ആരെയും മോഹിപ്പിക്കും മഞ്ഞലോഹം, അതുതേടി കുറേ മനുഷ്യര്‍; വെട്ടിത്തിളങ്ങും ഈ 'കാസര്‍ഗോള്‍ഡ്'

സ്വര്‍ണംപോലെ മനുഷ്യനെ ഇത്രയേറെ മോഹിപ്പിക്കുന്ന മറ്റൊരു ലോഹമില്ല. എത്രയോ യുദ്ധങ്ങള്‍ തന്നെ സ്വര്‍ണത്തിന്റെ പേരില്‍ പല കാലങ്ങളിലായി നടന്നിരിക്കുന്നു. രീതിയും സ്വഭാവവും മാറി ഇപ്പോഴും സ്വര്‍ണത്തിനെച്ചൊല്ലിയുള്ള പോരാട്ടങ്ങളും സംഘര്‍ഷവും ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ഒരു സംഭവത്തേക്കുറിച്ചാണ് യുവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ മൃദുല്‍ നായര്‍ ഒരുക്കിയ 'കാസര്‍ഗോള്‍ഡ്' എന്ന ചിത്രം. പേരുസൂചിപ്പിക്കുന്നതുപോലെ സ്വര്‍ണമാണ് സിനിമയിലെ പ്രധാനകഥാപാത്രം.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എന്ന ടാഗോടെ പല ചിത്രങ്ങളും മലയാളത്തില്‍ വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടിയാണ് 'കാസര്‍ഗോള്‍ഡും'. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്താണ് ചിത്രത്തിന്റെ പ്രമേയം. സ്വര്‍ണം എവിടെനിന്ന്, ഏതുരീതിയില്‍ കേരളത്തിലെത്തുന്നു? ആ സ്വര്‍ണത്തിന് പിന്നീടെന്ത് സംഭവിക്കുന്നു എന്ന രീതിയില്‍ വെള്ളിത്തിരയില്‍പ്പോലും മുമ്പ് കാണാത്ത രീതിയിലുള്ള സംഭവങ്ങളാണ് 'കാസര്‍ഗോള്‍ഡി'ലൂടെ മൃദുലും സംഘവും കാട്ടിത്തരുന്നത്. പുതിയ തലമുറ എങ്ങനെ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും അവരുടെ ഭാവി ഒരുപക്ഷേ എന്താകുമെന്നും ഏതൊക്കെ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുമെന്നുമെല്ലാമാണ് ആകെത്തുക.
ആല്‍ബി, ഫൈസി എന്നീ ചെറുപ്പക്കാര്‍ ഒരു സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുന്നതും ഇതിനുപിന്നാലെ ഇരുവര്‍ക്കും നേരിടേണ്ടിവരുന്ന അത്യധികം അപകടകരമായ സന്ദര്‍ഭങ്ങളുമാണ് 'കാസര്‍ഗോള്‍ഡി'നെ സജീവമാക്കുന്നത്. സിനിമ തുടങ്ങി അധികം വളച്ചുകെട്ടില്ലാതെ തന്നെ ചിത്രം പ്രധാനവിഷയത്തിലേക്ക് കടക്കുന്നുണ്ട്. പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളിലൂടെ സ്വര്‍ണക്കടത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന അധോലോകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാമായിരിക്കും എന്നാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. ആദ്യരംഗത്തിന് പിന്നാലെ അക്ഷരാര്‍ത്ഥത്തില്‍ ഒരു അഡ്വഞ്ചര്‍ റൈഡിന് തന്നെയാണ് ആസ്വാദകര്‍ സാക്ഷ്യം വഹിക്കുന്നത്. വികാരഭരിതമായ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം സാഹസികതയും ആക്ഷനും ആകാംക്ഷയുമെല്ലാം സമാസമം ചേര്‍ക്കുന്നതില്‍ സംവിധായകന്‍ മൃദുല്‍ നായര്‍ വിജയിച്ചിട്ടുണ്ട്. ലളിതമായ സംഭാഷണങ്ങളിലൂടെ കഥാപാത്രം അനുഭവിക്കുന്ന അല്ലെങ്കില്‍ അയാള്‍ കടന്നുപോകുന്ന ജീവിതഘട്ടം പ്രേക്ഷകരുമായി കൂട്ടിയോജിപ്പിക്കാനാണ് 'കാസര്‍ഗോള്‍ഡി'ന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുള്ളത്. ഇതിനുദാഹരണമാണ് മൂന്ന് പ്രധാനകഥാപാത്രങ്ങളുടേയും അവതരണം.
