'മന്ദാകിനി' ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍|Mariyam Vannu Vilakkoothi Review

നവാഗതനായ ജെനിത് കാച്ചപ്പള്ളിയുടെ 'മറിയം വന്ന് വിളക്കൂതി' എന്ന ചിത്രം പേരു സൂചിപിക്കും പോലെ തന്നെ വ്യത്യസ്തമായ ചിത്രമാണ്. ഒരു അസംബന്ധ നാടകം പോലെ അവതരിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ മുക്കാൽ പങ്കും ഒരു വീടിനകത്താണ് സംഭവിക്കുന്നത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ഒത്തുകൂടുന്ന അഞ്ചു യുവാക്കളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ഉമ്മൻ, റോണി, ബാലു, അഡ്ഡു, നമ്പൂതിരി -ഒരേ ഓഫീസിലാണ് ഇവർ ജോലി ചെയ്യുന്നത്. നമ്പൂതിരിയുടെ ജന്മദിനം ആഘോഷിക്കാനായി ഇവർ നമ്പൂതിരി പെയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ ഒത്തുചേരുന്നു. ജന്മദിനാഘോഷത്തിന് 'മന്ദാകിനി' എന്നു വിളിപ്പേരുള്ള വിദേശ ലഹരിവസ്തുവുമായാണ് റോണി എത്തുന്നത്.
നമ്പൂതിരി ഒഴികെയുള്ളവരാണ് മന്ദാകിനി വലിക്കുന്നതെങ്കിലും 'കിളി പോവുന്നത്' എല്ലാവർക്കുമാണ്. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അത് തീർക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന കൂടുതൽ വലിയ പ്രശ്നങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്.
'ഇതിഹാസ' നിർമാതാവ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മുതൽ പരീക്ഷണങ്ങളുടെ മേളയാണ്. ചിലയിടങ്ങളിൽ പ്രേക്ഷകർക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെങ്കിലും പരിമിതമായ ലൊക്കേഷനിൽ, നർമത്തിന്റെ മേമ്പൊടിയോടെ ചിത്രം മുന്നോട്ട് കൊണ്ടുപോകാൻ സംവിധായകന് സാധിക്കുന്നുണ്ട്. പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും ഇവിടെ ചിത്രത്തിന് തുണയായി.
സിജു വിൽസൺ, കൃഷ്ണകുമാർ, ശബരീഷ് വർമ, അൽത്താഫ് സലീം, ഷിയാസ് എന്നിവരാണ് സുഹൃദ്സംഘമായെത്തുന്നത്. സേതുലക്ഷ്മി റിട്ടയേഡ് ഹെഡ്മിസ്ട്രസ് മറിയാമ്മ ജോർജായി എത്തുന്നു. സിദ്ധാർത്ഥ് ശിവ, ബൈജു, ബേസിൽ ജോസഫ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
സിനോജ് പി. അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അപ്പു എൻ. ഭട്ടതിരിയാണ് എഡിറ്റിങ്. വസിം, മുരളി എന്നിവരുടേതാണ് സംഗീതം. എആർകെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് 'മറിയം വന്ന് വിളക്കൂതി' നിർമിച്ചിരിക്കുന്നത്.
Content Highlights : mariyam vannu vilakkoothi malayalam movie review jenith kachappally
Content Highlights: