ധർമസങ്കടങ്ങളുടെ ചിറകിൽ രണ്ടുപേർ, ഫീൽഗുഡ് 'കനകരാജ്യം' | REVIEW

ഒരാളുടെ ഉയർച്ചകൊണ്ടുണ്ടാവുന്നത് ചിലപ്പോൾ മറ്റൊരാളുടെ താഴ്ചയായിരിക്കും. ആ താഴ്ചയുടെ അനന്തരഫലം രണ്ടുപേരും ഒരേ തീക്ഷ്ണതയിൽ അനുഭവിച്ചാലോ? അതാണ് സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കനകരാജ്യം' എന്ന ചിത്രം സംസാരിക്കുന്നത്. ജീവിതത്തിന്റെ രണ്ട് തലങ്ങളിലുള്ള രണ്ട് വ്യക്തികൾ ഒരേ സംഭവത്തിന് ഇരകളാവുന്നതെങ്ങനെയെന്നാണ് ചിത്രം ആത്യന്തികമായി ചർച്ച ചെയ്യുന്നത്.
ഭാര്യയും മകളും അടങ്ങുന്ന കൊച്ചുകുടുംബമാണ് ജ്വല്ലറി സെക്യൂരിറ്റിയായ രാമനാഥന്. വിമുക്ത ഭടനായ രാമനാഥനേക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് മനസമാധാനത്തോടെ ജീവിക്കുന്ന രാമനാഥനിൽനിന്ന് വ്യത്യസ്തനാണ് വേണു. എന്തുകിട്ടിയാലും തികയാത്ത, കടത്തിൽ മൂക്കറ്റം മുങ്ങി ഇനി എന്തുചെയ്യണമെന്നറിയാത്തയാളാണ് വേണു. അച്ഛനുണ്ടാക്കിവെച്ച സൽപ്പേര് മാത്രമേ അയാൾക്ക് ബാക്കിയുള്ളൂ. വിറ്റാൽ പണം കിട്ടാത്തതുകൊണ്ട് അതുമാത്രം വിറ്റിട്ടില്ല അയാൾ. ഈ രണ്ട് വ്യക്തികളുടെ ജീവിതം സമാന്തരമായി പറയുകയാണ് കനകരാജ്യത്തിലൂടെ സാഗർ.
കൃത്യമായ താളം നിലനിർത്തിക്കൊണ്ടാണ് കഥ മുന്നോട്ടുപോകുന്നത്. രാമനാഥന്റെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിതമായ ഒരു സംഭവമാണ് ചിത്രത്തിന്റെ കാതൽ. വേണമെങ്കിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് മാറ്റിയെടുക്കാൻ കഴിയുമായിരുന്നിട്ടും വഴിമാറി നടക്കുകയാണ് സംവിധായകൻ. ഈ സംഭവത്തിനുശേഷം രാമനാഥന്റെ ജീവിതത്തിൽ എന്തുമാറ്റം വരുത്തി എന്നാണ് കനകരാജ്യം എന്ന ചിത്രം പറയുന്നത്. പ്രധാന കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലൂന്നിയാണ് പിന്നീടുള്ള കഥയുടെ സഞ്ചാരം.
സെക്യൂരിറ്റി രാമനാഥനായി ഗംഭീര പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ചവെച്ചിരിക്കുന്നത്. ഇത്തരം നിഷ്കളങ്ക-റിയലിസ്റ്റിക് കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള തന്റെ കഴിവ് അദ്ദേഹം വീണ്ടും തെളിയിക്കുന്നു. സ്ഥിരം പരുക്കൻ റോളുകളിൽനിന്ന് മാറിയുള്ള സഞ്ചാരം തന്നെയായിരുന്നു വേണുവിലൂടെ മുരളി ഗോപി ചെയ്തത്. കടംകൊണ്ട് പൊറുതിമുട്ടിയ, നിസ്സഹായതയുടേയും ഭയത്തിന്റെയും ആൾരൂപമായ വേണു മുരളി ഗോപിയിൽ ഭദ്രമായിരുന്നു. രാജേഷ് ശർമ, ലിയോണ ലിഷോയ് എന്നിവരുടെ പ്രകടനങ്ങളും കയ്യടിയർഹിക്കുന്നു.
ജെയിംസ് ഏലിയ, ഉണ്ണി രാജ, ആതിര പട്ടേൽ, ശ്രീജിത്ത് രവി, രമ്യ സുരേഷ്, ജോളി ചിറയത്ത്, ദിനേഷ് പ്രഭാകർ, കോട്ടയം രമേഷ് എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. കുടുംബപശ്ചാത്തലത്തിൽ കഥ പറയുന്ന ഫീൽ ഗുഡ് ചിത്രം കാണാൻ താത്പര്യമുണ്ടെങ്കിൽ കനകരാജ്യത്തിന് ടിക്കറ്റെടുക്കാം.
Content Highlights: indrans murali gopi movie kanakarajyam review