്കാരനാണ് സുനിൽ. ചില തെറ്റിദ്ധാരണകളാണ് സുനിലിനേയും സുമിത്രയേയും കൂട്ടിമുട്ടിക്കുന്നത്. ആ കൂടിച്ചേരലിലേയ്ക്കുള്ള മനോഹരമായ, തമാശകൾ നിറഞ്ഞ യാത്രയാണ് ചിത്രം. അശ്വിൻ ജോസാണ് സുനിലായി വേഷമിട്ടിരിക്കുന്നത്. 

രണ്ടുപേരുടേയും കഥ രണ്ട് ട്രാക്കുകളിൽ തുടങ്ങി മെല്ലെ ഒന്നാകുന്ന അവതരണ രീതിയാണ് സംവിധായകൻ ഉപയോ​ഗിച്ചിരിക്കുന്നത്. 2016 ആണ് ചിത്രത്തിൻ്റെ കഥാപരിസരത്തിൽ ഏറെയും. വ്യത്യസ്തമായ വേറെയും കാലഘട്ടങ്ങൾ ചിത്രത്തിൽ വന്നുപോകുന്നുണ്ട്. കുറെയേറെ ചിരിപ്പിക്കുന്ന ചിത്രം കുറച്ചധികം ചിന്തിപ്പിക്കുന്നുമുണ്ട്. 

ശക്തമായ രാഷ്ട്രീയത്തിൻ്റെ രുചിയും പാലും പഴവുമെന്ന ചിത്രത്തിനുണ്ട്. തങ്ങളുടെ പ്രായവ്യത്യാസത്തെ സമൂഹം ഒന്നാകെ ചിരിയോടെ കാണുമ്പോൾ അതിന് ഇരുവരും നൽകുന്ന മറുപടികൾ പ്രതീക്ഷ പകരുന്നുണ്ട്. പല പൊളിച്ചെഴുത്തലുകളും അനിവാര്യമാണെന്നും ചിത്രം സമൂഹത്തോട് പറയുന്നുണ്ട്. തങ്ങളുടെ പ്രണയത്തിൻ്റെ ചിറകിലേറി പറന്നുയരാൻ ആ​ഗ്രഹിക്കുന്ന ഇരുവരുടേയും യാത്ര കൂടിയാണ് ചിത്രം. 

അശ്വിനും മീരാ ജാസ്മിനും തങ്ങളുടെ കഥാപാത്രങ്ങൾ ഭം​ഗിയാക്കി. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു,  നിഷ സാരംഗ്,  മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ,  ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ്  തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ് എന്നിവരുടേതാണ് സം​ഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നു. ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 

Content Highlights: meera jasmine aswin jose movie palum pazhavum review