'ആത്മവിമർശനത്തിന് തയ്യാറാകണം'; 'അമ്മ' യോഗത്തിൽ മോഹൻലാൽ പ്രസംഗിച്ചതിന്റെ പൊരുൾ പറഞ്ഞ് VK ശ്രീരാമൻ

#Movie Desk
മോഹൻലാൽ, വി.കെ. ശ്രീരാമൻ | Photos: Mathrubhumi
മോഹൻലാൽ, വി.കെ. ശ്രീരാമൻ | Photos: Mathrubhumi

വിവാദങ്ങളാലും പൊട്ടിത്തെറികളാലും സമ്പന്നമായിരുന്നു കഴിഞ്ഞ ഞായറാഴ്ച നടന്ന താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം. ഭരണസമിതി ഒന്നടങ്കം രാജി വെക്കുകയും ഭരണം അഡ്‌ഹോക് കമ്മിറ്റി ഏറ്റെടുക്കുകയും പിന്നീട് പല താരങ്ങളും സംഘടനയിൽ നിന്ന് പ്രാഥമികാംഗത്വം വരെ രാജിവെക്കുകയുമെല്ലാം ഈ ദിവസങ്ങളിൽ കണ്ടു. പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്താലും ജനറൽ ബോഡി യോഗം ശ്രദ്ധേയമായിരുന്നു. മോഹൻലാൽ മാത്രമാണ് യോഗത്തിൽ പങ്കെടുത്ത മുൻനിര താരം. ഇപ്പോഴിതാ, യോഗത്തിൽ മോഹൻലാൽ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുകയാണ് നടൻ വി.കെ. ശ്രീരാമൻ.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാലിന്റെ പ്രസംഗത്തിന്റെ 'പൊരുൾ' അദ്ദേഹം വെളിപ്പെടുത്തിയത്. ആത്മവിമർശനത്തിന് തയ്യാറാകണമെന്നും സ്വയം തിരുത്താനും കൂടുതൽ നല്ല മനുഷ്യരാകാനും നമുക്ക് കഴിയണമെന്നുമാണ് മോഹൻലാൽ പ്രസംഗത്തിൽ പറഞ്ഞ പ്രധാന കാര്യം. 'അമ്മ' പൊലൊരു സംഘടന മറ്റ് ഭാഷകളിലൊന്നുമില്ലെന്നും മോഹൻലാൽ പറഞ്ഞതായി ശ്രീരാമൻ പറയുന്നു.

'അമ്മ' രൂപവത്കരിക്കുമ്പോൾ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാകുന്ന ജീവകാരുണ്യസ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ ആ ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടുണ്ട്. ഞാൻ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണ് നിറയാറുണ്ട്; കാരണം കൂടെ അഭിനയിച്ച പലരും ഇപ്പോൾ നമ്മോടൊപ്പം ഇല്ല -മോഹൻലാൽ പറഞ്ഞതായി വി.കെ. ശ്രീരാമൻ കുറിച്ചു.

പ്രസംഗം ഓർമയിൽ നിന്ന് എടുത്തെഴുതിയതാണെന്നും വാക്കുകൾ മാറിപ്പോയിട്ടുണ്ടാകാമെങ്കിലും പൊരുൾ ഇതാണെന്നും ശ്രീരാമൻ കൂട്ടിച്ചേർത്തു. വേദിയിൽ പ്രസംഗിക്കുന്ന മോഹൻലാലിന്റെ ചിത്രവും വി.കെ. ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ ഒപ്പം ചേർത്തിരുന്നു.

വി.കെ. ശ്രീരാമന്റെ കുറിപ്പ്

മുപ്പത് വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്.

ജീവിതം മുന്നോട്ടു കൊണ്ടു പോവ്വാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോൾ.

മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല.

ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല.

നാം ആത്മ വിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം.

ആ പ്രസംഗം ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണ്.

വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാം

പക്ഷെ, പൊരുളിതാണ്.

Content Highlights: Actor V.K. Sreeraman shared insights from Mohanlal's emotional speech at the AMMA general body meeting. Mohanlal emphasized self-criticism, correcting mistakes, and the primary charitable goals of supporting vulnerable actors in the industry.