സ്വര്‍ണക്കടത്ത് പ്രമേയമായി മുമ്പും സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും 'കാസര്‍ഗോള്‍ഡി'നെ വ്യത്യസ്തമാക്കുന്നത് നമ്മള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വാര്‍ത്തകളിലും മറ്റും കണ്ടിട്ടുള്ള സംഭവങ്ങളെ കണ്‍മുന്നില്‍ കാണാം എന്നുള്ളിടത്താണ്. പ്രതികാരത്തില്‍ നിന്നുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തെത്തിക്കുന്ന രീതികള്‍, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്ഥിരം കേള്‍ക്കുന്ന കേരളഗ്രാമങ്ങള്‍ തുടങ്ങി ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള പരമാവധി വിഷയങ്ങള്‍ ഏച്ചുകെട്ടലില്ലാതെ അവതരിപ്പിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളിലേക്കുവന്നാല്‍ ക്ഷുഭിതനായ ആല്‍ബിയായി ആസിഫ് അലിയെത്തുന്നു. ജീവിതത്തില്‍ ഒന്നും ആവാനായിട്ടില്ല എന്നുള്ള തോന്നല്‍ പലപ്പോഴും ഈ കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലും പ്രവൃത്തിയിലും കാണാം. നിസ്സഹായതയുടെ പ്രതിരൂപമാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന ഫൈസി. ജീവിതസാഹചര്യങ്ങളാണ് അയാളെ സ്വര്‍ണക്കടത്തിലേക്കെത്തിക്കുന്നത്. കുടിലതയുടേയും ക്രൂരതയുടേയും പര്യായമാണ് വിനായകന്റെ അലക്‌സ്. സ്വന്തം രക്തം ദാനം ചെയ്യുകയാണെങ്കിലും പാര്‍ട്ടിയുടെ ആജ്ഞ നടപ്പിലാക്കുകയാണെങ്കിലും കുടിലത ഒളിപ്പിച്ചുവെച്ച പാര്‍ട്ടി സെക്രട്ടറിയായി പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഗംഭീര പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. 'ന്നാ താന്‍ കേസ് കൊട്'ലെ ജഡ്ജില്‍ നിന്ന് 'കാസര്‍ഗോള്‍ഡി'ലെ നേതാവായെത്തുമ്പോള്‍ കുഞ്ഞിക്കൃഷ്ണനിലെ അഭിനേതാവിന്റെ മാറ്റ് കൂടുന്നുണ്ട്. സിദ്ദിഖ്, അഭിറാം, ദീപക് പറമ്പോല്‍, ധ്രുവന്‍ തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അര്‍ഹതയില്ലാത്തതിന് ആഗ്രഹിക്കരുതെന്നും അത്യാര്‍ത്തി ഒരിക്കലുംപാടില്ലെന്നുമുള്ള സന്ദേശമാണ് ചിത്രം നല്‍കുന്നത്. താരങ്ങളുടെ മികച്ച പ്രകടനവും സത്യസന്ധമായ പ്രമേയവും കാണണമെന്നുണ്ടെങ്കില്‍ ടിക്കറ്റെടുക്കാം 'കാസര്‍ഗോള്‍ഡി'ന്.
Content Highlights: kasargold movie review, kasargold first day first review, asif ali, sunny wayne and vinayakan